സ്വന്തം ലേഖകന്‍
കോഴിക്കോട്: വീടിനുള്ളില്‍ നിന്ന് എന്നും ഭീതിജനകമായ ശബ്ദം കേട്ടാലോ… ഉറക്കം നഷ്ടപ്പെടുന്നതോ പോട്ടെ.. ആ വീട്ടില്‍ ആളുകള്‍ താമസിക്കാന്‍ തയ്യാറാകുമോ…
അത്തരമൊരു അവസ്ഥയിലാണ് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവും.
പ്രേതബാധയുമൊന്നുമല്ല വിഷയം. പൈലിംഗ് നടത്തുന്നതുപോലുള്ള ഇടിമുഴക്കമാണ് ഭൂമിക്കടിയില്‍ നിന്നും കേള്‍ക്കുന്നത്.
ഇടവിട്ട് അരമണിക്കൂറോളം ശബ്ദമുണ്ടാകും. തൊട്ടടുത്ത വീടുകളിലും പ്രദേശങ്ങളിലൊന്നും ഇത്തരത്തില്‍ ശബ്ദമില്ല. ഇതോടെ ബിജുവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഭീതിയിലായി.
തറയുടെ അടിയില്‍ എന്തോ കുഴിക്കുന്നതുപോലെയാണ് പലപ്പോഴും അനുഭവപ്പെടുകയെന്നു ബിജു പറയുന്നു. കാതടപ്പിക്കുന്ന വലിയ മുഴക്കമാണ് ചിലപ്പോള്‍ അനുഭവപ്പെടുക.
ബിജു നല്കിയ പരാതിയെ തുടര്‍ന്നു വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
ഉദ്യോഗസ്ഥരും വീടിനുള്ളില്‍ കയറിയതോടെ ശബ്ദം അനുഭവിച്ചറിഞ്ഞു.
തുടര്‍ അന്വേഷണത്തിനായി ശബ്ദം റിക്കാര്‍ഡ് ചെയ്തു. ശബ്ദം ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലിന് കൈമാറുമെന്ന് സ്റ്റേഷന് ഓഫീസര്‍ അറിയിച്ചു.
ഇന്നുതന്നെ ജില്ലാകളക്ടറുടെ അനുമതി തേടും. അതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍. വീട് നിര്‍മാണത്തിലെ അപാകതയാണോ എന്ന കാര്യവും പരിശോധിക്കും.