ടോം ജോർജ്
ടെറസിലും പറന്പിൽ വളർ ത്തുന്ന രീതിയിൽ കുരുമുളക് വളർത്താം. കർഷകനു തനി യെ സ്ഥാപിക്കാം. കുരുമുളക് ഒരുവർഷം കൊണ്ടു കായ്ച്ചു തുടങ്ങും. വിളവ് നാലിരട്ടി, വർഷം മുഴുവൻ വിളവെടുക്കാം.
ഡ്രാഗണ്‍ ഫ്രൂട്ട്, വാനില പോലുള്ള കൃഷികളിലും പ്രയോജനപ്പെടുത്താം. പെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്റ് (പിഎഫ്പി) എന്ന സംവിധാനത്തിൽ വളർത്തുന്പോഴാണ് സമൃദ്ധമായ വിളവ് നേരത്തേ ലഭിക്കുന്നത്. ജൈവകർഷകനും വിർഗോ ഇൻഡസ്ട്രീസ് ഉടമയുമായ കോതമംഗലം തട്ടേക്കാട് കുരിശുമൂട്ടിൽ അഡ്വ. ജോബി സെബാസ്റ്റ്യനാണ് ഈ രീതിയുടെ ഉപജ്ഞാതാവ്. പോറസ് കോണ്‍ക്രീറ്റിൽ നിർമിച്ച തൂണുകളാണ് പിഎഫ് പോസ്റ്റുകൾ.
ഇതിന്റെ സുഷിരങ്ങൾകൊണ്ടു നിറഞ്ഞ പരുക്കൻ പ്രതലം വേരുകൾക്ക് പിടിച്ചുകയറുന്നതിനും വെള്ളവും വളവും വലിച്ചെടുക്കുന്നതിനും പര്യാപ്തമാണ്. ഈ കുഴലിനുള്ളിൽ മണ്ണ്, ചാണകപ്പൊടി, ജൈവവളം എന്നിവ മണലോ ചകിരിച്ചോറോ ചേർത്തിളക്കി നിറയ്്ക്കാം. ഇതിനു ശേഷം മണ്ണിൽ കുഴിയെടുത്ത് നാട്ടി ഉറപ്പിക്കുന്നു. പിന്നീട് കുരുമുളകു ചെടിയുടെ കൂടത്തൈകൾ ചാണകപ്പൊടിയും ജൈവവളവും അടിവളമായി ചേർത്ത് പോസ്റ്റിനു സമീപമാണ് നടേണ്ടത്. ആവശ്യത്തിനു ജലസേചനവും തണലിനായി മറയും ആദ്യവർഷം നൽകണം. ഒരു വർഷത്തിനുള്ളിൽ തന്നെ കുരുമുളക് ധാരാളം ശിഖരങ്ങൾ വന്ന് കായ്ച്ചു തുടങ്ങും. സാധാരണ കുരുമുളകു കായ്ക്കാൻ മൂന്നു വർഷം വേണ്ടിടത്താണ് അഡ്വ. ജോബിയുടെ കണ്ടുപിടിത്തത്തിന്റെ പ്രസക്തി. നാലിരട്ടി വിളവും ലഭിക്കുമെന്ന് ജോബിപറയുന്നു.
ടെറസിൽ നടുന്പോൾ ഗ്രോ ബാഗിലോ, പോറസ് കോൺ ക്രീറ്റ് പ്ലാന്റിംഗ് റിംഗിലോ നടാം. പറന്പുകളിൽ രണ്ടുമീറ്റർ ഇടയക ലത്തിൽ 1000 ചുവട് നടുന്ന ഹൈഡെൻസിറ്റി പ്ലാന്റിംഗും നടത്താം.
സവിശേഷതകൾ
ധാരാളം സവിശേഷതകൾ നിറഞ്ഞതാണ് പെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്റ്. മഴ പെയ്യുന്പോഴും മുകളിൽ നിന്നു നനച്ചു കൊടുക്കുന്പോഴും വെള്ളവും വളവും പോസ്റ്റിന്റെ സുഷിരങ്ങളിലൂടെ പുറത്തേക്കു വന്ന് ചെടികളുടെ വേരുകൾക്കു ലഭ്യമാകുന്നതിനാൽ വളർച്ച ഇരട്ടിയിലധികമായി വർധിക്കുന്നു. വേരുകൾ സുഷിരങ്ങളിലൂടെ അകത്തേക്കു ചെന്നും വെള്ളവും വളവും ശേഖരിക്കുന്നു. ഇത്തരത്തിലുള്ള ആധുനിക ഫെർട്ടിഗേഷൻ സംവിധാനത്തിൽ ചുവട്ടിൽ നിന്നു വളം വലിക്കുന്നതിനു പുറമേ ഇടയ്ക്കുള്ള എല്ലാ വേരുകളും വളം വലിക്കുന്നു. വേരുകൾക്ക് ബലമായി പിടിച്ചുകയറുവാൻ പോറസ് കോണ്‍ക്രീറ്റിന്റെ പരുക്കൻ പ്രതലവും സുഷിരങ്ങളും സഹായിക്കുന്നു. പോസ്റ്റിനുള്ളിലെ അന്തരീക്ഷം ചെടികൾക്ക് സമൃദ്ധമായി വായു ലഭ്യമാക്കുന്നു. ഇക്കാരണങ്ങളാൽ വളർച്ച ത്വരിതപ്പെടുന്നു. ചുവടുമുറിഞ്ഞുപോയാൽപ്പോലും ഈ സംവിധാനത്തിൽ ചെടികൾക്ക് കുഴപ്പമെന്നും സംഭവിക്കുന്നില്ല. നഴ്സറി ആവശ്യങ്ങൾക്കായി വള്ളികൾ വളർത്തി മുറിച്ചെടുക്കാനും പിഎഫ്പി പോസ്റ്റ് ഉപയോഗിക്കാം.
ഇടയ്ക്ക് പോസ്റ്റിനു മുകളിൽ ചാണകവും വളവും ഇട്ടുകൊടുക്കാം. പോസ്റ്റുകൾക്കു മുകളിൽ മണ്‍കലം തുളച്ച് തുണിത്തിരി വച്ച് കലത്തിൽ വെള്ളം നിറച്ച് തിരിനനയും നടത്താവുന്നതാണ്. താങ്ങുമരങ്ങളിൽ ശിഖരങ്ങൾ വച്ച് തണലുണ്ടാകുന്നതിനാൽ സാധാരണ വളർച്ചയും കായ്പിടിത്തവും കുറയാറുണ്ട്. താങ്ങുമരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാൻ ഉണ്ടാകുന്ന ചെലവ് ഒഴിവാക്കുകയുമാകാം. പിഎഫ്പി പോസ്റ്റുകൾ അടുത്തടുത്ത് വയ്ക്കാവുന്നതു കൊണ്ട് ഒരേക്കറിൽ 50 ശതമാനത്തിൽ കൂടുതൽ തൈകൾ നടാം. ഹൈ ഡെൻസിറ്റി പ്ലാൻഡിംഗ് ഏകവിള സംവിധാനം എന്നിവ അനുവർത്തിക്കാൻ ഏറ്റവും ഉത്തമ മാർഗം കൂടിയാണിതെന്ന് ജോബി പറയുന്നു. താങ്ങുമരങ്ങൾ വളർത്തിക്കൊണ്ടുവരാനുള്ള കാലതാമസവും മരങ്ങൾ കേടുവന്നു പോകുന്നതും താങ്ങുമരങ്ങളിലെ രോഗങ്ങൾ ചെടിയിലേക്കു പകരുന്നതും ഈ രീതിയിൽ തടയാം. ചുവട്ടിൽ നൽകുന്ന വെള്ളവും വളവും താങ്ങുമരങ്ങൾ വലിക്കാതെ ചെടിക്കായി മാത്രം ലഭിക്കുന്നു. നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ചുവട്ടിലെ ഈർപ്പം കുറയുന്നു. എട്ടടിയുള്ള ഒരു പോസ്റ്റ് 1980 രൂപയ്ക്കാണ് നൽകുന്നത്.
ഫോണ്‍: അഡ്വ. ജോബി-90483 65 013.
ലേഖകന്റെ ഫോണ്‍- 93495 99 023.
അടുക്കളത്തോട്ടം ആകർഷകമാക്കാം
അടുക്കളത്തോട്ടത്തിൽ പിഎഫ്പി പോസ്റ്റുപയോഗിച്ച് കുരുമുളക് വളർത്തുന്നത് ആദായത്തിനൊപ്പം തോട്ടത്തെ ആകർഷകവുമാക്കും. വർഷം മുഴുവൻ ഫലമുള്ളതിനാൽ പച്ചക്കുരുമുളക് ഏതുസമയവും കറിക്ക് ലഭ്യമാകും. അധികം പൊക്കമില്ലാത്തതിനാൽ വീട്ടമ്മമാർക്ക് വിളവെടുക്കാം. ഫെട്ടിഗേഷൻ പോസ്റ്റിനൊപ്പം മറ്റു നിരവധി കണ്ടുപിടിത്തങ്ങളും ജോബി നടത്തുന്നു.
വീട്ടുമുറ്റത്ത് റിംഗുപോലെയിട്ട് പച്ചക്കറി, വാഴ തുടങ്ങിയവ വളർത്തിയെടുക്കാവുന്ന പോറസ് പ്ലാന്റിംഗ് റിംഗാണ് മറ്റൊന്ന്. റിംഗിലൂടെ നീർവാർച്ചയും വായൂ സഞ്ചാരവും സുഗമമായി നടക്കുന്നതിനാൽ ഇതിൽ വളരുന്ന ചെടികൾക്ക് വളർച്ച കൂടുന്നു. മണ്ണിൽ വെള്ളം കെട്ടിനിൽക്കാത്തതിനാൽ രോഗങ്ങളും കുറവ്. ആവശ്യത്തിനു നനകൊടുക്കുകയും നന നിർത്തി പ്ലാസ്റ്റിക്ക് മൾച്ച് കൊണ്ടുമൂടി സ്ട്രസ് കൊടുത്ത് കായ്പ്പിക്കുകയും ചെയ്യാം.
കാർഷിക മേഖലയ്ക്കൊപ്പം മാലിന്യ സംസ്കരണത്തിലും ജോബി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എയറോബിക് കന്പോസ്റ്റിംഗ് പ്ലാന്റ്, മാലിന്യം കത്തിച്ചുകളയുന്ന ഇൻസിനറേറ്റർ തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ ഇദ്ദേഹം നടത്തുന്നു.രണ്ട് ദേശിയ അവാർഡുകളും സംസ്ഥാന പുരസ്കാരങ്ങളും മറ്റനേകം അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നീര നിർമാണമുൾപ്പെടെ നിരവധി കാര്യങ്ങളേക്കുറിച്ച് ഇവ ചർച്ചയാകുന്നതിനു മുന്‍പു തന്നെ പഠിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ച വ്യക്തികൂടിയാണിദ്ദേഹം. കേരള കരാട്ടെ ടീമിൽ അംഗമായിരുന്ന ജോബി ദേശീയ ചാന്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഭാര്യ ലൗലിയും മക്കളായ പ്രിയ, പ്രീതി, പ്രിൻസ, റോസ് എന്നിവരും ജോബിയുടെ കൃഷിക്കും കണ്ടുപിടിത്തങ്ങൾക്കും എല്ലാവിധ പിന്തുണകളും നൽകി ഒപ്പമുണ്ട്.
കാർഷിക പ്രദർശനവും ചക്ക ഫെസ്റ്റും
അഗ്രികൾച്ചറൽ അക്വാപെറ്റ് ബ്രീഡേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാർഷികപുഷ്പമേളയും അലങ്കാരമത്സ്യപ്രദർശനവും പെറ്റ്ഷോയും ചക്ക ഫെസ്റ്റും നടത്തുന്നു. കൊച്ചിൻ മറൈൻഡ്രൈവിൽ മാർച്ച് 30 മുതൽ മേയ് രണ്ടു വരെയാണ് പ്രദർശനം.
അസോസിയേഷൻ അംഗങ്ങളായ കേരളത്തിലെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മേളവഴി നേരിട്ട് പൊതുജനങ്ങളിലെത്തിക്കാം. വീട്ടമ്മമാർക്ക് അധിക ആദായത്തിനായി തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള അലങ്കാരക്കോഴി, പ്രാവ്, മുയൽ, പൂച്ച, നായ, ആട്, കാട വളർത്തലുകളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങളും ഇവിടെ ലഭിക്കും.
ഒപ്പം അവയിലെ അത്യപൂർവ ഇനങ്ങളെ പരിചയപ്പെടുത്താനും ഈ പ്രദർശനം സഹായകമാകും. അലങ്കാരമത്സ്യം വളർത്തൽ ലാഭകരമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മേള ഉൗന്നൽ നൽകും.
അക്വാപോണിക്സ് കൃഷിരീതിയിൽ അലങ്കാരമത്സ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ട് എങ്ങനെ ലാഭകരമാക്കാം എന്നതും മൂന്ന് സെന്റ് സ്ഥലത്തുള്ള വീടുകളിൽ പോലും തുടങ്ങാവുന്ന അലങ്കാരപ്രാവുവളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവയെക്കുറിച്ചും മാർഗ നിർദേശങ്ങൾ ലഭിക്കും.
കാർഷിക നഴ്സറികളുടെ ഒട്ടനവധി സ്റ്റാളുകളും ആഗ്രോഫെർട്ടിന്റെ നേതൃത്വത്തിൽ മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈകളും, കുറ്റികുരുമുളക്, വാനില, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പുലാസൻ തുടങ്ങി ഫലവൃക്ഷത്തൈകളും മേളയിൽ ലഭിക്കും. ജൈവപച്ചക്കറികൃഷി ചെയ്യുന്ന രീതികൾ തുടങ്ങി അതിനൂതന കൃഷിരീതികൾ പരിചയപ്പെടുത്താനും കാർഷികമേള സഹായിക്കുന്നു.
ഇതിനോടൊപ്പം ചക്ക ഫെസ്റ്റിവലും ഉണ്ട്. ചക്കയുടെ അനന്തസാധ്യതകൾ കണ്ടറിഞ്ഞ് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവരുടെ സ്റ്റാളുകളും, ഉത്പന്നങ്ങൾ തയാറാക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ടാകും.
കാർഷികസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയംസഹായസംഘങ്ങൾ, സഹകരണസംഘങ്ങൾ, ജൈവകർഷകർ എന്നിവർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സൗജന്യനിരക്കിൽ സ്റ്റാളുകൾ നല്‍കും. കൂടാതെ ആപ്ബാറ്റ് അസോസിയേഷൻ മെന്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾ ഇവിടെ സൗജന്യമായി പ്രദർശിപ്പിക്കാം.
മാർച്ച് 30 മുതൽ മേയ് രണ്ടു വരെ നടക്കുന്ന കാർഷികമേളയുടെ അവസാനദിവസം ഓപ്പണ്‍ സെയിൽസ് ക്ലോസിംഗ് ഡിസ്ക്കൗഡ് ഡേ ആയിരിക്കും. അന്നേ ദിവസം ഏതൊരാൾക്കും അവരുടെ കൈയിലുള്ള എല്ലാ കാർഷിക ഉത്പന്നങ്ങളും വിൽക്കാനായി മേളയിലേക്ക് കൊണ്ടുവരാവുന്നതാണ്.
50 രൂപ രജിസ്ട്രേഷൻ ചാർജ് മാത്രമേ ഇതിനായി ഈടാക്കുകയുള്ളൂ. അന്നേദിവസം മാത്രമായിരിക്കും പ്രദർശനത്തിനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന അത്യപൂർവ വസ്തുക്കൾ വിൽക്കുന്നത്. പ്രദർശനത്തെക്കുറിച്ച് കൂടുതൽ അറിയാനായി പ്രോഗ്രാം കോർഡിനേറ്റർ വി.പി. പ്രിൻസനുമായി ബന്ധപ്പെടുക. ഫോണ്‍ നന്പർ 9400190421.