തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റോഡ് നിയമലംഘനം നടത്തി കുടുങ്ങിയത് എംഎൽഎമാരുടെയും എംപിമാരുടെയും ഉൾപ്പെടെയുള്ള വാഹനങ്ങൾ.
വിഐപികളെ എഐ കാമറകളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം വന്നതിനു പിന്നാലെയാണ് നിയമലംഘനം നടത്തിയ എംഎൽഎമാരുടെയും എംപിമാരുടെയും എണ്ണം ഗതാഗത മന്ത്രി ആന്റണി രാജു പത്രസമ്മേളനത്തിൽ അറിയച്ചത്.
ഒരു എംപിയുടെ കാർ ആറു തവണ നിയമലംഘനം നടത്തി. ഇതേ പോലെ തന്നെ ഒരു എംഎൽഎയുടെ വാഹനം മൂന്നു തവണ റോഡിലെ നിയമം തെറ്റിച്ചുവെന്നും എന്നാൽ ഏതൊക്കെ ജനപ്രതിനിധികളാണ് നിയമലംഘനം നടത്തിയതെന്ന് വെളിപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
എംഎൽഎമാരുടെയും എംപിമാരുടെയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് കഴിഞ്ഞ മാസം പിഴ ചുമത്തിയിട്ടുണ്ട്.
2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളിലായി 313 പേർ മരിക്കുകയും 3,992 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.