ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം. ജിഷമോൾക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ അറസ്റ്റിലായത്. ജിഷയിൽനിന്ന് കിട്ടിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ കോൺവന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.
കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കള്ളനോട്ട് നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല.
ബിഎസ് സി അഗ്രിക്കള്‍ച്ചർ ബിരുദധാരിയായ ജിഷ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്.
2009ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വിഎച്ച്എസ്ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.
ഫാഷൻ, മോഡലിംഗ് രംഗങ്ങളിൽ സജീവമായ ഇവർ ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്.