നിലന്പൂർ: സമീപകാലത്ത് പെട്രോൾ പന്പുകളിലുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ നിലന്പൂർ നഗരത്തിലെ പെട്രോൾ പന്പുകളിൽ ഫയർ സർവീസ് അഗ്നി സുരക്ഷാ പരിശോധന നടത്തി. ഇന്നലെ പതിനോടെയാണ് പരിശോധന ആരംഭിച്ചത്.
കാലപ്പഴക്കവും കേടുപാടുകളും മൂലവും പ്രവർത്തന യോഗ്യമല്ലാത്ത അഗ്നിശമന ഉപകരണങ്ങളാണ് ചില പന്പുകളിൽ കാണാനായത്. മിക്കയിടങ്ങളിലും ജീവനക്കാർക്ക് ഇവ ഉപയോഗിച്ച് തീയണയ്ക്കുന്നതിനുള്ള അടിസ്ഥാന ജ്ഞാനം പോലുമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫീസർ എം.എ.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി പരിശീലനം നൽകി.
പോരായ്മകൾ പരിഹരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. പരിശോധനക്കും പരിശീലനത്തിനും സ്റ്റേഷൻ ഓഫീസർ എം.എ.അബ്ദുൽ ഗഫൂർ, ഗ്രേഡ് ഡി.എം.എൽ. ഗോപാലകൃഷ്ണൻ, ഫയർമാൻ വി.യു.റുമേഷ്,ടി.അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി. നിലന്പുർ ഫയർ സ്റ്റേഷൻ പരിധിയിലെ മുഴുവൻ പന്പുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും.