റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന് തലവേദന സമ്മാനിച്ച് സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര് ഗ്രൂപ്പ്.
പ്രസിഡന്റ് വ്ളാദിമിര് പുടിനെതിരേ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര് ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷി പ്രഖ്യാപിച്ചു.
യുക്രൈന് യുദ്ധത്തില് റഷ്യക്ക് വേണ്ടി നിര്ണായക ഇടപെടല് നടത്തിയ സ്വകാര്യ സേനയാണ് വാഗ്നര് ഗ്രൂപ്പ്.
ദക്ഷിണ റഷ്യയിലെ റൊസ്തോവ്-ഓണ്-ഡോണിലെ സൈനിക കേന്ദ്രങ്ങള് തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോഷി വീഡിയോയിലൂടെ അവകാശപ്പെട്ടത്.
യുക്രൈനില് നിന്ന് റഷ്യയിലേക്കു കടന്നെന്നും മരിക്കാന് തയാറായാണ് ആയിരക്കണക്കിന് പോരാളികള് എത്തിയിരിക്കുന്നതെന്നും പ്രിഗോഷി അറിയിച്ചു.
വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്നര് സേന അവകാശപ്പെടുന്നത്.
അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്, പ്രിഗോഷി രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു.
ഇയാള്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. കുറ്റകൃത്യങ്ങള് ചെയ്യുന്നവര് അത് അവസാനിപ്പിക്കണം. പാശ്ചാത്യരുടെ മുഴുവന് സൈനിക, സാമ്പത്തിക, യന്ത്രങ്ങളും നമുക്കെതിരെ പ്രവര്ത്തിക്കുകയാണ്. ഇത്തരമൊരു സമയത്ത് ഒരു സായുധ കലാപം റഷ്യക്ക് ഒരു പ്രഹരമാണെന്നും പുടിന് വ്യക്തമാക്കി.
സൈനിക കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില് മോസ്കോ അടക്കമുള്ള പ്രധാന നഗരങ്ങളില് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ സൈന്യത്തിന് നേര്ക്ക് റഷ്യന് സൈന്യം മിസൈല് ആക്രമണം നടത്തിയെന്ന് കഴിഞ്ഞദിവസം പ്രിഗോഷി ആരോപിച്ചിരുന്നു.
ഇതിന് റഷ്യ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള് ആരംഭിച്ചത്.
യുക്രൈന് യുദ്ധത്തില് റഷ്യയ്ക്ക് വേണ്ടി നിര്ണായക ഇടപെടല് നടത്തിയ വാഗ്നര് ഗ്രൂപ്പ്, ബാഖ്മുത് അടക്കമുള്ള യുക്രൈന് നഗരങ്ങള് പിടിച്ചെടുത്തിരുന്നു.
മുമ്പ് റഷ്യന് പ്രസിഡന്റ് പുടിന്റെ അനുയായിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ആളാണ് പ്രിഗോഷി. യുക്രൈനില് പല നിര്ണായക മുന്നേറ്റങ്ങള്ക്കും ചുക്കാന് പിടിച്ചതും വാഗ്നര് ഗ്രൂപ്പായിരുന്നു.
എന്നിരുന്നാലും റഷ്യയുടെ സൈനിക നേതൃത്വവും വാഗ്നര് ഗ്രൂപ്പും തമ്മില് നിരന്തരം പ്രശ്നങ്ങള് ഉണ്ടായിരുന്നു.
ഇതേത്തുടര്ന്ന് യുക്രൈനില് സ്വതന്ത്രമായി ഇടപെടലുകള് നടത്താനും വാഗ്നര് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്ച്ചയാണ് ഇപ്പോള് നടക്കുന്ന സംഭവ വികാസങ്ങള്.