എഐ കാമറയെപ്പറ്റിയുള്ള ആശങ്കയില് വാഹനത്തില് വിശദാംശങ്ങള് പരിശോധിക്കാന് പരിവാഹന് സൈറ്റില് കയറിയ സര്ക്കാര് ഉദ്യോഗസ്ഥന് കണ്ടത് സ്വന്തം ബുള്ളറ്റിന്റെ അതേ നമ്പരില് രജിസ്റ്റര് ചെയ്ത ലോറി.
എടക്കാട് കുണ്ടുപറമ്പ് സ്വദേശിയും കാരപ്പറമ്പ് സര്ക്കാര് ഹോമിയോ കോളേജിലെ ക്ലര്ക്കുമായ നിഷാന്തിനാണ് ഈ അനുഭവം.
കോട്ടയം ട്രാഫിക് പോലീസിന്റെ കാമറയില് പതിഞ്ഞ ലോറിയും കോഴിക്കോട് ആര്ടി ഓഫീസില് രജിസ്റ്റര് ചെയ്ത തന്റെ റോയല് എന്ഫീല്ഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്.
ബുള്ളറ്റിന്റെ നമ്പരിലുള്ള ലോറിക്ക് പോലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയില് യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവര്ക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഡ്രൈവറായ ബിനു എന്നയാള് പിഴ അടയ്ക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന് നിഷാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവര് കൈമലര്ത്തുകയായിരുന്നു.
കോഴിക്കോട് ആര്ടി ഓഫീസില് വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും അവര് കൃത്യമായ മറുപടി നല്കിയില്ലെന്ന് നിഷാന്ത് പറയുന്നു.
എഐ ക്യാമറ വഴി പിഴ ചുമത്താന് തുടങ്ങിയതോടെ നിഷാന്ത് തന്റെ വാഹനത്തിന്റെ വിശദാംശം മോട്ടോര്വാഹന വകുപ്പിന്റെ വെബ്സൈറ്റില് കയറി തിരയുകയായിരുന്നു.
അപ്പോഴാണ് തന്റെ വാഹനത്തിന് 2022 ജൂലൈയില് പിഴ ചുമത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഇതിന്റെ വിശദാംശങ്ങള് തിരഞ്ഞപ്പോഴാണ് ഒരേ നമ്പരില് ബുള്ളറ്റും ലോറിയുമുണ്ടെന്ന് മനസിലായത്.