കോഴിക്കോട്: നാദാപുരം തൂണേരിയിൽ തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയായ ഗൃഹനാഥനെ വിട്ടു നൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്.
അഹമ്മദിന്റെ ഖത്തറിലുള്ള സഹോദരനാണ് ഫോൺ കോൾ ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ അഹമ്മദിന്റെ വിരലുകൾ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്.
ഖത്തർ സമയം രണ്ടിനുള്ളിൽ പണം നൽകണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
ഇന്ന് പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ പോവുമ്പോൾ സ്കൂട്ടർ തടഞ്ഞ് നിർത്തി ബലമായി അഹമ്മദിനെ കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തു.