ഭീകരബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ നാല് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ.
ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) പ്രവര്ത്തകന് ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അര്‍സൂമന്ദ് ഖാന് (2011 ബാച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന് സയ്യിദ് അബ്ദുല്‍ മുയീദ് (ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐടി മാനേജര്‍), മുഹീത് അഹമ്മദ് ഭട്ട് (കശ്മീര്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്), മജീദ് ഹുസൈന് ഖാദ്രി (കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരെയാണ് പുറത്താക്കിയത്.
അസ്ബ അര്‍സൂമന്ദ് ഖാന് പല തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഭര്‍ത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ് അസ്ബയുടെ ഭീകരബന്ധങ്ങള്‍ വെളിപ്പെട്ടത്.
2003ല്‍ ഷെര്‍ ഇ കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയിലാണ് അസ്ബ ആദ്യമായി ജോലി ചെയ്തത്. പിന്‍വാതിലിലൂടെയായിരുന്നു നിയമനം.
2003നും 2007നും ഇടയില്‍ മാസങ്ങളോളം അസ്ബ ജോലിയില്‍നിന്ന് അവധിയെടുത്തെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
ഒടുവില്‍, 2007 ഓഗസ്റ്റില്‍ അസ്ബയെ ജോലിയില്‍നിന്നു പുറത്താക്കി. അവധിയെടുത്ത സമയത്ത് ജര്‍മനി, യുകെ, ഹെല്‍സിങ്കി, ശ്രീലങ്ക, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് അസ്ബ പോയി.
ജെകെഎല്‍എഫിന്റെ ദൂതയായും അസ്ബ ജോലി ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഭൂരിഭാഗം വിദേശയാത്രകള്‍ക്കു ശേഷവും നേപ്പാള്‍ അല്ലെങ്കില്‍ ബംഗ്ലദേശില്‍നിന്ന് റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഈ സമയങ്ങളില്‍ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനയുണ്ട്.
2011ല്‍ ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പാസായ അസ്ബ, മാസങ്ങള്‍ക്കുള്ളില്‍ ബിട്ട കരാട്ടെയെ വിവാഹം കഴിച്ചതായും ഉദ്യോഗസ്ഥന് പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത സുപ്രീം കമാന്‍ഡര്‍ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടവരില്‍ മറ്റൊരാളായ സയ്യിദ് അബ്ദുല്‍ മുയീദ്.
ജെകെഇഡിഐയില്‍ ഐടി മാനേജരായി ജോലി ചെയ്തുവരികയായിരുന്ന മുയീദിനെ, 2012ലാണ് ഐടി കണ്‍സല്‍ട്ടന്റായി കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ നിയമിച്ചത്. നിയമം കാറ്റില്‍പറത്തിയാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സെലക്ഷന് പാനലില്‍ കുറഞ്ഞതു മൂന്ന് അംഗങ്ങളെങ്കിലും തീവ്രവാദ അനുഭാവികളായിരുന്നു. മുയീദിനെ പിന്നീട് ജോലിയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു.
സലാഹുദീന്റെ മറ്റു രണ്ടു മക്കളായ അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരും മാനദണ്ഡങ്ങള്‍ ലംഘിച്ച് 2000ത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയിരുന്നു.
ഇരുവരെയും ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ഇപ്പോള്‍ വിചാരണ നേരിടുന്ന ഇവര്‍ ജയിലില്‍ കഴിയുകയാണ്.
കാശ്മീര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ മുഹീത് അഹമ്മദ് ഭട്ട്, 2017 മുതല്‍ 2019 വരെ ടീച്ചേഴ്സ് അസോസിയേഷന്റെ (കെയുടിഎ) എക്സിക്യൂട്ടീവ് അംഗവും 2017 മുതല്‍ 2019 വരെ അതിന്റെ പ്രസിഡന്റുമായിരുന്നു.
2016ല്‍ നിരവധി യുവാക്കള്‍ മരിച്ച വിദ്യാര്‍ഥി പ്രതിഷേധങ്ങളും തെരുവ് പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതില്‍ മുഹീത് പ്രധാന പങ്ക് വഹിച്ചതായി ഉദ്യോഗസ്ഥന് വിശദീകരിച്ചു.
ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍ മജീദ് ഹുസൈന് ഖാദ്രിയെ പുറത്താക്കിയത്.