കോഴിക്കോട്: സംസ്ഥാനത്ത് എഐ കാമറകള് കണ്ണുതുറന്നതോടെ മോട്ടോര് വാഹനങ്ങളുടെ നിയമലംഘനങ്ങള് കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
കാമറകള് നിലവില്വന്ന തിങ്കളാഴ്ച രാവിലെ എട്ടുമുതല് രാത്രി 12 വരെ പതിനാറ് മണിക്കൂറിനുള്ളിൽ 63,851 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാത്രി 12 മുതല് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പതിനേഴ് മണിക്കൂറിനുള്ളിൽ 49,317 കേസുകളും.
ആദ്യദിനത്തില് ഒരു മണിക്കൂറിലെ ശരാശരി നിയമലംഘനം 3990.68 ആണെങ്കില് ചൊവ്വാഴ്ച ഇത് 2901 ആയി കുറഞ്ഞതായി കണക്കുകള് കാണിക്കുന്നു. വരും ദിവസങ്ങളില് നിയമലംഘനങ്ങളുടെ എണ്ണം പകുതിയായി കുറയുമെന്നാണ് വിലയിരുത്തല്.
വാഹനമോടിക്കുന്നവര് കനത്ത പിഴ ഭയന്ന് നിയമം അനുസരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. എഐ കാമറകള് പ്രവര്ത്തനക്ഷമമായശേഷമുള്ള 48 മണിക്കൂറില് 5.66 കോടി രൂപയാണ് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത്.
ഹെല്മെറ്റ് ധരിക്കാത്തതിന്റെയും സീറ്റ്ബെല്റ്റ് ധരിക്കാത്തതിന്റെയും പേരിലാണ് കൂടുതലും പിഴ ഈടാക്കിയത്.ഇരുചക്ര വാഹനത്തില് രണ്ടാമത് ഇരിക്കുന്നയാള് ഹെല്മെറ്റ് ധരിക്കാത്ത സംഭവങ്ങള് ഏറെയുണ്ടായി.
സീറ്റ് ബെല്റ്റ് ധരിക്കുന്ന കാര്യത്തില് യാത്രക്കാര് ശ്രദ്ധ ചെലുത്തിതുടങ്ങിയതായി ഉദ്യോഗസ്ഥര് പറഞ്ഞു. ഇതിനു രണ്ടും 500 രൂപ വീതമാണ് പിഴ.
ഒരേ നിയമലംഘനം ഒന്നിലധികം കാമറകള് കണ്ടെത്തിയാല് വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാന് യാത്രക്കാര്ക്ക് പ്രേരണയായി. അമിതവേഗത്തിനും യാത്രയ്ക്കിടയില് ഫോണ് ഉപയോഗിക്കുന്നതിനുമുള്ള നിയമലംഘനത്തില് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
സെർവർ തകരാർ പരിഹരിച്ചു; നോട്ടീസ് അയച്ചുതുടങ്ങി
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതിനെ തുടർന്ന് എഐ കാമറ വഴിയുള്ള പിഴ നോട്ടീസുകൾ അയച്ച് തുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് നിയമലംഘനം നടത്തിയവർക്കുള്ള പിഴ വിവരങ്ങൾ അടങ്ങിയ നോട്ടീസ് അയയ്ക്കുന്നത് ഇന്നലെ നിർത്തി വച്ചിരുന്നു.
സെർവറിലുണ്ട ായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. ഇന്ന് സാങ്കേതിക തകരാർ പരിഹരിച്ച് വീണ്ട ും നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട ്.
വാഹന ഉടമയ്ക്ക് നോട്ടീസ് ലഭിച്ചാൽ 15 ദിവസത്തിനകം പണം അടയ്ക്കണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ നിർദേശം. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി ഇന്നലെ ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് തിരുവനന്തപുരത്തും കുറവ് ആലപ്പുഴയിലും.