കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ സംസ്ഥാനത്തെ ആദ്യ അറസ്റ്റിന് പിന്നാലെ അന്വേഷണം കുടുതല്‍ വിപുലമാക്കുന്നു. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി നല്കുന്ന ഗുജറാത്തിലെ മെഹസേനയിലെ ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് മെഹ്സേനയില് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മെഹസേനയില്‍ ഓട്ടോഡ്രൈവറാണ് ഇയാള്‍. ഓട്ടോയില്‍ കയറുന്നവരുമായി സൗഹൃദം പങ്കിട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതി കൗശല്‍ഷാ നേപ്പാളിലേക്ക് കടന്നതായാണ് പോലീസ് നല്കുന്ന വിവരം.
നിരവധി മൊബൈല്‍ നമ്പറുകൾ ഉപയോഗിക്കുന്ന പ്രതിയെ പോലീസ് മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഗുജറാത്തിലും മുംബൈയിലും ഗോവയിലും, ബീഹാറിലും മാറി മാറി താമസിക്കുന്ന കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനു സഹായകരമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ: കേന്ദ്ര സർവീസിൽനിന്ന് റിട്ടയര്‍ ചെയ്ത കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണന്റെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്.
രാധാകൃഷ്ണന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും ഇപ്പോള്‍ അമേരിക്കയിലുള്ള ആന്ധ്രാ സ്വദേശിയുമായ സുഹൃത്ത് ആണെന്ന് പരിചയപ്പെടുത്തി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും വാട്സാപ്പ് വോയിസ് കോളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദത്തില്‍ പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
മുംബൈയിലെ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിക്ക് അടിയന്തിര സര്‍ജറിയുടെ ആവശ്യത്തിലേക്കായി 40,000 രൂപ ആവശ്യമുണ്ടെന്നും മുംബെയിലെത്തിയാല്‍ ഉടന്‍തന്നെ അയച്ച് തരാമെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
വീഡിയോ കോളില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖം വളരെ അടുത്ത് കാണിച്ചു കൊണ്ട് കുറച്ചു സെക്കന്‍ഡ് മാത്രം സംസാരിച്ച് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. വാട്സാപ്പ് വഴി നല്കിയ ഗൂഗിള്‍ പേ നമ്പറില്‍ പണം അയച്ചുകൊടുത്തപ്പോള്‍ ഉടന്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നു തട്ടിയെടുത്ത പണം ജിയോ പേയ്മെന്റ് ബാങ്കിന്റെ അഹമ്മദാബാദിലെ ഉസ്മാന് പുര ഭാഗത്തുള്ള കൗശല്‍ ഷായുടെ പേരില്‍ ഉള്ള അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗോവയിലെ ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തുകയായിരുന്നു.