എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: നിറയെ ചുവന്നു പഴുത്ത തക്കാളിയുമായി ചാഞ്ഞു നിൽക്കുന്ന തക്കാളിച്ചെടി. പടർന്നു പന്തലിച്ച പയർ വള്ളിമേൽ നല്ല പച്ച പയറുകൾ, നീളമുള്ള വെണ്ടച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന ഇളം വെണ്ടയ്ക്കകൾ.
ഇത് യുവ എൻജിനിയർമാരായ അശ്വിൻ വിനുവും അർജുൻ സുരേഷും എസ്.ജെ. അഭിജിത്തും ചേർന്ന് വിളയിച്ചെടുക്കുന്ന മണ്ണില്ലാ കൃഷി വസന്തം. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർഡൻസിൽ സ്ഥിതിചെയ്യുന്ന അർജുനൻ സുരേഷിന്റെ വീടായ സംഗീതിന്റെ ടെറസിലാണ് കാർഷിക രംഗത്ത് ചരിത്രം കുറിക്കുന്ന ഈ എയ്റോ പോണിക്സ് കൃഷിയുടെ സമൃദ്ധി.
കൃഷിയോടുള്ള താത്പര്യവും ഐടി മേഖലയിലെ സഞ്ചാര വഴികളിൽ നിന്നും ലഭിച്ച അറിവുംകൂടി ചേരുന്പോഴാണ് കേരളത്തിൽ തന്നെ അത്യപൂർവമായ മണ്ണില്ലാ കൃഷി സാധ്യമാകുന്നത്. മണ്ണില്ലാത്തതിനാൽ കൃഷി നടത്തുവാൻ കഴിയുന്നില്ലെന്നു പറഞ്ഞ് വിഷമിക്കുന്ന അനേകം കൃഷി സ്നേഹികളായ മലയാളികൾക്കും കർഷകർക്കും വലിയ ആശ്വാസമാവുകയാണ് എൻജിനിയർമാരുടെ എയ്റോ പോണിക്സ് കൃഷി. ചെടികളുടെ വളർച്ചയ്ക്കു ആവശ്യമായ മൂലകങ്ങൾ ചേർത്ത വെള്ളം പിവിസി കുഴലുകൾ വഴി ചെടികളുടെ വേരുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഇതിന്റെ ആധാരം. ഒരു പ്രഷർ പന്പും സ്പ്രേ ചെയ്യുന്ന നോസിലുകളും ഉപയോഗിച്ച് രണ്ടു മിനിറ്റ് ഇടവിട്ടാണ് ചെടികളിൽ സ്പ്രേ ചെയ്യുന്നത്.
അഞ്ഞൂറു ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ് മൂലക റിസർവോയറായി പ്രവർത്തിക്കുന്നത്.
പിവിസി കുഴലുകൾക്ക് മുകളിൽ ദ്വാരമുള്ള ചെറു ചട്ടികളിലാണ് ചെടി വളർത്തുന്നത്. ചട്ടിക്കുള്ളിൽ റോക്ക് വൂൾ നിറച്ച് ഇതിലാണ് വിത്ത് കിളിർപ്പിച്ചെടുക്കുന്നത്. മുപ്പത് ചട്ടികൾ വയ്ക്കുന്നരീതിയിലാണ് സംവിധാനം. ചെടികൾക്കു ആവശ്യമായ രീതിയിൽ മൂലകകൂട്ടുകൾ ഇവർ സ്വയം ഉണ്ടാക്കി എടുക്കുകയായിരുന്നു.
മണ്ണിൽ നിന്നും ചെടികൾക്കു സ്വാഭാവികമായി ലഭിക്കുന്ന നൈട്രജൻ ഫോസ്ഫറസ്, പോട്ടാസിയം എന്നീ പ്രാഥമിക മൂലകങ്ങൾ കൂടാതെ കാൽഷ്യം, മഗ്നീഷ്യം, സൾഫർ എന്നീ ദ്വതീയ മൂലകങ്ങൾ നൽകുന്നുണ്ട്. ഇതുകൂടാതെ ചെടികൾക്കു ആവശ്യമായ അളവിൽ മാത്രം സൂക്ഷ്മ മൂലകങ്ങളും നൽകി വരുന്നു. മാരക വിഷങ്ങൾച്ചേരുന്ന വളമോ കീടനാശിനികളോ ഒന്നുമില്ലാതെയാണ് കൃഷി എന്ന അനുഗ്രഹവുമുണ്ട്.
മണ്ണിലെ കൃഷി രീതി, മൂലകങ്ങളുടെ ലഭ്യത എന്നിവയെക്കുറിച്ചും മണ്കൃഷിയുടെ ഗുണങ്ങളെ കുറിച്ചും അപര്യാപ്തതകളെക്കുറിച്ചും ശാസ്ത്രീയമായി മനസിലാക്കിയ ശേഷമാണ് കൃഷിയിൽ തത്പരരായ യുവാക്കൾ ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.ഉദാഹരണമായി നമ്മൾ ചെടികൾക്കു ചുവട്ടിൽ ഒഴിക്കുന്ന വെള്ളത്തിന്റെ വലിയ ഭാഗം ചെടിക്കു ഉപയോഗിക്കുവാൻ കഴിയാതെ മണ്ണിന്റെ ആഴങ്ങളിലേക്കു പോവുകയാണെന്നു ഇവർ പറയുന്നു. അതുപോലെ ചെടിയുടെ വളർച്ചയ്ക്കു അനിവാര്യമായ വളങ്ങളുടെ ഒരു നല്ല ഭാഗവും ഇങ്ങനെ നഷ്ടമാകുന്നു.
ധാരാളം മൂലകങ്ങൾ മണ്ണിൽ ഉള്ളപ്പോൾ തന്നെ ഒരു പ്രത്യേക ചെടിക്കു ആവശ്യമായ ഏതെങ്കിലും ഒരു മൂലകം ചെടി നിൽകുന്ന മണ്ണിൽ ഇല്ലാതെ വരുന്ന അവസ്ഥയുമുണ്ട്.മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാൻ എയ്റോപോണിക്സിൽ കഴിയുന്നത് പോലെ മണ്കൃഷിയിൽ സാധിക്കുന്നില്ല എന്നും ഇവർ അഭിപ്രായപ്പെടുന്നു.2017 മേയ് 14 നു അഞ്ചു പയർ മണികൾ, അഞ്ച് വെണ്ടവിത്തും കുഞ്ഞു ചട്ടികളിൽ പാകി. രണ്ടാഴ്ചയ്ക്കുശേഷം 20 തക്കാളി വിത്തും പാകി. ഇതേ സമയത്ത് തന്നെ പരീക്ഷണാർഥം ടെറസിലെ തിട്ടയിലെ മണ്ണിൽ ഇതേ വിത്തുകളും പാകി. അത്ഭുതപ്പെടുത്തുന്നവയാണ് ഇവ തമ്മിലുള്ള അന്തരം. നല്ല പൊക്കത്തിൽ പച്ചനിറത്തിലെ വലിയ ഇലകളും നിറയെ വെണ്ടയ്ക്കയുമായി നിൽക്കുന്നു പിവിസി പൈപ്പിലെ വെണ്ടയെങ്കിൽ, സാമാന്യം പൊക്കത്തിൽ തീരെ ഫല പുഷ്ടിയില്ലാതെ കാണുന്നു മണ്കൃഷിയിലെ വെണ്ട. എയ്റോ പോണിക്സ് കൃഷി രീതിയിൽ മണ്കൃഷിയെക്കാളും ഹൈഡ്രോ പോണിക്സിനെക്കാളും (ജലം മാത്രം ആധാരമാക്കിയ കൃഷി) വേഗത്തിൽ ചെടി വളരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.മാത്രമല്ല മണ്ണിൽ നിന്നും ചെടികൾക്കു പകരുവാൻ ഇടമുള്ള രോഗങ്ങൾ ഇവയ്ക്കു പകരുന്നുമില്ല.
ഹൈഡ്രോ പോണിക്സ്, എയ്റോ പോണിക്സ് തുടങ്ങി അധുനിക കൃഷി രീതികളെ കുറിച്ചുള്ള പ്രാഥമിക അറിവ് ഇന്റർനെറ്റിൽ നിന്നും നേടിയശേഷം സ്വന്തം രീതിയിൽ ഒരു കൃഷി രീതി ഇവർ മൂവരും ചേർന്നു വികസിപ്പിച്ചെടുക്കുകയായിരുന്നു.അർഡ്വിനോ മൈക്രോ കണ്ട്രോളർ ബോർഡ് ഉപയോഗിച്ച് ചെടികളിലേക്കുള്ള വെള്ള, വള നിയന്ത്രണവും സ്പ്രെയിംഗും ചിട്ടപ്പെടുത്തിയിട്ടുള്ളത്.ചെറു പക്ഷികൾ, കാക്ക, കീടങ്ങൾ എന്നിവയുടെ ആക്രമണം ഒഴിവാക്കുവാൻ പ്രകൃതിദത്തമായ രീതികളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്. ഈ രംഗത്തെ ആദ്യ പരീക്ഷണമായതിനാൽ 20,000 രൂപ ഈ സംവിധാനത്തിനു വേണ്ടിവന്നു.വെള്ളവും മനുഷ്യ അധ്വാനവും ഏറ്റവും കുറച്ചു കൊണ്ടാണ് നല്ല വിളവെടുപ്പ് നടത്തുവാൻ സാധിച്ചു എന്നത് വലിയ സന്തോഷം നൽകുന്നു എന്നു അഭിജിത്തും അർജുനും അശ്വിനും പറയുന്നു.
തങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറം ചെടികൾ ഫലം നൽകിയതിന്റെ ആവേശത്തിലാണ് യുവാക്കൾ. അർജുൻ സുരേഷിന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷിക്കു അച്ഛനും സിഡാക്കിലെ ഉദ്യോഗസ്ഥനുമായ സുരേഷ് ബാബുവും അമ്മ ഗീതയും എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ട്.തങ്ങളുടെ ആദ്യ പരീക്ഷണ വിജയത്തിന്റെ സന്തോഷത്തിലും ഈ കൃഷി രീതി കേരളത്തിൽ കൂടുതൽ പ്രചാരത്തിലാക്കുന്നതിന്റെ പുനരാലോചനകളിലും പരീക്ഷണങ്ങളിലുമാണ് എൻജിനിയർമാർ.വലിപ്പം കുറഞ്ഞതും 10,000 രൂപ ചെലവുവരുന്നതുമായ എയ്റോ പോണിക്ക്സ് കൃഷി സംവിധാനമാണ് ഇവരുടെ ലക്ഷ്യം.