ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: അഹമ്മദ് പട്ടേലിന്റെ മുഖത്ത് മിക്കപ്പോഴും ഒരു ചെറുപുഞ്ചിരി ഉണ്ടാകും. എന്നാല്‍ സാധാരണ പൊട്ടിച്ചിരിക്കില്ല. ആ മുഖത്തെ ഭാവങ്ങളില്‍ നിന്ന് പക്ഷേ രാഷ്്ട്രീയത്തിലെ പരിചയസമ്പന്നര്‍ക്കു പോലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ തിരിച്ചറിയാനാകില്ല.
കോണ്‍ഗ്രസിലെ ചാണക്യതന്ത്രങ്ങളുടെ രാജാവാണ് ഇന്നു രാവിലെ കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞത്.
സോണിയയുടെ വിശ്വസ്തന്
കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവായിരുന്നു ഇന്നു പുലര്‍ച്ചെ അന്തരിച്ച 71-കാരനായ അഹമ്മദ് പട്ടേല്‍. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും പട്ടേലിനെ വിശ്വാസമായിരുന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗും തമ്മിലുള്ള പ്രധാന പാലവും ഇദ്ദേഹമായിരുന്നു. യുപിഎ ഭരണകാലത്ത് പട്ടേലിന്റെ വാക്കുകളായിരുന്നു അന്തിമകല്പന.
യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിസന്ധികളിലെ രക്ഷകന് ആയിരുന്നു അഹമ്മദ് പട്ടേല്‍.
രാഷ്്ട്രീയ ചാണക്യൻ
കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടു യുപിഎ സര്‍ക്കാരും നേരിട്ട എല്ലാ പ്രതിസന്ധികളിലും പട്ടേലായിരുന്നു പ്രധാന ട്രബിള്‍ ഷൂട്ടര്‍. അതിനാല്‍ തന്നെ പട്ടേലിനെ വീഴ്ത്താനും തളര്‍ത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സര്‍വശ്രമങ്ങളും നടത്തി.
1977 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ ലോക്സഭാംഗവും പിന്നീട് അഞ്ചു തവണ രാജ്യസഭാംഗവുമായ പട്ടേലിനെ പിടിച്ചുകെട്ടാന്‍ എളുപ്പമല്ലെന്ന് ഒടുവില്‍ മോദിക്കും ഷായ്ക്കു പോലും ബോധ്യമായി.
ഏറ്റവും അവസാനം 2017 ഓഗസ്റ്റില്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താന്‍ ബിജെപി സര്‍വതന്ത്രങ്ങളും മറയില്ലാതെ പയറ്റി.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവയ്പിച്ചായിരുന്നു ഈ കളി. ജയിക്കാന്‍ 44 വോട്ട് പട്ടേലിന് കിട്ടില്ലെന്ന് ഉറപ്പാക്കാനും ഒഴിവുള്ള നാലു സീറ്റിലേക്കും ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനും ഏതു മാര്‍ഗവും സ്വീകരിക്കാനായിരുന്നു ബിജെപി ഉന്നതരുടെ തീരുമാനം.
പക്ഷേ 44 വോട്ടു നേടി പട്ടേല്‍ ജയിച്ചു. കോണ്‍ഗ്രസില്‍ നിന്നു കൂറുമാറ്റിയ രണ്ടു എംഎല്‍എമാര്‍ വോട്ടിംഗിനു ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടിയതിലൂടെ ആ വോട്ടുകള്‍ അസാധുവാക്കപ്പെടുകയായിരുന്നു.
മോദി- ഷാ കൂട്ടുകെട്ടിനേറ്റ ഏറ്റവും കനത്ത തിരിച്ചടിയായിരുന്നു അന്ന് പട്ടേലിന്റെ ജയം. അതാണ് അഹമ്മദ് പട്ടേല്‍. ആര്‍ക്കും കണക്കുകൂട്ടാനാകാത്ത തന്ത്രങ്ങളുടെ ആചാര്യന്.
ഗാന്ധികുടുംബത്തോട് തികഞ്ഞ കൂറ്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തിന്റെ കൈക്കാരന് മാത്രമായിരുന്നില്ല പട്ടേല്‍. കോണ്‍ഗ്രസിന് ആവശ്യമായ ഫണ്ട് എത്തിക്കുന്നതിലും പട്ടേലിനോളം മികച്ചവര്‍ കുറവായിരുന്നു.
നെഹ്റു – ഗാന്ധി കുടുംബത്തോട് തികഞ്ഞ കൂറുള്ള തികഞ്ഞ കോണ്ഗ്രസുകാരന് കൂടിയായിരുന്നു ഇദ്ദേഹം. രാജീവ് ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന പട്ടേല്‍ സോണിയാ ഗാന്ധിയുടെ രാഷ്്ട്രീയകാര്യ സെക്രട്ടറിയെന്ന നിലയിലും മികവു കാട്ടി.
പ്രശ്നക്കാരെ തന്ത്രപൂർവം ഒതുക്കി
കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടായ പ്രതിസന്ധികളിലെല്ലാം പട്ടേലിന്റേതായിരുന്നു നിര്‍ണായക തീരുമാനങ്ങള്‍. കേരള നേതാക്കളുമായും പത്രപ്രവര്‍ത്തകരുമായും പട്ടേലിനുണ്ടായിരുന്ന അടുത്ത ബന്ധം ഊഷ്മളവുമായിരുന്നു.
കെ. കരുണാകരനും എ.കെ. ആന്റണിയും അടക്കമുള്ള ഏതാണ്ടെല്ലാ നേതാക്കളുമായും പട്ടേലിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുക മാത്രമല്ല, പ്രശ്നക്കാരായവരെ തന്ത്രപരമായി ഒതുക്കാനും പട്ടേലിനു അസാമാന്യ മികവുണ്ടായിരുന്നു.
പാതിരാത്രിക്കു ശേഷവും ഉണര്‍ന്നിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന പട്ടേലിന് രാത്രി പട്ടേല്‍ എന്നും അലുമിനിയം പട്ടേല്‍ എന്നും മറ്റും നിരവധി പേരുകള്‍ വീണിരുന്നു. അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിനും രാജ്യത്തെ പ്രതിപക്ഷത്തിനും ദേശീയ രാഷ്്ട്രീയത്തിനും വലിയ നഷ്ടമാകും.