ജീവിതം നമുക്ക് പല വേഷങ്ങള്‍ സമ്മാനിക്കാറുണ്ട്. ലക്കി ബിഷ്ത് എന്ന മനുഷ്യനെ സംബന്ധിച്ച് റോ ഏജന്റ്, നരേന്ദ്ര മോദിയടക്കമുള്ളവരുടെ അംഗരക്ഷകന്, ചലച്ചിത്ര നിര്‍മാതാവ്, എഴുത്തുകാരന് എന്തിനേറെ ജയില്‍പ്പുള്ളി എന്നിങ്ങനെ ആരെയും അമ്പരപ്പിക്കുന്ന റോളുകളാണ് ലഭിച്ചിട്ടുള്ളത്.
ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലെ ഗംഗോലിഹാട്ടിലാണ് ലക്കി ബിഷ്ത് ജനിച്ചത്. സൈനികരുടെ കുടുംബത്തില്‍ നിന്നുള്ള ലക്കി 2003ല്‍ തന്റെ 16-ാം വയസില്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഏജന്‍സിയില്‍ ചേര്‍ന്നു.
ശേഷം രണ്ടര വര്‍ഷം പ്രത്യേക പരിശീലനത്തിനായി ഇസ്രായേലില്‍ ചെലവഴിച്ചു. റോ ഏജന്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഇദ്ദേഹം പല രാജ്യങ്ങളിലും ദൗത്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ട്.
മാത്രമല്ല അസം റൈഫിള്‍സ്, പ്രത്യേക സേന, ഇന്ത്യന്‍ ആര്‍മി എന്നിവയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ലക്കി.
റോ യില്‍ നിന്നും ഒരു ഇടവേള എടുത്ത് അദ്ദേഹം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ (എന്‍എസ്ജി) ചേര്‍ന്നു.
ഈ കാലയളവില്‍ നരേന്ദ്ര മോദി (അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍), രാജ്നാഥ് സിംഗ് (അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍), മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു തുടങ്ങി പ്രമുഖരായ നിരവധി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അംഗരക്ഷകനായി ലക്കി സേവനമനുഷ്ഠിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 2010 നവംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ലക്കി ആയിരുന്നു.
2009ല്‍ എന്‍എസ്ജിയില്‍ നിന്ന് മികച്ച കമാന്‍ഡോ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
എന്നാല്‍ ഏറെ നാടകീയമായി 2011 സെപ്റ്റംബറില്‍ ഉത്തരാഖണ്ഡ് പോലീസ് ലക്കിയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. മൂന്നുവര്‍ഷത്തോളമാണ് ലക്കി 11 ഓളം ജയിലുകളില്‍ കിടന്നത്.
പിന്നീട് 2015 മാര്‍ച്ച് 11ന് അദ്ദേഹത്തെ വിട്ടയച്ചു. തെളിവുകളുടെ അഭാവത്തില്‍ 2018 മാര്‍ച്ച് ആറിന് നൈനിറ്റാള്‍ ജില്ലാ കോടതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്കി. 2018ല്‍ ലക്കി വീണ്ടും സ്പെഷ്യല്‍ ഫോഴ്സില്‍ ചേരുകയും 2019ല്‍ വിരമിക്കുകയും ചെയ്തു.
പിന്നീട് എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും വേഷത്തിലായിരുന്നു അദ്ദേഹം. വിരമിച്ച വര്‍ഷംതന്നെ ഒരു എഴുത്തുകാരനായി അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചു. നിലവില്‍ മൂന്ന് വെബ് സീരീസുകളും ഒരു സിനിമയും അദ്ദേഹം എഴുതിയിട്ടുണ്ട്.
കൂടാതെ “ലക്കി കമാന്‍ഡോ ഫിലിംസ്’ എന്ന ബാനറില്‍ ലക്കി ബിഷ്ത് സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു.
ഹല്‍ദ്വാനിയിലും മുംബൈയിലും ഓഫീസുകളുള്ള ഈ കമ്പനി നിരവധി ഹ്രസ്വ ചലച്ചിത്രങ്ങളും ആല്‍ബങ്ങളും വെബ് സീരീസുകളും നിര്‍മിക്കുകയുണ്ടായി.
മഹാന്മാരുടെ ചരിത്രം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങാതെ ചലച്ചിത്രങ്ങളായി മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ലക്കി പറയുന്നത്. 19-ാം വയസില്‍ ജീവന് ബലിയര്‍പ്പിച്ച ഒന്നാം ലോകമഹായുദ്ധ നായകനായ വിക്ടോറിയ ക്രോസ് ഗബ്ബര്‍ സിംഗ് നേഗിയുടെ ജീവിതം സിനിമയാക്കാൻ മുന്നിട്ടിറങ്ങിയത് അതിനാലാണ്.
പ്രമുഖ എഴുത്തുകാരന് ഹുസൈന് സെയ്ദി ഇപ്പോള്‍ ലക്കിയുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. “ഏജന്റ് ലിമ’ എന്ന പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.
ലക്കി സര്‍വീസിലായിരുന്ന കാലത്തെ കോഡ് നാമമായിരുന്നു “ഏജന്റ് ലിമ’. 2022 അവസാനത്തോടെ പുസ്തകം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
മാത്രമല്ല ലക്കി ബിഷ്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന്റെ എഴുത്തില്‍ക്കൂടിയാണ് ഹുസൈനിപ്പോള്‍.
ഏതായാലും “ചാരനില്‍ നിന്നും എഴുത്തുകാരനിലേക്കുള്ള’ അദ്ദേഹത്തിന്റെ ജീവിതം ചലച്ചിത്രമാകുമ്പോള്‍ അതൊരു സംഭവമായിരിക്കുമെന്ന് ഉറപ്പിക്കാം.