നടന് കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്ക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് കൃഷ്ണകുമാറിന്റെ നാലു പെണ്മക്കളും സിനിമയിലെത്തിയിരിക്കുകയാണ്.
2014ല് പുറത്ത് ഇറങ്ങിയ ഞാന് സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മൂത്ത മകള് അഹാനയായിരുന്നു ആദ്യം സിനിമയില് എത്തിയത്.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വാരി വലിച്ച് സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്.
സോഷ്യല് മീഡിയയില് സജീവമാണ് അഹാന. സിനിമ വിശേഷങ്ങള് മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങള് ഒന്നും വരാതിരുന്നപ്പോള് താന് ഡിപ്രഷനിലേക്ക് പോവാതിരുന്നതിന്റെ കാരണം ഇപ്പോള് തുറന്നു പറഞ്ഞിരിക്കുകയാണ് അഹാന.
അച്ഛന് നടനായതും കൊണ്ട് അച്ഛനെ കണ്ട് വളര്ന്നതിനാല് അവസരങ്ങള് നഷ്ടമാകും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്.
തനിക്ക് ഓര്മ്മ വച്ച കാലം മുതല് തന്റെ അച്ഛന് ഒരു നടനാണ്. യഥാര്ത്ഥത്തില് താന് ജനിക്കുന്നതിന് മുമ്പേ അച്ഛന് അഭിനയിക്കുന്നുണ്ട്.
ഒരു പക്ഷെ അതുകൊണ്ട് ആയിരിക്കാം ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ അവസരങ്ങള് ഒന്നും വരാതിരുന്നപ്പോള് താന് ഡിപ്രഷനിലേക്ക് ഒന്നും പോകാതിരുന്നത്.
കാരണം ഇത് പാര്ട്ട് ഓഫ് ദി ഗെയിം ആണെന്ന് തനിക്ക് അറിയാം. ഇനി വലിയൊരു സിനിമയ്ക്കായി കരാര് ഒപ്പിട്ട ശേഷം തന്നെ ഒഴിവാക്കിയാലും തനിക്ക് പ്രശ്നമില്ലെന്നും അഹാന പറയുന്നു.
ഒഴിവാക്കുമ്പോള് വിഷമമുണ്ടാവുമെങ്കിലും താന് ഇല്ലാതായി പോവുകയോ തകര്ന്ന് പോവുകയോ ചെയ്യില്ലെന്നുംകാരണം ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടറിഞ്ഞിട്ടുണ്ടെന്നും അഹാന പറയുന്നു.
അതുകൊണ്ട് തന്നെ സിനിമ തന്റെ ജീവിതമാണ് എന്ന് പറയില്ലെന്നും സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും അഹാന വ്യക്തമാക്കുന്നു.
ഇക്കാര്യങ്ങള് ഒക്കെ നേരത്തെ തന്നെ മനസിലാക്കി വച്ചിട്ടുണ്ട് എന്നാണ് അഹാന ഒരു അഭിമുഖത്തില് പറയുന്നത്.
അതേസമയം നാന്സി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടെതായി ഒരുങ്ങുന്നത്. മമ്മൂട്ടി ആരാധികയായ പെണ്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് നാന്സി റാണി.
ഷൈന് ടോം ചാക്കോ നായകനായി എത്തുന്ന ചിത്രമാണ് അടി. ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് ആണ് ചിത്രം നിര്മ്മിക്കുന്നത്.
അതേ സമയം സിനിമ തെരഞ്ഞെടുത്തപ്പോള് തന്റെ അച്ഛന് നല്കിയ ഉപദേശങ്ങളെ കുറിച്ച് അടുത്തിടെ അഹാന വെളിപ്പെടുത്തിയിരുന്നു.
ഞാന് സിനിമയില് വരുമ്പോള് അച്ഛന് കുറേയധികം നല്ല ഉപദേശങ്ങള് നല്കിയിട്ടുണ്ട്. ലൊക്കേഷനില് ആരെയും വില കുറച്ചു കാണരുത്.
ലൈറ്റ് ബോയ് മുതല് ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം.
നമ്മള് ഏതു മേഖലയില് ആയാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള് തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്. അത് കൊണ്ട് ആരെയും ചെറുതായി കാണരുത്.
സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാന് സ്വീകരിച്ച ഉപദേശങ്ങളാണ്.
ഉറങ്ങുന്നതിനു ഒരു മണിക്കൂര് മുന്പെങ്കിലും മൊബൈല് ഫോണ് ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന് പറഞ്ഞു തന്ന ഉപദേശം മാത്രം ഞാന് സ്വീകരിച്ചിട്ടില്ല എന്നും അഹാന പറയുന്നു.