തിരുവനന്തപുരം: ഗതാഗതനിയമം ലംഘിക്കുന്നവർക്ക് ബോധവത്കരണ നോട്ടീസ് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. ഗതാഗത നിയമം ലംഘിച്ച് എഐ കാമറകളിൽ കുടുങ്ങുന്നവരെ ബോധവത്കരിക്കാനുള്ള നടപടിയാണു വൈകുന്നത്.
ഇതോടെ നിയമലംഘനങ്ങളും വർധിക്കുന്നുണ്ട്. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയയ്ക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല.
എഐ കാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി.
ആദ്യം പദ്ധതി ബോധവത്കരണം കൂടാതെ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഒരു മാസത്തേക്കു പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പു തീരുമാനിക്കുകയായിരുന്നു. ഇതാണു പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.
ലക്ഷക്കണക്കിനു നിയമ ലംഘങ്ങളുടെ നോട്ടീസാകും കണ്ട്രോൾ റൂം സജീവമാകുന്നതോടെ കെൽട്രോൺ ജീവനക്കാരുടെ മുന്നിലെത്തുക. പിഴയീടാക്കുമെന്ന പ്രചാ
രണമുണ്ടായപ്പോൾ നിയമലംഘനങ്ങള് കുറഞ്ഞുവെങ്കിലും തത്കാലത്തേക്കു ബോധവത്കരണം മതിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും നിയമലംഘനങ്ങൾ കൂടി. ലക്ഷക്കണക്കിനാളുകൾക്ക് നോട്ടീസ് അയയ്ക്കുന്നതിലെ പ്രയോഗിയതയും സംശയമാണ്.ി