ഇന്ത്യൻ കർഷകൻ കടത്തിൽ ജനിച്ച് കടത്തിൽ ജീവിച്ച് കടത്തിൽ മരിക്കുന്നുവെന്ന് പറയാറുണ്ട്. എന്നിട്ടും നമ്മൾ കാർഷിക രാജ്യമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. സൗദിയിലെ കാർഷിക വികസന നിധി കഴിഞ്ഞ വർഷം കാർഷിക വായ്പകളായി നൽകിയത് 188 കോടി റിയാൽ ആണെന്നറിയുന്പോൾ അതല്ലേ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക രാജ്യമെന്ന് തോന്നിപ്പോകും.
കഴിഞ്ഞ വർഷം ആകെ 2200 കാർഷിക വായ്പകളാണ് സൗദിയിലെ കാർഷിക വികസന നിധി അനുവദിച്ചത്. കാർഷിക വായ്പകളിൽ 80 ശതമാനം വർധനയുണ്ടായി. 2018 ൽ കാർഷിക വായ്പകളായി 104 കോടി റിയാലാണ് അനുവദിച്ചത്.
രണ്ടു വർഷത്തിനിടെ കിട്ടാക്കടങ്ങൾ കുറയ്ക്കുന്നതിന് കാർഷിക വികസന നിധിക്ക് സാധിച്ചതായി ഫണ്ട് വക്താവ് മൂസ അൽഖഹ്താനി പറഞ്ഞു. വായ്പാ തിരിച്ചടവിന് ഇളവുകൾ നൽകിയതിലൂടെയും തിരിച്ചടവ് പുനഃക്രമീകരിച്ചതിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. 2017 ൽ കിട്ടാക്കടം 306 കോടി റിയാലായിരുന്നു.
കഴിഞ്ഞ വർഷാവസാനത്തോടെ ഇത് 253 കോടി റിയാലായി കുറഞ്ഞു. എട്ടു മേഖലകളിലെ ചെറുകിട കർഷകർക്ക് വായ്പകൾ അനുവദിക്കുന്നതിന് നിധി മുൻഗണന നൽകുന്നു. ഈ വർഷം കാർഷിക വായ്പകൾക്ക് 300 കോടി റിയാൽ നീക്കിവച്ചിട്ടുണ്ട്. പൗൾട്രി ഫാം പദ്ധതികൾ, മത്സ്യകൃഷി, വിദേശങ്ങളിലെ കാർഷിക പദ്ധതികൾ, കാർഷിക വിളകളുടെ വിപണനം അടക്കമുള്ള പദ്ധതികൾക്കെല്ലാം വായ്പകൾ അനുവദിക്കും.
55 വർഷം മുന്പ് പ്രവർത്തനം തുടങ്ങിയ ശേഷം കാർഷിക വികസന നിധി ഇതുവരെ കർഷകർക്ക് 5100 കോടി റിയാൽ വായ്പകൾ നൽകിയിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി വിദേശത്ത് കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിന് വായ്പകൾ നൽകുന്നതിനുള്ള പദ്ധതി പ്രകാരം കഴിഞ്ഞ മാസം സൗദി കന്പനിക്ക് 15.8 കോടി റിയാൽ വായ്പ അനുവദിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി കാർഷിക വികസന നിധി അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണിത്.എണ്ണപ്പാടങ്ങളിൽ മാത്രമല്ല കാർഷികമേഖലയിലും ഈ രാജ്യവും ഭരണാധികാരികളും ചെലുത്തുന്ന ശ്രദ്ധ കാണുന്പോൾ കൊതിയാകുന്നു….