വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി മാത്യൂസിനെ നയിച്ചത്. വിപണിയിലെ പച്ചക്കറികളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും മായവും വിഷാംശവും ഉണ്ടെന്ന തിരിച്ചറിവും ഇതിനു പ്രേരകമായി. ഉത്പാദനവർധനവും സുസ്ഥിര വരുമാനവും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് പ്രവാസിയായ തമ്പി മാത്യൂസ് അഞ്ചുവർഷം മുമ്പ് അക്വാപോണിക്സ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ട് കൃഷി കൂടുതൽ ശാസ്ത്രീയമാക്കാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഫലം കൃഷിയിടത്തിൽ കാണാനും കഴിയും. ഒരേക്കറിലെ വീട്ടുവളപ്പിൽ തെങ്ങിനും ജാതിക്കും കമുകിനുമാണ് മുഖ്യസ്ഥാനം. വിവിധതരം വാഴകളും ഉണ്ട്. ചെറുപ്പത്തിൽ മീൻവളർത്തലിനോട് ഉണ്ടായിരുന്ന താത്പര്യമാണ് മത്സ്യക്കൃഷി തെരഞ്ഞെടുക്കാൻ പ്രധാനകാരണം. എഫ്എസിടിയിലെ ജീവനക്കാരനായതിനാൽ വളത്തിന്റെയും മറ്റും കാര്യങ്ങൾ പരിചിതമാണ്. 2011 ലാണ് അക്വാപോണിക്സ് കൃഷി തുടങ്ങുന്നത്. ചോറ്റാനിക്കരയിലെ സെക്കൻഡ റി സ്കൂളിൽ പ്രിൻസിപ്പലായി വിരമിച്ച ഭാര്യ റേച്ചലിന്റെ പിന്തുണയും പ്രോത്സാഹനവും ഇതിനുണ്ടായിരുന്നു. വെള്ളത്തിൽ കൃഷി നടത്തുന്ന ഹൈഡ്രോപോണിക്സ് രീതിയിൽ നിന്ന് ചെറിയ വ്യത്യാസങ്ങളുള്ളതാണ് അക്വാപോണിക്സ്. കേരളത്തിൽ അധികം പ്രചാരം നേടാത്ത ഈ കൃഷിക്കായി ആദ്യഘട്ടത്തിൽ ഏഴായിരം രൂപയാണ് മുടക്കിയത്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മീനും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കം. പരിചയക്കുറവും അറിവില്ലായ്മയും മൂലം കൃഷി ആദ്യം നഷ്ടമായിരുന്നു. പിന്നീട് എല്ലാം പഠിച്ച് വീണ്ടും കൃഷി ആരംഭിച്ചു. രണ്ടു ടാങ്കുകളിലാണ് അക്വാപോണിക്സ് കൃഷി. നിലത്തെ ടാങ്കിൽ മീൻ വളർത്തും. ഈ ടാങ്കിന്റെ മുകളിലായാണ് രണ്ടാമത്തെ ടാങ്ക്. ഇതിൽ അരയിഞ്ചിന്റെ മെറ്റലുകൾ നിറച്ച് അതിലാണ് പച്ചക്കറികൾ നടുന്നത്. മണ്ണോ ചകിരിച്ചോറോ മറ്റു വസ്തുക്കളോ മെറ്റലിനൊപ്പം ചേർക്കില്ല. ഈ ടാങ്കിലേക്ക് ഫിഷ് ടാങ്കിൽ നിന്നുള്ള ജലം എപ്പോഴും പമ്പു ചെയ്തുകൊണ്ടിരിക്കും. പച്ചക്കറി ടാങ്കിലെത്തുന്ന വെള്ളം മെറ്റലുകൾ നനച്ച് ടാങ്കിനടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ ഫിഷ് ടാങ്കിൽ തിരിച്ചെത്തുന്നു. മീനുകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മത്സ്യങ്ങളുടെ വിസർജ്യങ്ങളും അടങ്ങിയ ജലം പച്ചക്കറികൾക്ക് വളമായി മാറുന്നതുകൊണ്ട് മറ്റു വളങ്ങളൊന്നും വേണ്ടിവരുന്നില്ല. ചെടികൾക്ക് രോഗകീടബാധകൾ വന്നാൽ ജൈവകീടനാശിനികളാണ് തളിക്കുന്നത്. രാസവളങ്ങളോ കീടനാശിനികളോ തളിച്ചാൽ ഫിഷ് ടാങ്കിലെ വെള്ളം മലിനമാകുന്നതിനാൽ മൽസ്യങ്ങൾ ചത്തുപോകുമെന്ന് തമ്പി മാത്യൂ സ് പറഞ്ഞു. വളരെയേറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള അക്വാപോണിക്സ് രീതി ശാസ്ത്രീയമാക്കാനും തമ്പിക്കു സാധിച്ചു. മൂന്നാമത് ഒരു ടാങ്ക് സ്ഥാപിച്ചാണ് ഈ രൂപമാറ്റം. കളമശേരി വ്യവസായ മേഖലയിൽ എത്തുന്ന ടാങ്കുകൾ ശേഖരിച്ചാണ് അക്വാപോണിക്സ് കൃഷിക്ക് ലഭ്യമാക്കുന്നത്. സമചതുരത്തിലുള്ള നാലു ടാങ്കുകൾ വാങ്ങി അതിൽ ഒരു മീറ്ററിലേറെ ഉയരമുള്ള വേറെ ടാങ്കുകൾ തുല്യഅളവിൽ രണ്ടായി മുറിച്ചെടുത്ത് സ്ഥാപിച്ചാണ് കൃഷിക്കുള്ള ടാങ്കുകൾ ഒരുക്കിയത്. രണ്ടു ടാങ്കുകൾ മുറിച്ച് നാലാക്കിയതിൽ മൂന്നെണ്ണം കൃഷിക്കും മറ്റേത് സബ്ടാങ്ക് നിർമിക്കാനും ഉപയോഗിച്ചു. മീൻ ടാങ്കിൽ കൃത്യമായ അളവിൽ ജലം നിലനിർത്തി അടിയിൽ നിന്ന് ഓവർഫ്ളോ വരുന്നതരത്തിൽ പിവിസി പൈപ്പുകൾ സ്ഥാപിച്ചു കൃഷി ടാങ്കുകളിലേക്ക് കൃത്യമായി ജലം ഒഴുക്കുന്നു. കൃഷി ടാങ്കുകളിലെ ജലം ടാങ്കിനടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ സബ് ടാങ്കിലെത്തുന്നു. ഇവിടെ നിന്നും മോട്ടോറിന്റെ സഹായത്തോടെ ഫിഷ്ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യുന്നു. എപ്പോഴും റൊട്ടേഷൻ നടക്കാവുന്ന രീതിയിലാണ് മോട്ടോറിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കൃഷിടാങ്കിലെ മെറ്റലുകൾ ജലാംശമില്ലാതെ ഉണങ്ങി വരണ്ടാലും ടാങ്കിൽ വെള്ളം നിറഞ്ഞു കിടന്നാലും ചെടികൾ നശിച്ചു പോകും. ഫിഷ് ടാങ്കുകളിൽ 50 നെട്ടറും 120 തിലാപ്പിയ മത്സ്യങ്ങളുമാണ് വളരുന്നത്. അക്വാപോണിക്സ് കൃഷിയോടൊപ്പം ഭാര്യ റേച്ചലിന്റെ നേതൃത്വത്തിൽ ടെറസ് ൃഷിയും സജീവമാണ്. കാറിന്റെ ടയറുകളിൽ മണ്ണ് നിറച്ചാണ് ടെറസിൽ പച്ചക്കറികൾ നട്ടിരിക്കുന്നത്. കൂടാതെ ഗ്രോബാഗുകളിലും പച്ചക്കറികൾ നട്ടിട്ടുണ്ട്. മൽസ്യക്കൃഷിയിൽ നിന്നുള്ള ജലമാണ് പ്രധാനമായും പച്ചക്കറികൾക്ക് നൽകുന്നത്. നെട്ടർ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളോടൊപ്പം അലങ്കാരമത്സ്യങ്ങളെയും വളർ ത്തുന്നു. ആവശ്യം കഴിഞ്ഞുള്ള മീനും പച്ചക്കറികളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്നു. ദിവസവും ഒരു മണിക്കൂറിലധികം സമയം പച്ചക്കറികളോടൊപ്പമാണ് ചെലവഴിക്കുന്നത്. ശുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതോടൊപ്പം ശുദ്ധവായുശ്വസിച്ച് ആരോഗ്യം സംരക്ഷിക്കാൻ കൃഷിയിലൂടെ ഇവർക്ക് സാധിക്കുന്നുണ്ട്. സുഹൃത്ത് ബോബൻ മത്തായിയുടെ നിർദ്ദേശങ്ങളും പുതിയ കൃഷിരീതി പരീക്ഷിക്കാൻ കാരണമായി. വിദേശത്തെ അക്വാപോണിക്സ് കൃഷിരീതികൾ പഠിച്ച മകൻ ജിയോ മാത്യൂസിന്റെ സാങ്കേതിക സഹായങ്ങളോടുകൂടി ഒന്നര മാസം മുമ്പാണ് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി ആരംഭിക്കുന്നത്. സർക്കാർ പിന്തുണയും സഹായവും ഉണ്ടെങ്കിൽ അക്വാപോണിക്സ് കൃഷി കൂടുതൽ ലാഭകരമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തമ്പി മാത്യൂസ്. ഒന്നരവർഷത്തെ പരിശ്രമം കൊണ്ട് ആധുനിക രീതിയിൽ ഒരു ഹൈടെക് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി ഫാം തുടങ്ങാൻ സാധിച്ചതിലുള്ള സന്തോഷവും ഈ കർഷകനുണ്ട്. നൂറ് മീറ്ററിൽ നിർമിച്ച പോളിഹൗസാണ് കൃഷിയിടം. കളകൾ വരാതിരിക്കാൻ തറയിൽ പഴയ ഫ്ളക്സ് ഷീറ്റ് നിരത്തിയിരിക്കുന്നു. ഇതിന് മുകളിൽ പ്രത്യേകം പറഞ്ഞ് നിർമിച്ച എച്ച്ഡിപിഇ ബക്കറ്റുകൾ നിരത്തി അതിലാണ് പച്ചക്കറികൾ നട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള ബക്കറ്റുകളിൽ മുക്കാൽ ഭാഗവും അരയിഞ്ച് കനമുള്ള മെറ്റലുകൾ നിറച്ച് അതിൽ പച്ചക്കറി ചെടികൾ നട്ടു. അക്വാപോണിക്സ് കൃഷിയിൽ കിഴങ്ങു വിളകൾ കൃഷി ചെയ്യാൻ സാധിക്കുകയില്ല. 350 ബക്കറ്റുകളിലായി തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, സലാഡ് വെള്ളരി തുടങ്ങിയവയാണ് വളർന്നു പുഷ്പിച്ചു വരുന്നത്. പോളിഹൗസിന്റെ നാലുവശവും പകുതിയോളം തുറന്നിട്ടിരിക്കുകയാണ്. ഇതിനോടു ചേർന്നാണ് ഫിഷ് ടാങ്കുകളും ഡിജിറ്റൽ സംവിധാനവും ഒരുക്കിയിരിക്കുന്നത്. രണ്ടായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലാണ് മത്സ്യങ്ങൾ വളരുന്നത്. ആയിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ മീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. വലിയടാങ്കിൽ നിന്ന് മീനുകളെ പിടിക്കുന്നതനുസരിച്ച് കുഞ്ഞുങ്ങളെ അതിലേക്ക് നിക്ഷേപിക്കും. ഈ രീതിയിൽ മീൻ വളർത്തിയാൽ വർഷം മുഴുവനും മീൻ ലഭിക്കും. മൂന്നാമത്തെ ടാങ്കിൽ രണ്ടായിരം ലിറ്റർ വെള്ളം കൊള്ളും. ഇത് എയറേഷൻ ടാങ്കായിപ്രവർത്തിക്കുന്നു. മീൻ ടാങ്കുകളിൽ നിന്നുള്ള ജലം എയറേഷൻ ടാങ്കിലെത്തുന്നു. ഇതിൽ നിന്നും പമ്പിംഗ് രീതിയിലാണ് പോളിഹൗസിലെ ബക്കറ്റുകളിൽ മീൻ കുളത്തിലെ ജലമെത്തുന്നത്. ഡിജിറ്റൽ സംവിധാനത്തിൽ ഓരോ ചെടിയുടെയും ചുവട്ടിൽ 40 മിനിറ്റ് ഇടവിട്ട് വെള്ളം എത്തും. ഈ വെള്ളം 15 മിനിട്ടുവരെ ഓരോ ബക്കറ്റിലും നിറഞ്ഞു നിൽക്കും. ചെടികൾ വളരുന്നതോടെ ഇവയുടെ വേരും വളരും. ഇത് ബക്കറ്റിൽ നിറയുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കും. മീൻ ടാങ്കിൽ നിന്നു വരുന്ന ജലത്തിലെ മീനിന്റെ അവശിഷ്ടങ്ങളും മറ്റും ചെടികൾ വലിച്ചെടുത്ത് മെറ്റലിലൂടെ ജലം ശുദ്ധിയായാണ് തിരികെ മീൻകുളത്തിൽ എത്തുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം പ്രത്യേകം ഒരുക്കിയ വാൽവുകളാണ് നിയന്ത്രിക്കുന്നത്. ഇതിനായി തയാറാക്കിയ പ്രോഗ്രാമിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായിട്ടാണ് എല്ലാം നടക്കുന്നത്. വൈദ്യുതി നഷ്ടപ്പെട്ടാൽ ഇൻവെർട്ടറിൽ പ്രവർത്തനം തുടരും. വെള്ളത്തിന്റെ പിഎച്ച് നിയന്ത്രിച്ച് നിർത്തുന്നതോടൊപ്പം അമോണിയ, നൈട്രേറ്റ് തുടങ്ങിയവയുടെ അളവുകൾ പരിശോധിച്ച് ക്രമപ്പെടുത്തുന്നു. ദിവസത്തിൽ രണ്ടുനേരം ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കുന്നതിനാൽ മീനുകൾക്കും ചെടികൾക്കും വളർച്ചയുണ്ട്. തിലാപ്പിയ നാലു മാസം കൊണ്ട് 250 ഗ്രാം വളർച്ച എത്തും. രണ്ടരലക്ഷം രൂപ മുടക്കിയാണ് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി തമ്പി മാത്യൂസ് ആരംഭിച്ചത്. ലാഭ നഷ്ടങ്ങളുടെ കണക്കുകൾ പറയണമെങ്കിൽ ഒരു വർഷം കഴിയണം. അഞ്ചു വർഷത്തെ കൃഷി പരിചരണം കൊണ്ട് നേടിയ അറിവുകളുടെ അടിസ്ഥാനത്തിൽ നഷ്ടം സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് തമ്പി മാത്യുസും കുടുംബാംഗങ്ങളും. ഫോൺ: 9447873676. |