തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോൾ പിഴ ഈടാക്കുന്നതു സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ പരിഹാരം തേടി ഗതാഗതവകുപ്പ്.
ഇത്തരം സന്ദർഭങ്ങളിൽ പിഴ ഒഴിവാക്കാൻ നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സംബന്ധിച്ച ആലോചനയ്ക്കായി ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന നടപടി കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ.
സംസ്ഥാനത്തിന് മാത്രമായി നിയമത്തിൽ ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കാനോ സാധിക്കില്ല. സംസ്ഥാനത്തിന്റെ ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ടു വയ്ക്കുക.