തിരുവനന്തപുരം: എഐ കാമറയിൽ പകർത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങും. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിർദേശം.
ഇന്നലെ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നടപടികൾക്ക് തുടക്കമായത്. ആദ്യദിനമായ ഇന്നലെ 38,520 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് വാഹനത്തിന്റെ ആർസി ഉടമയുടെ വിലാസത്തിൽ നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസിന് മുൻപ് എസ്എംഎസ് വഴി നിയമലംഘനം വാഹനഉടമയെ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.