ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) 11 -ാമത് മന്ത്രിതല സമ്മേളനം പൊതുപ്രഖ്യാപനം പോലുമില്ലാതെ അവസാനിച്ചു.
കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി തടയുക, ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിന് കര്‍ഷകരില്‍ നിന്നും താങ്ങുവില നല്കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം വാങ്ങിയെടുക്കാനുള്ള നടപടികളാണ് നടപ്പാകാതെ പോ യത്.
ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാരകരാറായ ഡബ്ല്യുടിഒ യുടെ ബഹുകക്ഷി ചട്ടക്കൂടിനുള്ളില്‍ നിന്ന് തീരുമാനമെടുക്കുന്നതിനെ തടഞ്ഞത് അമേരിക്കയാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് താത്പര്യമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനെയും ഇവര്‍ അട്ടിമറിച്ചു.
വികസ്വരരാജ്യങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ദോഹ വികസനവട്ടം പ്രവര്‍ത്തന പരിപാടികള്‍ക്ക് ബ്യൂനസ് ഐറിസ് സമ്മേളനത്തോടെ മരണമണി മുഴങ്ങിയിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് സ്ഥിരം അംഗീകാരം നേടിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെയും അമേരിക്ക എതിര്‍ത്തു തോല്പിച്ചു.
ഇന്ത്യ 2013 ല്‍ അംഗീകരിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി നല്കുന്ന സബ്സിഡികള്‍ 2017 ഡിസംബര്‍ 31 വരെ പരിശോധനാ വിധേയമാക്കില്ലെന്നായിരുന്നു 2013 ഡിസംബറില്‍ ബാലിയില്‍ ചേര്‍ന്ന ഒമ്പതാമത് മന്ത്രിതല സമ്മേളനത്തിലെ തീരുമാനം. ഈ ഉറപ്പിന്മേലാണ് 2014 നവംബറില്‍ വ്യാ പാരം സുഗമമാക്കുന്നതിനുള്ള ഡബ്ല്യൂടിഒ കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. സമ്പന്നരാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനമുള്ള ഈ കരാറില്‍ ഒപ്പുവെച്ചതോടെ ഭക്ഷ്യസുരക്ഷയ്ക്ക് നല്കുന്ന സബ്സിഡികളെ ഡബ്ല്യുടിഒയുടെ പരിശോധനയില്‍ നിന്നും അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങള്‍ പിന്മാറുകയായിരുന്നു.
2015 ഡിസംബറില്‍ നെയ്റോബിയില്‍ ചേര്‍ന്ന 10-ാമത് മന്ത്രിതല സമ്മേളനം ഈ വിഷയത്തില്‍ സ്ഥിരപരിഹാരമുണ്ടാക്കുന്നത് 2017 ലെ സമ്മേളനത്തിലേക്ക് നീട്ടിവയ്പിക്കുകയായിരുന്നു. ബ്യൂനസ് ഐറിസിലെ 11-ാം മന്ത്രിതല സമ്മേളനത്തിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാതെ വന്നതോടെ ഇന്ത്യ നല്കുന്ന താങ്ങുവില എപ്പോള്‍ വേണമെങ്കിലും ഡബ്ല്യുടിഒ വേദികളില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
23 കാര്‍ഷിക വിളകള്‍ക്കാണ് കേന്ദ്ര ഗവണ്മെന്റ് ഓരോ വര്‍ഷവും താങ്ങുവില പ്രഖ്യാപിക്കാറുള്ളത്. ഇതില്‍ ഗോതമ്പും നെല്ലുമാണ് ഭക്ഷ്യവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനായി സര്‍ക്കാര്‍ നേരിട്ടു സംഭരിക്കുന്നത്. ചെറിയൊരളവില്‍ പഞ്ചസാരയും പരുത്തിയും സര്‍ക്കാര്‍ സംഭരിക്കുന്നുണ്ട്. കാര്‍ഷിക സബ്സിഡികള്‍ ആഗോള വ്യാപാരത്തെ വളച്ചൊടിക്കുന്നതിനാല്‍ അവ വെട്ടിക്കുറയ്ക്കണമെന്നതാണ് ലോകവ്യാപാരസംഘടനയുടെ കീഴിലുള്ള കാര്‍ഷിക ഉടമ്പടിയുടെ അടിസ്ഥാനത്ത്വം.
കര്‍ഷകര്‍ക്കു നല്കുന്ന സബ്സിഡികളെ ഗ്രീന്‍ ബോക്സ്, ബ്ലൂ ബോക്സ്, ആംബര്‍ ബോക്സ് എന്നീ മൂന്നു പെട്ടികളായി കാര്‍ഷിക ഉടമ്പടി തരംതിരിച്ചിരിക്കുന്നു. ഗ്രീന്‍ ബോക്സ്, ബ്ലൂബോക്സ് പെട്ടികളിലെ സബ്സിഡികള്‍ക്ക് പരിധികളില്ല. ആംബര്‍ ബോക്സില്‍ പ്പെടുത്തിയിരിക്കുന്ന സബ്സിഡികള്‍ വ്യാപാരം വളച്ചൊടിക്കുമെന്നതാണ് വ്യാഖ്യാനം.
ഈ ബോക്സിലെ സബ്സിഡികള്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് മൊത്തം ആഭ്യന്തര കാര്‍ഷികോത്പാദനത്തിന്റെ അഞ്ചു ശതമാനം വരെയും വികസ്വര രാജ്യങ്ങള്‍ക്ക് മൊത്തം ആഭ്യന്തര കാര്‍ഷികോത്പാദനത്തിന്റെ 10 ശതമാനം വരെയും നല്‍കാം. രണ്ടുവിഭാഗം സബ്സിഡികളാണ് ആംബര്‍ ബോക്സില്പ്പെടുത്തിയിരിക്കുന്നത്. ഓരോ ഉത്പന്നത്തിനും താങ്ങുവിലയായി നല്കുന്ന സബ്സിഡിയാണ് ഒന്നാമത്തെ വിഭാഗം.
വളം, വിത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയവയ്ക്ക് നല്കുന്ന പൊതുവായ സബ്സിഡിയാണ് രണ്ടാമത്തെ വിഭാഗം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്താണ് ആംബര്‍ ബോക്സില്‍ വരുന്ന സബ്സിഡികളുടെ സാമ്പത്തിക സഹായത്തിന്റെയും ആകെ തുകയായ അഗ്രിഗേറ്റ് മെഷര്‍ ഓഫ് സപ്പോര്‍ട്ട് കണക്കുകൂട്ടിയെടുക്കുന്നത്.
ഡബ്ല്യുടിഒ ചട്ടങ്ങളനുസരിച്ച് ഇന്ത്യക്ക് മൊത്തം ആഭ്യന്തര കാര്‍ഷികോത്പാദനത്തിന്റെ 10 ശതമാനം വരെ കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കാം. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി താങ്ങുവില നല്കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങളെ ഈ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇതംഗീകരിക്കാന്‍ അമേരിക്കയും മറ്റു സമ്പന്നരാജ്യങ്ങളും തയാറായില്ല.
ഇത് തര്ക്കവിഷയമായതിനെ തുടര്‍ന്നാണ് 2013 ല്‍ ബാലിയില്‍ ചേര്‍ന്ന 9-ാമത് മന്ത്രിതല സമ്മേളനം 2017 ഡിസംബറിന് മുമ്പ് ഇതിന് അന്തിമപരിഹാരമുണ്ടാക്കാമെന്ന് തീരുമാനിച്ചത്. അതുവരെ താങ്ങുവില നല്കി സംഭരിക്കാന്‍ ചെലവഴിക്കുന്ന സബ്സിഡി 10 ശതമാനം കവിഞ്ഞാലും പരിശോധിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാല്‍ ഇങ്ങനെ നല്കുന്ന സബ്സിഡി നോട്ടിഫിക്കേഷനിലൂടെ ഡബ്ല്യുടിഒ യെ അറിയിക്കണമെന്നും സംഭരണം സുതാര്യമായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
ഇന്ത്യ പൊതുവിതരണത്തിനായി സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു നല്കുന്ന താങ്ങുവിലയും വിപണിയിലെ വിലയും തമ്മിലുള്ള അന്തരം സബ്സിഡിയായി കണക്കാക്കും. 1986-88 ലെ വിപണി വിലയാണ് ഇതിനുള്ള അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത്.
ഈ വര്‍ഷങ്ങളില്‍ വിപണി വില പൊതുവെ കുറവായിരുന്നതിനാല്‍ സബ്സിഡിയായി കണക്കാക്കുന്ന തുക എപ്പോഴും ഭീമമായിരിക്കും. വിപണി വിലയെക്കാളും അല്പം മാത്രം ഉയര്‍ന്ന വിലയ്ക്കാണ് ഇന്ത്യ കര്‍ഷകരില്‍ നിന്നും നെല്ലും ഗോതമ്പുമെല്ലാം ഇപ്പോള്‍ സംഭരിക്കുന്നത്.
അതാതു സമയത്തെ വിപണി വിലയുമായുള്ള അന്തരം കണക്കാക്കിയാല്‍ ഈ സബ്സി ഡി വളരെ കുറവാണ്. എന്നാല്‍ താങ്ങുവിലയും വിപണിവിലയുമായുള്ള അന്തരം കണക്കാക്കാന്‍ 1986-88 ലെ വിപണി വില അടിസ്ഥാനമായി സ്വീകരിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ അമേരിക്കയും മറ്റ് സമ്പന്നരാജ്യങ്ങളും സമ്മതിക്കുന്നില്ല.
1986-88 ലെ അടിസ്ഥാന വിപണി വിലയും ഇപ്പോള്‍ നല്കുന്ന താങ്ങുവിലയും തമ്മിലുള്ള അന്തരം കണക്കിലെടുത്താല്‍ നെല്ലിന്റെ കാര്യത്തില്‍ മൊത്തം ആംബര്‍ ബോക്സ് സബ്സിഡികള്‍ 24 ശതമാനം കവിയുമെന്നാണ് അമേരിക്കയുടെ വാദം.
ഗോതമ്പിന്റെ കാര്യത്തിലും ഇത് 10 ശതമാനം കവിയും. നെല്ലും ഗോതമ്പും ഒഴികെയുള്ള മറ്റ് ഭക്ഷ്യോത്പന്നങ്ങളെ ഭക്ഷ്യാസുരക്ഷാ പദ്ധതിയില്‍ കൊണ്ടുവരുന്നതിനെയും അമേരിക്ക എതിര്‍ക്കുന്നു. 2013 ല്‍ ബാലി സമ്മേളനത്തില്‍ തീരുമാനമെടുക്കുമ്പോള്‍ താങ്ങുവില നല്കി വന്ന കാര്‍ഷികോത്പന്നങ്ങള്‍ക്കു മാത്രമെ തുടര്‍ന്നും താങ്ങുവില നല്കാന് പാടുള്ളൂ.
പുതിയ വിളകളെ താങ്ങുവില സമ്പ്രദായത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ പാടില്ല. താങ്ങുവില നല്കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യ വിറ്റഴിക്കുന്നത് അന്താരാഷ്ട്ര ധാന്യവിപണിയെ വളച്ചൊടിക്കുന്നുവെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ധാന്യകയറ്റുമതിയെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് അമേരിക്കയുടെ മറ്റൊരു വാദം.
2001- ല്‍ ദോഹയില്‍ ചേര്‍ന്ന മൂന്നാമത് ഡബ്ല്യൂടിഒ മന്ത്രിതല സമ്മേളനം 20 മേഖലകളില്‍ വ്യാപാരം സുഗമമാക്കുന്നതിനുള്ള ഒരു വികസന അജണ്ടക്ക് രൂപം നല്‍കിയിരുന്നു. സമ്പന്നരാജ്യങ്ങള്‍ കര്‍ഷകര്‍ക്കു നല്കുന്ന ആഭ്യന്തര സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്നും വികസ്വര രാജ്യങ്ങളുടെ കയറ്റുമതി തടസപ്പെടുത്തുന്ന വ്യാപാര നിയമങ്ങള്‍ ലഘൂകരിക്കുകയുമായിരുന്നു ദോഹ വികസനവട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ദോഹ വികസനവട്ടത്തിലെ വികസന അജണ്ട ബ്യൂനസ് ഐറിസ് മന്ത്രിതല സമ്മേളനത്തോടെ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ പലപേരുകളിലായി അവിടങ്ങളിലെ കര്‍ഷകര്‍ക്കു നല്കുന്ന ഭാരിച്ച സബ്സിഡി ഇപ്പോഴും തുടരുന്നു.
ഡബ്ല്യുടി ഒ നിലവില്‍ വന്ന 1995 നും 2010 നും ഇടയില്‍ അമേരിക്ക കര്‍ഷകര്‍ക്കു നല്കി വന്ന സബ്സിഡി 6100 കോടി ഡോളറില്‍ നിന്നും 13000 കോടി ഡോളറായി ഉയര്‍ന്നു. ക്ഷീര മേഖലയില്‍ യൂറോപ്യന്‍ യൂണിയന് മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനവും അമേരിക്കയും കാനഡയും 50 ശതമാനവുമാണ് കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കുന്നത്. 2013 ല്‍ യൂറോപ്യന്‍ യൂണിയന് ഒരു കര്ഷകന് 12384 ഡോളറും അമേരിക്ക 68910 ഡോളറും സബ്സിഡി നല്കിയപ്പോള് ഇന്ത്യ 228 ഡോളര്‍ മാത്രമാണ് സബ്സിഡിയായി നല്‍കിയത്.
അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും കര്‍ഷകര്‍ക്ക് നല്കുന്ന സബ്സിഡികള്‍ ബ്യുനസ് ഐറിസില്‍ ചര്ച്ചയ്ക്കുവന്നതേയില്ല. അതേ സമയം ഇന്ത്യ ഭക്ഷ്യസുരക്ഷയായി താങ്ങുവില നല്‍കുന്നത് മരവിപ്പിക്കാന്‍ അവര്‍ വാശിപിടിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങള്‍ കയറ്റുമതിക്കും കയറ്റുമതിയുമായി ബന്ധപ്പെട്ട വായ്പകള്‍ക്കും നല്കുന്ന സബ്സിഡികള്‍ ഉടന്‍ തന്നെ നിര്‍ത്തലാക്കണമെന്ന് നെയ്റോബിയിലെ 10-ാമത് മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേ സമയം മത്സ്യബന്ധന മേഖലയില്‍ നല്കുന്ന വ്യാപാരം വളച്ചൊടിക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള ബ്യൂനസ് ഐറിസ് സമ്മേളനത്തിലെ നിര്‍ദ്ദേശം ഇന്ത്യയിലെ ചെറുകിട മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കും. സുസ്ഥിരതയുടെ പേരില്‍ അമിതമായ ചൂഷണത്തിനു വഴിതെളിക്കുന്ന മത്സ്യബന്ധന സബ്സിഡികള്‍ 2019 ഓടെ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
അനിയന്ത്രിതമായ ഇറക്കുമതി കാരണം ആഭ്യന്തര വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയുകയും കര്‍ഷകരുടെ ഉപജീവന സുരക്ഷിതത്വം അപകടത്തിലാവുകയും ചെയ്യുമ്പോള്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയും മറ്റു മാര്‍ഗങ്ങളിലൂടെയും കാര്‍ഷിക വിളകള്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നത് ദീര്‍ഘകാലമായി ഇന്ത്യ ഡബ്ല്യുടിഒ വേദികളില്‍ ഉയര് ത്തുന്ന ഒരാവശ്യമായിരുന്നു. സ്പെഷല്‍ അഗ്രിക്കള്‍ച്ചറല്‍ സേഫ് ഗാര്‍ഡ് എന്ന പേരില്‍ 34 രാജ്യങ്ങള്‍ക്ക് ഇത്തരമൊരു സംവിധാനം ഡബ്ല്യുടിഒ അനുവദിച്ചിട്ടുണ്ട്.
വികസ്വര രാജ്യങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനം നടപ്പാക്കാന്‍ അവകാശമുണ്ടായിരിക്കുമെന്ന് 2015 ലെ നെയ്റോബി മന്ത്രിതല സമ്മേളനത്തിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ ഇറക്കുമതിക്കു ചുമത്തുന്ന നാമമാത്രമായ ഇറക്കുമതി തീരുവ വീണ്ടും കുറച്ചാല്‍ മാത്രമെ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കൂ എന്ന നിബന്ധന സമ്പന്ന രാജ്യങ്ങള്‍ മുന്നോട്ടുവച്ചതോടെ ബ്യുനസ് ഐറിസ് സമ്മേളനത്തില്‍ ഇക്കാര്യത്തിലും തീരുമാനമുണ്ടായില്ല.
കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട-സൂക്ഷ്മ-ഇടത്തരം ഓണ്‍ലൈന്‍ വ്യാപാര സംരംഭങ്ങള്‍ക്ക് ഇകൊമേഴ്സ് നിയമങ്ങള്‍ നടപ്പാക്കുന്നത് കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിച്ച് ഈ സംരംഭങ്ങളെ തകര്‍ക്കാനേ ഉപകരിക്കൂ. ചെറുകിട-കാര്‍ഷിക-വ്യാപാരസ്ഥാപനങ്ങളെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ആധിപത്യമുള്ള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് മാറാനുള്ള ആഗോള അജണ്ടയുടെ ഭാഗമാണിത്.
പാവപ്പെട്ടവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം ശക്തരായ സമ്പന്നരാജ്യങ്ങളുടെ കാട്ടുനീതിനടപ്പാക്കാനുള്ള ശ്രമമായിരുന്നു ബ്യുനസ് ഐറിസില്‍ നടന്നത്. ഡബ്ല്യുടിഒയെക്കൊണ്ട് ഇന്ത്യപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് ഓരോ മന്ത്രി സമ്മേളനവും തെളിയിക്കുന്നു.
ധാന്യ കര്‍ഷകരുടെ കണ്ണീര് ആരു കാണാന്‍
രാജ്യത്ത് ഏറ്റവുമധികം നഷ്ടം സഹിച്ച് കൃഷി നടത്തുന്നവരാണ് ധാന്യ കര്‍ഷകര്‍. സര്‍ക്കാര്‍ താങ്ങുവില നല്കി സംഭരിക്കുന്നത് അവസാനിപ്പിച്ചാല്‍ ഇവര്‍ കൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരും. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും അപകടത്തിലാകും.
ഇന്ത്യ നല്കുന്ന താങ്ങുവില സബ്സിഡി ലോക വ്യാപാരസംഘടനയുടെ 10 ശതമാനം പരിധിക്കപ്പുറമാണെങ്കില്‍ കേന്ദ്ര ഗവണ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി താങ്ങുവില ഉയര്‍ത്തുന്നത് മരവിപ്പിച്ചു നിര്‍ത്താനാവുമോ എന്നാണ് അമേരിക്കയുടെ നോട്ടം.
താങ്ങുവില ഓരോ വര്‍ഷവും കൂട്ടുന്നില്ലെങ്കില്‍ ധാന്യകര്ഷകരില് നല്ലൊരു ഭാഗം കൃഷിഭൂമി തരിശിടും. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലേക്ക് കുറഞ്ഞ വിലയ്ക്ക് ധാന്യകയറ്റുമതി നടത്താനാവുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. കാര്‍ഷിക മേഖലയിലെ വ്യാപാര നയങ്ങളില്‍ ഇന്ത്യക്കനുകൂലമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ബ്യുനസ് ഐറിസില്‍ ഏറ്റവും വിഘാതമായി നിന്നത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയമാണ്.
ഡോ. ജോസ് ജോസഫ്