പ്രിയതമയെ ജീവനോടെ അവസാനമായി ഒരു നോക്ക് കണ്ട ഹോട്ടല്‍ മുറി; പ്രാണസഖിയുടെ ഓര്‍മകള്‍ നിറഞ്ഞ ഈ മുറിയിലേക്ക് അഹമ്മദ് ഇനി വരില്ല…

പ്രബല്‍ ഭരതന്‍
2-malaba

കോഴിക്കോട്: പ്രാണസഖിയുടെ ഓര്‍മകള്‍ ഇരന്പുന്ന മുറിയിലേക്ക് അഹമ്മദ് ഇനി വരില്ല. തന്‍റെ പ്രിയതമയെ  ജീവനോടെ അവസാനമായി ഒരു നോക്ക് കണ്ട ഹോട്ടല്‍ മുറി അഹമ്മദിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു. ഭാര്യ സുഹറ മരിച്ച ശേഷം തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും അഹമ്മദ് ചെലവഴിച്ചത് ഈ മുറിയിലായിരുന്നു. ഭാര്യയുടെ വിയോഗത്തെ തുടര്‍ന്ന് തന്‍റെ ക്യാന്പ് ഓഫീസും വീടും എല്ലാം കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലിലെ 502ാം നന്പര്‍ മുറിയിലേക്ക്  അഹമ്മദ് മാറ്റി. ഇവിടെ വച്ചായിരുന്നു ഇ. അഹമ്മദും, ഭാര്യ സുഹറ അഹമ്മദും അവസാനമായി കണ്ട് യാത്ര പറഞ്ഞത്.  2002ല്‍ എംപി ആയിരുന്ന അഹമ്മദ് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്പ് ഭാര്യ സുഹറയുമൊത്ത് മലബാര്‍ പാലസിലെ 502ാം നന്പര്‍ മുറിയിലായിരുന്നു വിശ്രമിച്ചത്. അന്ന് ഭാര്യയോട് യാത്ര പറഞ്ഞ് പിരിഞ്ഞ അഹമ്മദിന് പീന്നീട് സുഹറയുടെ ചേതനയറ്റ ശരീരം മാത്രമാണ് കാണാന്‍ സാധിച്ചത്.

കണ്ണൂരിലെ വീട്ടിലേക്ക് റോഡ് മാര്‍ഗം യാത്ര പോയ സുഹറ അപകടത്തില്‍ മരിക്കുകയായിരുന്നു.  പ്രിയതമയ്‌ക്കൊപ്പം അവസാന മണിക്കൂറുകള്‍ ചെലവഴിച്ച 502ാം നന്പര്‍ മുറി പിന്നീട് അഹമ്മദിന് സ്വന്തം വീട് പോലെയായി. ഈ മുറി ഹോട്ടലുകാര്‍ പിന്നീട് മറ്റാര്‍ക്കും വേണ്ടി ഇതേ വരെ തുറന്നിട്ടുമില്ല. തന്‍റെ ഓഫീസും വീടുമെല്ലാം 502ാം നന്പര്‍ മുറിയിലൊതുക്കിയ അഹമ്മദ്,  സുഹറയുടെ ഓര്‍മയില്‍ നീണ്ട 15 വര്‍ഷമാണ് ഈ മുറി ഉപയോഗിച്ചത്.

മലബാറിലെ ഏത് ജില്ലയിലെത്തിയാലും അഹമ്മദ് മലബാര്‍ പാലസിലെത്തിയായിരുന്നു വിശ്രമിക്കുക. മറ്റു ജില്ലകളിലെ പരിപാടി രാത്രി വൈകിയാണ് കഴിയുന്നതെങ്കിലും അദ്ദേഹം ഇവിടെയെത്താറുള്ളതായി ജീവനക്കാര്‍ ഓര്‍ക്കുന്നു. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മലബാര്‍ പാലസിലെ മുറിയിലൊതുക്കിയ അഹമ്മദ് ഇവിടുത്തെ ജീവനക്കാര്‍ക്ക് സ്വന്തം വീട്ടിലെ മുതിര്‍ന്ന അംഗത്തെ പോലെയായിരുന്നു. ജീവനക്കാരുടെ ഏത് പ്രയാസങ്ങളും പറഞ്ഞാല്‍ പരിഹാരം കാണുന്ന കാരണവര്‍. ഹോട്ടലിലെ ജീവനക്കാര്‍ക്ക് എല്ലാ ഉത്സവകാലത്തും സമ്മാനങ്ങള്‍ നല്‍കുക മാത്രമല്ല ജോലിക്കാരോട് കുശലം അന്വേഷിച്ചും അദ്ദേഹം സാധാരണക്കാരില്‍ സാധാരണക്കാരാനായാണ് ഇവിടെ കഴിഞ്ഞതെന്ന് ജീവനക്കാര്‍ ഓര്‍ക്കുന്നു.

റെയില്‍വേ സഹമന്ത്രി ആയിരുന്നപ്പോള്‍  ഇതേ മുറിയിലാണ് അദ്ദേഹത്തിന്‍റെ ക്യാന്പ് ഓഫീസ് പ്രവര്‍ത്തിച്ചതെന്ന് ഹോട്ടലിലെ ബെല്‍ ക്യാപ്റ്റനായ വളപ്പില്‍ രാജന്‍ ഓര്‍ക്കുന്നു.  കഴിഞ്ഞ 15 വര്‍ഷമായി അഹമ്മദ് സാഹിബ് മാത്രം ഉപയോഗിച്ച മുറി ഇനി അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് വേണ്ടി തുറക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജീവനക്കാര്‍.

Related posts