ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ടിനെ കൊടുംഭീകരനാക്കിയതു പ്രണയനൈരാശ്യം. വിവാഹാഭ്യർഥന നിരസിച്ച കാമുകിയോടുള്ള പക ഒടുവിൽ മാതൃരാജ്യത്തിനു നേരേയുള്ള പകയാവുകയായിരുന്നത്രേ.
കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുർഹൻ വാനിയുടെ സന്തതസഹചാരിയായിരുന്നു തെക്കൻ കാഷ്മീരിലെ ത്രാൽ നിവാസിയായ സബ്സർ. ത്രാലിലെ കാംല വനത്തിൽവച്ച് ബുർഹൻ വാനിയുടെ സഹോദരൻ ഖാലിദ് കൊല്ലപ്പെട്ടതിനെത്തുടർന്ന്, 2015ൽ ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് സബ്സർ ഭീകരസംഘടനയിൽ ചേരുകയായിരുന്നു.
മൂസ എന്നറിയപ്പെടുന്ന സക്കീർ ഹിസ്ബുൾ ഹുറിയത്ത് നേതാക്കൾക്കെതിരേയുള്ള പ്രസ്താവനയുടെ പേരിൽ മുജാഹിദിനിൽ നിന്ന് പുറത്തായതിനെത്തുടർന്ന്, ഈമാസം പകുതിയോടെയാണ് സബ്സർ നേതൃസ്ഥാനത്ത് എത്തുന്നത്. ത്രാലിലെ വനത്തിനുള്ളിൽ ആയുധപരിശീലനം നേടിയ ഇയാൾ ഇതുവരെ പാക്കിസ്ഥാനിലേക്കു പോയിട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തേ പലതവണ ഇയാൾ സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.
യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ മികവ് തെളിയിച്ച ഇയാൾ കൂടുതൽസമയം ഒളിത്താവളത്തിലാണു കഴിഞ്ഞുകൂടിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുള്ളവരെയും ഇയാൾ കൊലയ്ക്കു കൊടുത്തിട്ടുണ്ടെന്നു പോലീസ് പറയുന്നു.