ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ജാതിക്കയുടെ തോട് കളയാൻ ഇതാ ഒരു എളുപ്പ വഴി. വലിയ പിവിസി പൈപ്പിലൂടെ ജാതിക്ക താഴേക്ക് ഇട്ടാൽ മതി തോടും പരിപ്പും വേർതിരിച്ചു കിട്ടും.
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ അവാർഡ് നേടിയിട്ടുള്ള പാലക്കുഴിയിലെ മുണ്ടത്താനം മൈക്കിൾ ജോസഫാണ് ഈ രീതി കണ്ടെത്തി ജാതി കർഷകരുടെ കയ്യടി നേടുന്നത്.
നാല് ഇഞ്ചിന്റെ ഒരു ലംഗ്ത്ത് പിവിസി പൈപ്പും ഒരു ചതുരശ്ര അടി വലുപ്പമുള്ള ഗ്രാനൈറ്റോ, കടപ്പകല്ലോ ഒന്നുമില്ലെങ്കിൽ മൂന്ന് ഇഞ്ച് കനത്തിലുള്ള ചെറിയ കോണ്‍ക്രീറ്റ് സ്ലാബോ മതി ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ.
20 അടി നീളമുള്ള പൈപ്പായതിനാൽ കെട്ടിടത്തിനോട് ചേർന്ന് വേണം പൈപ്പ് സ്ഥാപിക്കാൻ. പൈപ്പിനു നേരെ താഴെ സ്ലാബ് വരണം. വലിയ സാങ്കേതിക വിദ്യയോ അക്കാദമിക് യോഗ്യതകളോ ഇതിന് വേണ്ട. കെട്ടിടത്തിനു മുകളിൽ കയറി പൈപ്പിലൂടെ ജാതിക്ക താഴെക്ക് ഇട്ടാൽ മതി.
വീഴ്ചയുടെ ശക്തിയിൽ ജാതിക്കയുടെ തോടും പരിപ്പും രണ്ടായി വേർതിരിയും. നല്ല ഉണക്കുള്ള ജാതിക്കയാണെങ്കിൽ പെട്ടെന്ന് തോട് പോകുമെന്ന് മൈക്കിൾ പറയുന്നു.
ഒരു കളിയായി കണ്ട് കുട്ടികൾക്കും പൈപ്പിലൂടെ ജാതിക്ക താഴേക്കിട്ട് പണി നടത്താം. ഈ ലളിതമായ സാങ്കേതിക വിദ്യയുടെ തുടക്കവും രസകരമാണ്. പണിയെടുത്ത് മടുത്തിരുന്ന മൈക്കിൾ ഒരു ദിവസം ചുമരിലേക്ക് ഒരു ജാതിക്ക വലിച്ചെറിഞ്ഞു. അപ്പോൾ അത് പൊട്ടി പരിപ്പും തോടും വെവേറെയായി തെറിച്ചു.
കൊള്ളാമല്ലോ ഈ സൂത്രപണി എന്ന് കരുതി പിന്നെ ഒരെണ്ണം മുകളിലേക്ക് ഇട്ടു. അത് താഴെ വീണപ്പോഴും പൊട്ടി രണ്ടായി മാറി.അങ്ങനെയാണ് പിന്നെ പൈപ്പ് സ്ഥാപിച്ചുള്ള പരീക്ഷണം നടത്തി വിജയിപ്പിച്ചത്.
മുന്‍പൊക്കെ ഒരോന്നും എടുത്ത് തല്ലി പൊട്ടിച്ചാണ് കുരു എടുത്തിരുന്നത്. ഇതിന് തൊഴിലാളികളുടെ കൂലി ചെലവ് തന്നെ വലിയൊരു തുക വരും.
വലിയ ജാതി കർഷകർക്കും കച്ചവടക്കാർക്കുമെല്ലാം തന്റെ കണ്ടെത്തൽ മൈക്കിൾ അയച്ചുകൊടുക്കുന്നുണ്ട്. എല്ലാവരിൽ നിന്നും നല്ല പ്രതികരണമാണെന്ന് മൈക്കിൾ പറഞ്ഞു.ജാതി തൈകളിലെ ബലൂണ്‍ ബഡിംഗ് രീതിയാണ് മൈക്കിളിന്റെ പുതിയ പരീക്ഷണം.
മുണ്ടത്താനം എന്ന ജാതിയിനങ്ങളും ഇന്ന് ഏറെ പ്രസിദ്ധമാണ്. മൈക്കിൾ വികസിപ്പിച്ചെടുത്ത എംഎൻ വണ്‍, എംഎൻ ടു ഉൾപ്പെടെ 27 ജാതിയിനങ്ങളുണ്ട് പാലക്കുഴിയിലെ മുണ്ടത്താനം നേഴ്സറിയിൽ.
200 വലിയ ജാതി മരങ്ങളും ഇവിടുത്തെ പരീക്ഷണ തോട്ടത്തിലുണ്ട്. 160 തെങ്ങ്, ഓറഞ്ച് ഉൾപ്പെടെ നാല്പതോളം പഴവർഗ്ഗങ്ങൾ, വിവിധയിനം കുരുമുളക് കൊടികൾ, മാവ്, പ്ലാവ് ഇനങ്ങൾ, വാഴ ഇനങ്ങൾ, വെച്ചൂർ പശുക്കൾ, 15 ലക്ഷം ലിറ്ററിന്റെ ജലസംഭരണി, ചെറുതേനിന്റെ 100ൽ പരം കൂടുകൾ തുടങ്ങി അതിശയ കാഴ്ചകളാണ് മൈക്കിളിന്റെ കൃഷിതോട്ടം.