തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ കയറിയതായി കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകൾ നടത്തി. കഴിഞ്ഞ ഒൻപതിന് ക്ഷേത്ര ദർശനം നടത്തിയവരിൽ അഹിന്ദുക്കൾ ഉൾപ്പെട്ടുവെന്നാണ് കണ്ടെത്തൽ.
അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം നടത്തേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിർദേശപ്രകാരം നിർത്തിവച്ചു. പരിഹാരപൂജകൾക്ക് ശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. അഹിന്ദുക്കൾ കയറിയെന്നു സംശയിക്കുന്ന സാഹചര്യത്തിൽ പൂജകൾ നിർത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി നിർദേശിക്കുകയായിരുന്നു.