തിരുവനന്തപുരം: എഐ കാമറ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം ചെലാൻ അയയ്ക്കുന്നത് അവതാളത്തിലായി.
ദിനം പ്രതി 25000 നിയമലംഘനങ്ങൾക്ക് ഇ-ചെലാൻ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകുമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കിയത്.
എന്നാൽ നിയമലംഘനം നടത്തിയവരുടെ ദൃശ്യങ്ങൾ കാമറ ഒപ്പിയെടുത്തെങ്കിലും നാല് ദിവസം പിന്നിട്ടിട്ടും സാങ്കേതിക തകരാറുകളും പ്രശ്നങ്ങളും കാരണം നിയമലംഘനം നടത്തിയവർക്ക് നോട്ടീസ് എത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
ഇതുവരെ 3000 ചെലാനുകൾ മാത്രമാണ് അയയ്ക്കാൻ കഴിഞ്ഞത്.എഐ കാമറയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഗതാഗതമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിൽ പ്രത്യേക അവലോകനയോഗം വിളിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും കെൽട്രോണ്‍ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഒന്നര ലക്ഷത്തിൽപ്പരം നിയമലംഘനങ്ങളാണ് കാമറയിൽ പതിഞ്ഞതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ആറ് കോടിയിൽപരം രൂപ പിഴ ഇനത്തിൽ നിയമലംഘനങ്ങൾക്ക് ഈടാക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും നോട്ടീസും ഇ ചെലാനും അയയ്ക്കാനായിട്ടില്ല.
എഐ കാമറ പകർത്തിയ നിയമലംഘനങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള വിഐപി വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്.
കാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ ഒഴിവാക്കുകയാണ്.
പരിവാഹൻ സൈറ്റിലെ പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർണമായും പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഗതാഗതവകുപ്പിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.