സാംബ: ലഷ്കർ ഇ തോയിബയുടെ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ന്റെ മുഖ്യആസൂത്രകൻ സഹീൽ എന്ന സഹൂർ അഹമ്മദ് റാവുത്തറിനെ സാംബ ജില്ലയിൽനിന്നു പോലീസ് പിടികൂടി.
തെക്കൻ കാഷ്മരിലെ ഫുറായിൽ പോലീസുകാരനെയും കുൽഗാമിൽ മൂന്നു ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
2004ൽ പാക്കിസ്ഥാനിൽനിന്ന് ആയുധ പരിശീലനം നേടിയ തെക്കൻ കാഷ്മീർ സ്വദേശിയായ സഹീൽ, അഞ്ചു തീവ്രവാദികൾക്കൊപ്പം ഇന്ത്യയിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.
2006ൽ കീഴടങ്ങിയെങ്കിലും പുറത്തിറങ്ങി കഴിഞ്ഞവർഷം ടിആർഎഫിൽ ചേർന്നു. പാക്കിസ്ഥാനിൽനിന്ന് ആയുധങ്ങളും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണ് സഹീർ കഴിഞ്ഞദിവസം സാംബയിലെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളത്തിലെത്തിയാണ് സഹീലിനെ പോലീസ് പിടികൂടിയത്.
ലഷ്കർ ഇ മുസ്തഫ എന്ന സ്വയം പ്രഖ്യാപിത തീവ്രവാദസംഘടനയുടെ തലവൻ ഹസ്നയ്ൻ എന്ന ഹിദായത്തുള്ള മാലിക്കിനെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.