സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ.
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന പരീക്ഷാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ സുബ്ബറാവു എന്നയാളാണ് പിടിയിലായത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ റെയിൽവേ പോലീസ് ഫോഴ്സിന് കൈമാറും.
ചലോ സെക്കന്തരാബാദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ഇവിടെ എത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീവയ്ക്കുകയും റെയിൽവേ സ്റ്റേഷനിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.