തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗത്തിലെ പ്രഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി ഇന്ത്യയില്‍ നാലു പുതിയ സസ്യങ്ങള്‍ കൂടി കണ്ടെത്തി.
അരുണാചല്‍ പ്രദേശിലെ സീറോയില്‍നിന്നു കണ്ടെത്തിയ ജസ്നേറിയസിയെ സസ്യകുടുംബത്തില്‍ ലൈസിയോ നോട്ടസ് ജനുസില്‍പ്പെടുന്ന സസ്യത്തിന് ലൈസിയോനോട്ടസ് സിറോയെന്സിസ് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
ഡോ. സന്തോഷ് നമ്പി, ഗവേഷകരായ എം.കെ. അഖില്‍, നിഖില്‍ കൃഷ്ണ, അമൃത എന്നിവര്‍ ചേര്‍ന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഏഷ്യാ പസഫിക് ബയോഡൈവേഴ്സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഫ. സന്തോഷ് നമ്പി, എം.കെ. അഖില്‍, പി. ജവാദ് എന്നിവര്‍ ചേര്‍ന്ന് ചൈനയില്‍ മാത്രം കണ്ടു വന്നിരുന്ന ലൈസിയോനോട്ടസ് ഗാമോസെപാലസ് എന്ന സസ്യത്തെ അരുണാചല്‍ പ്രദേശിലെ റോയിംഗ് പ്രദേശത്തുനിന്നു കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.
ഇടുക്കിയിലെ മീശപ്പുലിമലയില്നിന്നു കണ്ടെത്തിയ മറ്റൊരു സസ്യമാണ് കംപാനുലേസിയ കുടുംബത്തില്‍പ്പെട്ട അസൈന്യൂമകുപുലാരെ.
ഇടുക്കി ജില്ലയിലെ സപുഷ്പി സസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രോജക്ടിന്റെ ഭാഗമായി പ്രഫ. സന്തോഷ് നമ്പി, ഗവേഷകരായ ദിവ്യ കെ. വേണുഗോപാല്‍, വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ് എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
പ്രസ്തുത ഗവേഷണഫലം അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ നോഡിക് ജേണല്‍ ഓഫ് ബോട്ടണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെലാസ്റ്റോ മെറ്റേസിയെ സസ്യകുടുംബത്തിലെ സുന്ദരിയില എന്നറിയപ്പെടുന്ന സോണറില ജനുസില്‍ രണ്ട് സസ്യങ്ങള്‍ കൂടി പുതിയതായി കണ്ടെത്തി.
പ്രഫ. സന്തോഷ് നമ്പി, ഗവേഷക ചേലക്കര സ്വദേശിനി എസ്. രശ്മി എന്നിവരാണ് ഈ പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.
വയനാട്ടിലെ ബാണാസുര മലനിരകളുടെ ഭാഗമായ കാറ്റുകുന്നില്നിന്നു കണ്ടെത്തിയ സസ്യത്തിന് സോണറില ലോംഗി പെഡംഗുലേറ്റ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.
സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍നിന്നു കണ്ടെത്തിയ ഈ ജനുസിലെ മറ്റൊരു സസ്യമാണ് സോണറില സ്റ്റോളനിഫെറ.
ഈ രണ്ടു പുതിയ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ജേണലുകളായ യൂറോപ്യന്‍ ജേണല്‍ ഓഫ് ടാക്സോണമിയിലും ന്യൂയോര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള ബ്രിട്ടോണിയയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.