കോഴിക്കോട്: എഐ കാമറയ്ക്ക് ക്ലീന്ചിറ്റുമായി വ്യവസായ വകുപ്പ് എത്തിയതോടെ ജൂണ് അഞ്ചുമുതല് നിരത്തുകളില് കാമറ തെളിയുമെന്നുറപ്പായി. സര്ക്കാരരിന്റെ രണ്ടാം വാര്ഷിക ആഘോഷങ്ങള്ക്കിടെതന്നെ കാമറ പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം.
വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ കാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്.
പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണെന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കും.
ദിവസവും രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ ഇപ്പോൾ കാമറയിൽപ്പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയയ്ക്കേണ്ടി വരും.
നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയയ്ക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ ഒരു ദിവസം അയയ്ക്കാനാവു. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇരുചക്രവാഹനങ്ങളില് കുട്ടികളെ ഇരുത്തി മൂന്നുപേര് യാത്രചെയ്യുന്നത് നിയമലംഘനമാണെന്ന നിര്ദേശം പുനഃപരിശോധിച്ചേക്കും. ഇക്കാര്യങ്ങളെല്ലാം അന്തിമധാരണാപത്രത്തില് വ്യക്തത വരുത്തും.