കോഴിക്കോട് : ഇതരദേശ തൊഴിലാളികളുടെ വേഷത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും തടയാന്‍ കഴിയാതെ പോലീസ്.
ഇതരദേശതൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നവര്‍ വിവരം അറിയിക്കാതെ നിസഹകരിക്കുന്നതുമാണ് പോലീസിനെ ആശങ്കയിലാക്കുന്നത്.
ഇതിന് പുറമേ സംസ്ഥാനത്തെത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തതും തിരിച്ചടിയാണ്. തൊഴില്‍ വകുപ്പാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.
എന്നാല്‍ വിവരശേഖരണം പേരിന് പോലും ഇപ്പോള്‍ നടക്കുന്നില്ല. കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതോടെയാണ് ഇതരദേശ തൊഴിലാളികളുടെ വിവരശേഖരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാവുന്നത്.
നേരത്തെയും ഇത്തരത്തില്‍ ഇതദേശ തൊഴിലാളികളുടെ വേഷത്തില്‍ തീവ്രവാദികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ 11 പോലീസുകാരെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളി മാവോയിസ്റ്റ് നേതാവ് ജിതേന്ദര്‍ ഓറത്തെ പിടിയിലായത് 2015 -ല്‍ അങ്കമാലിയില്‍ വച്ചാണ്. ഒക്ടോബര്‍ 10നായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൊട്ടു പിന്നാലെയാണ് നിരോധിത തീവ്രവാദ സംഘടനയായ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത് വിഭാഗം) ഓര്‍ഗനൈസിങ് സെക്രട്ടറിയും സംഘടനയുടെ പതിനാറാം ബറ്റാലിയന് സേനാ കമാന്‍ഡറുമായ ബി.എല്‍. ദിന്‍ഗ (ലിബിയോണ്‍ ബസുമതാരി 64)യെ കോഴിക്കോട് വച്ച് പോലീസ് പിടികൂടിയത്.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഇതേതുടര്‍ന്ന് മറുനാടന്‍ തൊഴിലാളികളുടെ ബയോമെട്രിക് വിവരശേഖരണം നടത്താന്‍ പോലീസ് പദ്ധതി നടപ്പാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായി കോഴിക്കോട് സിറ്റിയിലെ നടക്കാവ് ജനമൈത്രി പോലീസായിരുന്നു പദ്ധതി നടപ്പാക്കിയത്.
അത്യാധുനിക സംവിധാനങ്ങളോടെയായിരുന്നു ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത്.സംസ്ഥാനത്ത് എത്തുന്ന മറുനാടന്‍ തൊഴിലാളികളുടെ പേരോ വിലാസമോ തിരിച്ചറിയല്‍ രേഖകളോ തൊഴിലുടമയുടെ പക്കല്‍ പോലുമില്ലാത്ത അവസ്ഥയായിരുന്നു.
ഇത് കേസന്വേഷണ ഘട്ടത്തില്‍ പോലീസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആധാര്‍ കാര്‍ഡ് മാതൃകയില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് നടക്കാവ് ജനമൈത്രി പോലീസ് തുടക്കമിട്ടത്.
പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഇതര സംസ്ഥാനക്കാരെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതാണ് യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനനേജ്മെന്റ് സിസ്റ്റം.
ഓരോ തൊഴിലാളിയുടെയും പേരും വിലാസവും ഫോട്ടോയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക്സ് രേഖകളും ശേഖരിക്കും വിധത്തിലാണ് ബയോമെട്രിക് പദ്ധതി നടപ്പാക്കിയിരുന്നത്.
വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം തൊഴിലാളികളുടെ പേരും ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ കാര്‍ഡും നല്‍കും.
തൊഴിലാളികള്‍ നല്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി അതത് സംസ്ഥാനങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിയമവിരുദ്ധമാണെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് പദ്ധതി ഒഴിവാക്കി.
നടക്കാവ് എസ്ഐയായിരുന്ന ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. ബൈജു, ഹോം ഗാര്‍ഡ് അബ്ദുല്‍ സലാം എന്നിവരായിരുന്നു പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറിങ്ങിയത്. 2016 ജൂണില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വരെ നടന്നിരുന്നു.