വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം

മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി വെള്ളാരംകുന്ന് പറന്പകത്ത് സജി തോമസ് (40) വീടിനോടു ചേർന്ന ഹൈടെക് പോളി ഹൗസിൽനിന്ന് ദിവസവും മുറിച്ചെടുക്കുന്നത് ആയിരം റോസാപ്പൂമൊട്ടുകളാണ്.

അഞ്ചു നിറങ്ങളിലുള്ള റോസമൊട്ടുകളും പൂക്കളും പത്തും ഇരുപതും വീതം കെട്ടുകളിലാക്കി കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ പൂക്കടകളിലെത്തിക്കും. റോസപ്പൂ വിൽക്കാൻ കടയും കന്പോളവുമില്ലെന്ന ആശങ്ക സജിയെ രണ്ടു വർഷമായി അലട്ടിയിട്ടേയില്ല. പൂക്കടകളിൽ ഒരു മൊട്ടിന് അഞ്ചു രൂപ ഉറപ്പ്. വീട്ടിൽ വിൽക്കുന്നത് ആറു രൂപയ്ക്ക്. സീസണിൽ എട്ടും പത്തും രൂപവരെ വില കിട്ടാറുണ്ട്.

ഏലത്തിനും കുരുമുളകിനും വിലസ്ഥിരതയില്ലെന്നായതോടെ രണ്ടും കൽപിച്ച് രണ്ടു വർഷം മുൻപാണ് സജി റോസച്ചെടികളെ ആശ്രയിക്കാൻ തീരുമാനിച്ചത്. മികച്ചയിനം റോസച്ചെടികൾ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളുരൂവിൽനിന്നാണ് വാങ്ങിയത്. തൈ ഒന്നിന് ഒൻപതു രൂപ വിലയായി.

പോളിഹൗസ് നിർമിച്ച് അതിനകത്ത് കൃഷി ചെയ്യുക എന്നത് പരന്പരാഗതമായി ഏലം കൃഷി ചെയ്തു വന്നിരുന്ന സജി തോമസിന് പുതിയൊരനുഭവമായിരുന്നു. തന്നെയുമല്ല, വെള്ളാരംകുന്നിൽ പോളിഹൗസ് കൃഷി അക്കാലത്ത് വിരളവും.

റോസാത്തോട്ടമുണ്ടാക്കിയാൽ കൈയിൽ മുള്ളു കൊള്ളുമെന്നും കൈ നീറുമെന്നും ചിലരൊക്കെ പറഞ്ഞെങ്കിലും രണ്ടും കൽപിച്ചാണ് സജി ഈ സംരംഭത്തിലേക്കിറങ്ങിയത്, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്‍റെ ധനസഹായ ത്തോടെ 1000 ചതുരശ്രമീറ്റർ വലുപ്പത്തിലുള്ള പോളി ഹൗസാണ് നിർമിച്ച് ആദ്യം കൃഷി ചെയ്തത്. കുമളി കൃഷിഭവനിൽനിന്നുള്ള സഹായവും പ്രോത്സാഹനവും കിട്ടിയതോടെ സജിയുടെ ഹൈടെക് റോസ്ഗാർഡൻ യാഥാർഥ്യമായി. വെള്ളവും വളവും കൃത്യമായ അളവിൽ നൽകി. ഹൈറേഞ്ചിലെ തണുപ്പും ഈർപ്പവും റോസ കൃഷിക്ക് ഏറെ അനുകൂലമാണുതാനും.

നട്ടു മൂന്നാം മാസം പൂമൊട്ടുകൾ വിൽപനയ്ക്ക് പറിച്ചെടുക്കാനായി. ബംഗളുരു പൂക്കളുടെ അതേ വലിപ്പവും നിറവുമുള്ള പൂക്കൾതന്നെ. വിൽക്കാനും വാങ്ങാനും ഒരു തടസവുമുണ്ടായില്ല. കട്ടപ്പനയിലും കുമളിയിലുമൊക്കെ പൂക്കടക്കാർ സന്തോഷത്തോടെ സ്വന്തം നാട്ടിലെ പൂമൊട്ടുകൾ കൈനീട്ടി വാങ്ങി. പള്ളികളിലും അലങ്കാര സ്ഥാപനങ്ങളിലും നിന്ന് ഓർഡറുകൾ ഏറെ വന്നു. പൂക്കൃഷി കൈനിറയെ കാശുകിട്ടുന്നതും ഹൃദയംകുളിർപ്പിക്കുന്നതുമായ ജോലിയായി അനുഭവപ്പെട്ടതോടെ കഴിഞ്ഞവർഷം മറ്റൊരു പോളിഹൗസ് കൂടി പണിത് പൂന്തോട്ടം വിപുലമാക്കി.

ആകെ 15 ലക്ഷം രൂപ പൂന്തോട്ടം നിർമിക്കാൻ മുടക്കിയെങ്കിലും യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് സജി അനുഭവങ്ങൾ നിരത്തി പറഞ്ഞു. വേനൽക്കാലത്താണ് കൂടുതൽ പൂക്കൾ വിരിയുക. മഞ്ഞുകാലത്ത് അൽപം കുറയും. രണ്ട് ഇലകൾ ഉൾപ്പെടെ മൊട്ടുകൾ തണ്ടിൽനിന്നു കത്രിച്ചെടുക്കുന്നതിനാൽ അതേ ആഴ്ചയിൽ ശിഖരങ്ങൾ പൊട്ടി വീണ്ടും തളിർപ്പെടുത്തുകൊള്ളും.

മണ്ണിളക്കി തടമെടുത്ത് അരയടി അകലത്തിലാണ് റോസത്തൈ കൾ നട്ടത്. പൂക്കൾ പറിക്കാനും വളമിടാനും കള പറിക്കാനും അൽപം അകലം വേണ്ടതുണ്ട്.

ചാണകപ്പൊടി ഉൾപ്പെടെ ജൈവവളത്തിനൊപ്പം അൽപം മിശ്രിതങ്ങൾ കൂടി നൽകും. ഇലകളിലും പൂക്കളിലും പൂപ്പൽ ബാധയ്ക്ക് സാധ്യത കണ്ടാൽ ജൈവകീടനാശിനി പ്രയോഗിക്കും.

സജിക്കൊപ്പം ലിജിയും മക്കളായ ടോമും ഡയാനയും തോട്ടത്തിൽ എപ്പോഴും സജീവമായുണ്ട്. ചെടികളുടെ പരിപാലനത്തിലും പൂവെടുപ്പിനുമായി രണ്ടു ജോലിക്കാരുമുണ്ട്.

മൊട്ടുകൾ വിരിഞ്ഞു പോകാതിരിക്കാൻ പ്രത്യേക വലയിട്ട് സംരക്ഷിക്കും. ശേഖരിക്കുന്ന പൂമൊട്ടുകൾ ഇനം തിരിച്ച് പാക്ക് ചെയ്ത് വിപണനത്തിനായി കെട്ടവയ്ക്കും. റോസ്, മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങി വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂക്കൾ സജിയുടെ പൂന്തോട്ടത്തിലുണ്ട്. മഞ്ഞയ്ക്കും ചുവപ്പിനും ഏതു സമയത്തും ആവശ്യക്കാരുണ്ടാകും.

അലങ്കാരത്തിനും ബൊക്കെ നിർമാണത്തിനുമാണ് റോസ മൊട്ടുകൾക്കും പൂക്കൾക്കും ആവശ്യക്കാരേറെയും എത്തുക. രാവിലെ ആറിന് മൊട്ടുകൾ അറുത്തെടുത്ത് കെട്ടുകളാക്കി പത്തിനു മുന്പ് കടകളിൽ എത്തിക്കും. അതാതു ദിവസം മുറിക്കുന്നതിനാൽ പൂക്കൾക്ക് പ്രത്യേക ആകർഷകത്വമുണ്ടാകും. ഒരെണ്ണം പോലും ചതഞ്ഞും മുറിഞ്ഞും നഷ്ടം വരികയുമില്ല.

റോസാപ്പൂകൃഷി നല്ല മാർ ക്കറ്റുള്ള കൃഷിയാണെന്നാണ് സജിയുടെ അനുഭവം. ചില സീസണിൽ ഒരു പൂവിന് 13 രൂപവരെ വില കിട്ടിയിട്ടുണ്ട്. എത്ര പൂക്കളുണ്ടെങ്കിലും വിറ്റുപോകുമെന്ന ഉറപ്പുമുണ്ട്. സജി തോമസ് ഫോണ്‍: 9656755839.

റെജി ജോസഫ്

Related posts