കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ മേപ്പാടി കാട്ടിമട്ടം തൊള്ളായിരത്തിൽ പുതിയ ഇനം സസ്യം കണ്ടെത്തി.
സൊണറില്ല ജനുസിൽപ്പെടുന്ന സസ്യമാണ് ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണനിലയത്തിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്രം അധ്യാപകൻ ഡോ.ജോസ് മാത്യു, കേരള വനം ഗവേഷണ കേന്ദ്രത്തിലെ ഡോ.ഹൃത്വിക് എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയത്.
സൊണറില്ല സുൽഫി എന്നു പേരിട്ട സസ്യത്തെ സംബന്ധിച്ച പ്രബന്ധം അന്താരാഷ്ട്ര സയൻസ് ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
സ്വർണയില ജനുസിൽപ്പെട്ടതാണ് സൊണറില്ല സുൽഫി. ശാഖകളായി പിരിയുന്ന പൂങ്കുലയാണ് ഈ ജനുസിലുള്ള മറ്റു സസ്യങ്ങളിൽനിന്നു സൊണറില്ല സുൽഫിയെ വ്യത്യസ്തമാക്കുന്നത്.
മഴക്കാലങ്ങളിൽ അരുവികളോടുചേർന്നുള്ള പാറക്കെട്ടുകളിൽ പറ്റിവളരുന്ന സസ്യത്തിനു മാംസളമായ കിഴങ്ങും മനോഹരമായ ഇലകളും പൂക്കളും ഉണ്ടാവും.
ഏകദേശം നാലുമാസമാണ് ആയുർദൈർഘ്യം. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിൽ പ്രദേശത്തു 55 സൊണറില്ല സുൽഫി സസ്യങ്ങളെ മാത്രമാണ് കാണാനായത്. അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദ്യ അറേബ്യയിലെ പ്രിൻസ് സത്തംബിൻ അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ.എം.എം. സുൽഫിയോടുള്ള ആദരവായാണ് സസ്യത്തിന് സൊണറില്ല സുൽഫി എന്ന് പേരിട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും പണ്ഡിതനുമാണ് ഡോ.എം.എം. സുൽഫി.