തിരുവനന്തപുരം: റോഡുകളിലെ നിയമലംഘനത്തിന് കടിഞ്ഞാണിടാൻ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് (എഐ) കാമറകള്‍ 20മുതൽ പ്രവർത്തന സജ്ജമാകും.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് തടയുക എന്ന ഉദ്ദേശവും എഐ കാമറകൾ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.
എഐ കാമറകളിൽ പതിയുന്ന നിയമലംഘനത്തിന് 20 മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ ഖജനാവിലേക്ക് പ്രതിദിനം 25 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
തീർത്തും വ്യക്തമായ ചിത്രങ്ങൾ ഇത്തരം കാമറകളിൽ പതിയുമെന്നതിനാൽ നിയമലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാതാകും.
ഈ കാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്ടി വകുപ്പ് എന്നീവർക്ക് കൈമാറും കാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെJ സംസ്ഥാന -ജില്ല കണ്ട്രോള് റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍.
പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. 800മീറ്റർ പരിധിയിലെ നിയംലംഘനങ്ങൾ വരെ കാമറക്കണ്ണിൽ പതിയും. ഈ ദൃശ്യങ്ങളിൽ യാതൊരു തരത്തിലുമുള്ള കൃത്രിമങ്ങൾ നടത്താൻ സാധിക്കുകയില്ല.
രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങൾ ലഭിക്കും. സീറ്റ്ബെൽറ്റിടാത്തവരുടെ മുഖവും നമ്പർപ്ലേറ്റും വ്യക്തമാകും, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിലും കാമറക്കണ്ണിൽ പതിയും.
നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അഞ്ച് വർഷം സൂക്ഷിക്കാനുള്ള സംവിധാനം കൺട്രോൾറൂമിലെ ഡേറ്റാസെന്ററിലുണ്ട്. 726കാമറകളിലെയും ദൃശ്യങ്ങൾ ഒരുവർഷം സൂക്ഷിച്ചുവയ്ക്കും.
കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.
പിഴ ഇങ്ങനെ…
ഡ്രൈവിംഗിനിടയിൽ ഫോൺ വിളിച്ചാൽ 2000 രൂപ, അമിതവേഗത്തിന് 1500 രൂപ, ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നിവയ്ക്ക് 500 രൂപ, അനധികൃത പാർക്കിംഗിന് 250 രൂപ, മൂന്നു പേരുടെ ബൈക്ക് യാത്ര 1000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.