ഹരിതകേരളവും സ്വച്ഛഭാരതവുമൊക്കെ വലിയ സ്വപ്നങ്ങളായി ജനമനസുകളിലേക്കെത്തിക്കാനുള്ള തത്രപ്പാടിലാണ് ഭരണാധികാരികള്‍. ഇതിലെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം മാലിന്യമുക്ത കേരളവും ഭാരതവുമെല്ലാമാണ്. ഒരുഗ്രാമത്തിലെയോ നഗരത്തിലെയോ മാലിന്യമെല്ലാം പൊതുവായ ഒരു സ്ഥലത്തെത്തിച്ച് സംസ്കരിക്കുന്ന രീതിയാണ് പലസ്ഥലങ്ങളിലും കണ്ടുവരുന്നത്.
എന്നാല്‍ ഇതിനു വന്‍ ചെലവു വരും. കുറച്ചു സമയമാണെങ്കിലും പൊതുനിരത്തുകളില്‍ ദുര്‍ഗന്ധം പരക്കും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയാണ് മാലിന്യ നിര്‍മാര്‍ജനത്തിന് എളു പ്പമുള്ള പോംവഴി. നമ്മുടെ വീടുകളിലെല്ലാം പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കാന്‍ എല്ലാവര്‍ക്കുമൊരു മനസുണ്ടായിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും ഏറ്റവുമധികം ചെലവു വരുന്നത് ജൈവവളങ്ങള്‍ക്കു തന്നെയാണ്. എന്നാല്‍ ഉറവിട മാലിന്യ സംസ്കരണത്തിലൂടെ ഈ ചെലവു കുറയ്ക്കാം. നമ്മുടെ വീട്ടിലുണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വീട്ടില്‍തന്നെ വളമാക്കി ചെടികള്‍ക്കു നല്‍കാം. ഇങ്ങനെ മാലിന്യത്തെ വളമായും പച്ചക്കറിയായും മാറ്റിയെടുക്കാം.
ഒന്നു മാര്‍ക്കറ്റില്‍ പോയിവന്നാല്‍ നിരവധി പ്ലാസ്റ്റിക്ക് കിറ്റുകളാണ് വീടുകളിലേക്കെത്തുന്നത്. ഇത്തരം അജൈവ മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ സംസ്കരിച്ചാല്‍ വീട്ടുവളപ്പിലെ മാലിന്യഭീതി ഒഴിവാക്കാം. ഇത്തരത്തില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള മാര്‍ഗം കണ്ടുപിടിച്ചിരിക്കുകയാണ് ജൈവകര്‍ഷകനും കോതമംഗലം തട്ടേകാട് പ്രവര്‍ത്തിക്കുന്ന വിര്‍ഗോ ഇന്‍ഡസ്ട്രീസ് ഉടമയുമായ അഡ്വ. ജോബി കുരിശുംമൂട്ടില്‍.
എയ്‌റോബിക് കമ്പോസ്റ്റിംഗ്
പ്രകൃതിദത്തമായ കമ്പോസ്റ്റിംഗ് രീതിയാണ് എയ്‌റോബിക് കമ്പോസ്റ്റിംഗ്്. സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്താല്‍ വായുവിന്റെ സാന്നിധ്യത്തില്‍ ജൈവമാലിന്യങ്ങള്‍ അഴുകുന്ന പ്രക്രിയയാണിത്. ഇങ്ങനെ ലഭിക്കുന്നവളം കാര്‍ബണിന്റെയും സൂക്ഷ്മമൂലകങ്ങളുടെയും മറ്റനേകം മൂലകങ്ങളുടെയും കലവറയാണ്. സൂക്ഷ്മജീവികളും ബാക്ടീരിയകളും നിറഞ്ഞ ഒന്നുകൂടിയാണിത്. ഇത്തരം വളങ്ങളും വായുവും സൂര്യപ്രകാശവും കൂടിച്ചേരുമ്പോഴാണ് ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുക. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന പച്ചക്കറികളില്‍ ആരോഗ്യം നല്‍കുന്ന മൂലകങ്ങള്‍ അധികമുണ്ടാകും. പ്രകൃതി ശുദ്ധവും ഹരിതാഭവുമാകും. ഇത്തരത്തില്‍ വീടുകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏയ്‌റോബിക് കംമ്പോസ്റ്റിംഗ് പ്ലാന്റാണ് അഡ്വ. ജോബി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരടി ഉയരവും മൂന്നടി വ്യാസവുമുള്ള പോറസ് കോണ്‍ക്രീറ്റ് റിംഗുകളാണ് കമ്പോസ്റ്റിംഗ് പ്ലാന്റു നിര്‍മാണത്തിനുപയോഗിക്കുന്നത്. മുകളില്‍ വ്യാസത്തില്‍ ഫീഡിംഗ് ഡോറോടു കൂടിയ കവര്‍ സ്ലാബ് ഉപയോഗിക്കുന്നു. ഫെറോസിമന്റ് ലിഡാണ് ഫീഡിംഗ് ഡോര്‍ മൂടാനുപയോഗിക്കുന്നത്.
പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്നസ്ഥലത്ത് നാലിഞ്ച് ആഴത്തില്‍ ചതുരാകൃതിയില്‍ കുഴിയെടുത്ത് ഇതില്‍ രണ്ടിഞ്ചു ഘനത്തിലുള്ള ബേസ് സ്ലാബിടുക. ഇതിനുമുകളിലായി മൂന്ന് പോറസ് കോണ്‍ക്രീറ്റ് റിംഗുകള്‍ സ്ഥാപിച്ച് സ്ലാബുകൊണ്ടു മൂടുക. ഇതിന്റെ ഫീഡിംഗ് ഡോര്‍, ഫെറോ സിമന്റ് ലിഡുകൊണ്ട് മൂടുകകൂടി ചെയ്താല്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് ചേമ്പര്‍ റെഡിയായി. ഇതിനു ശേഷം ലിഡ് മാറ്റി അരയിഞ്ച് ഖനത്തില്‍ ചേമ്പറിനകത്ത്് മേല്‍മണ്ണിടുക. ഇതിനുമുകളില്‍ ചാണകം കലക്കിയവെള്ളമോ ശര്‍ക്കര കലക്കിയ വെള്ളമോ ഒഴിക്കാം. വിപണിയില്‍ ലഭ്യമായ ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം (ഇഎം) ലായനിയോ ഈ രീതിയില്‍ ഒഴിക്കാവുന്നതാണ്. ഇതിനു മുകളില്‍ ജൈവ മാലിന്യങ്ങള്‍ നിറച്ച ശേഷം വെള്ളം തളിക്കുക. ഇതിനുശേഷം ലിഡ് അടയ്ക്കാം. എല്ലാ ദിവസത്തേയും മാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിക്കാം. ആഴ്ചയിലൊരിക്കല്‍ ചാണകവെള്ളമോ, ഇഎം ലായനിയോ, ശര്‍ക്കര വെള്ളമോ ഇതിനു മുകളില്‍ ഒഴിച്ചു കൊടുക്കണം. ഇളക്കിയശേഷം വീണ്ടും മുകളില്‍ വെള്ളം തളിക്കുക. ചേമ്പര്‍ നിറയുന്നതുവരെ ഇതുപോലെ ആവര്‍ത്തിക്കുക. ചേമ്പറിനുള്ളില്‍ തണുപ്പു നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പില്ലെങ്കില്‍ വെള്ളമൊഴിച്ചു കൊടുക്കാം. എന്നാല്‍ പറഞ്ഞിരിക്കുന്ന അളവില്‍ കൂടരുതെന്നു മാത്രം. 45 ദിവസം കഴിയുമ്പോള്‍ ചേമ്പറിനുള്ളില്‍ ജൈവ വളം റെഡിയാകും. മാലിന്യത്തെ കൃത്യസ്ഥലത്തു നിക്ഷേപിച്ചാല്‍ അവയെ പണമായി മാറ്റാം എന്നു തെളിയിക്കുന്നതാണ് ജോബിയുടെ എയ്‌റോബിക് കമ്പോസ്റ്റിംഗ്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്് നിരവധി കണ്ടുപിടുത്തങ്ങള്‍ ജോബി നടത്തുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും സംസ്ഥാന പുരസ്കാരങ്ങളും മറ്റനേകം അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നീര നിര്‍മാണമുള്‍പ്പെടെ നിരവധി കാര്യങ്ങളേക്കുറിച്ച് ഇവ ചര്‍ച്ചയാകുന്നതിനു മുമ്പു തന്നെ പഠിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തികൂടിയാണിദ്ദേഹം. കേരള കരാട്ടെ ടീമില്‍ അംഗമായിരുന്ന ജോബി ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഭാര്യ ലൗലിയും മക്കളായ പ്രിയ, പ്രീതി, പ്രിന്‍സ, റോസ് എന്നിവരും ജോബിയുടെ കൃഷിക്കും കണ്ടുപിടുത്തങ്ങള്‍ക്കും എല്ലാവിധ പിന്തുണകളും നല്‍കി ഒപ്പമുണ്ട്.
വളമാക്കാം ദുര്‍ഗന്ധമില്ലാതെ…
ദുര്‍ഗന്ധം ഒട്ടുമില്ലാതെ മാലിന്യങ്ങള്‍ വളമാക്കാം എന്നതാണ് എയ്‌റോബിക് കമ്പോസ്റ്റിംഗിന്റെ ഒരു പ്രത്യേകത. സൂക്ഷ്മാണുക്കളും മണ്ണിരകളും ധാരാളം മണ്ണിലുണ്ടാകുന്നതിനാല്‍ മണ്ണിന് ജീവന്‍വയ്ക്കുന്നു. മണ്ണിലെ ജൈവാശവും ഉത്പാദനക്ഷമതയും ഉയര്‍ത്തുന്നു. ജലം ശേഖരിച്ചു വയ്ക്കാനുള്ള മണ്ണിന്റെ ശേഷി ഇതുമൂലം ഉയരുന്നു. മേല്‍മണ്ണില്‍ വായൂപ്രവാഹം ഉറപ്പാക്കുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ക്കു വളരാനും നിലനില്‍ക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. എയ്‌റോബിക് കമ്പോസ്റ്റ് പോലുള്ള ജൈവവളങ്ങള്‍ മണ്ണിനും ചെടിക്കും ജീവന്‍പകരുന്നു. ഇതു മനുഷ്യനും ജീവന്‍പകരും.
ഫോണ്‍: അഡ്വ. ജോബി–90483 65 013.
ലേഖകന്റെ ഫോണ്‍– 93495 99 023.