കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് അതിവിദഗ്ധമായി.
കേരളത്തിൽ ആദ്യമായി കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാന്പത്തിക തട്ടിപ്പ് വ്യക്തമാക്കുന്നത് ഇനിയുള്ള നാളുകളിൽ അതീവ ശ്രദ്ധവേണമെന്നാണ്.
പരിചയക്കാരെന്നു നടിച്ച് ആരെങ്കിലും വീഡിയോ കോളിലൂടെ മുഖം കാണിച്ച് സാന്പത്തിക സഹായം ആവശ്യപ്പെട്ടാൽ ചാടിക്കയറി പണം അയയ്ക്കരുത്.
സുഹൃത്തിന്റെ നന്പറിലേക്ക് തിരിച്ചു വിളിച്ച് ശരിക്കും സുഹൃത്തുതന്നെയാണോയെന്ന് ഉറപ്പു വരുത്തണമെന്നാണ് പോലീസ് നൽകുന്ന പ്രധാന നിർദേശം.
സംശയകരമായ കോൾ ആണെങ്കിൽ ഉടൻ പോലീസിൽ വിവരം അറിയിക്കുകയും വേണം. ഏറെ ഗുണകരമായ എഐ സാങ്കേതിക വിദ്യയെ ഏതുവിധമൊക്കെ ദുരുപയോഗപ്പെടുത്താൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് കോഴിക്കോട് നടന്ന അന്പരിപ്പിക്കുന്ന സാന്പത്തിക തട്ടിപ്പ്.
കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനാണ് തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടമായത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖം കൃത്രിമമായി നിർമിച്ച് രാധാകൃഷ്ണനിൽനിന്നു തട്ടിയെടുത്ത പണം മഹാരാഷ്ട്ര രത്നാകർ ബാങ്കിലേക്കാണ് എത്തിയത്. ഈ അക്കൗണ്ട് കേരള പോലിസ് ഇടപെട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കോൾ ഇന്ത്യാ ലിമിറ്റഡിൽനിന്നു 12 വർഷം മുന്പ് വിരമിച്ച ആളാണ് പി.എസ്. രാധാകൃഷ്ണൻ. സർവീസിലുണ്ടായിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശിയാണെന്നു പറഞ്ഞാണ് ആദ്യം സന്ദേശങ്ങളും പിന്നീട് വിളിയും വന്നത്.
വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട ആൾ ഏകദേശം 30 സെക്കന്ഡ് മാത്രമാണ് സംസാരിച്ചത്. ഫോണിനു തൊട്ടടുത്തു പിടിച്ചു ചിത്രീകരിച്ച വീഡിയോ ആയിട്ടാണ് രാധാകൃഷ്ണന് തോന്നിയത്.
അതുകൊണ്ടുതന്നെ വീഡിയോ കോളിലുള്ള ആളുടെ മുഖം അത്രയ്ക്ക് വ്യക്തമായിരുന്നില്ല. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ആളുടെ നെറ്റിയും ചുണ്ടുമെല്ലാം അനങ്ങുന്നതായിട്ട് തോന്നിയിരുന്നു.
30 സെക്കൻഡിനുള്ളിൽ പഴയ സുഹൃത്തുക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സംസാരമെല്ലാം പെട്ടെന്നു കഴിഞ്ഞു. വീഡിയോ അത്രയ്ക്ക് വ്യക്തമായിരുന്നില്ല.
ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആൾക്ക് 40,000 രൂപ അയച്ചുകൊടുക്കണമെന്നാണ് വീഡിയോ കോളിൽ വന്ന ആൾ ആവശ്യപ്പെട്ടത്.
താൻ ദുബായിലാണെന്നും മുംബൈയിൽ എത്തിയാലുടൻ പണം നൽകുമെന്നും അറിയിച്ചതോടെ രാധാകൃഷ്ണൻ പണം അയച്ചു.
എന്നാൽ പണം അയച്ച ശേഷം വീണ്ടും സുഹൃത്ത് വിളിച്ച് കുറച്ചു പണം കൂടി ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇതു സുഹൃത്തുതന്നെയാണോ എന്നു സംശയം തോന്നിയത്.
സുഹൃത്തിന്റെ പഴയ നന്പർ തപ്പിപ്പിടിച്ച് വിളിച്ചപ്പോൾ രാധാകൃഷ്ണൻ ഞെട്ടി. അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
ഇതേ സമയം തന്നെ മറ്റു സുഹൃത്തുക്കൾക്കും ഇതേയാളുടെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നുവെന്ന് മനസിലായതോടെ തട്ടിപ്പാണെന്ന് വ്യക്തമാവുകയായിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് സുഹൃത്തിന്റെ മുഖം വ്യാജമായി നിർമിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാൽ ഉടൻ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നന്പറായ 1930ൽ അറിയിക്കാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.