നിങ്ങൾ എന്ന് മരിക്കും എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായൊരു ഉത്തരം പറയാൻ കഴിയില്ല. അതൊക്കെ വിധിപോലെ അല്ലേ എന്നായിരിക്കും ഭൂരിപക്ഷം പേരും പറയുന്നത്. എന്നാൽ മരണം എന്നാണ് സംഭവിക്കുക എന്ന് ഞങ്ങൾ പ്രവചിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഡെൻമാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.
കവടി നിരത്തിയോ കാർഡ് തെരഞ്ഞെടുത്തോ അല്ല മറിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവചനം. ഒരാളുടെ ശാരീരിക ക്ഷമത, മാനസിരാരോഗ്യം, വിദ്യാഭ്യാസം, ജോലി, ജീവിത സാഹചര്യങ്ങൾ, പണമിടപാടുകൾ തുടങ്ങി പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് എഐ ടെക്നോളജി ആയുസ് പ്രവചിക്കുന്നത്.
2008 മുതൽ 2020 വരെ ഡെൻമാർക്കിലെ ആറ് കോടിയോളം ജനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഈ പഠനത്തിൽ പോസിറ്റീവ് റിസൾട്ടാണ് ഉണ്ടായതെന്ന് ഗവേഷകർ പറഞ്ഞു. 2016 ജനുവരി ഒന്ന് മുതൽ മരണങ്ങൾ കൃത്യമായി പ്രവചിക്കാൻ തുടങ്ങിയെന്നും ഗവേഷകർ വ്യക്തമാക്കി.
എന്നാൽ പഠനത്തിനായി തെരഞ്ഞെടുത്തവരോട് അവർ എന്ന് മരിക്കുമെന്ന് ഗവേഷകർ പറഞ്ഞിട്ടില്ല. ആളുകളിൽ പരിഭ്രാന്തി പരത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ആയുസ് പ്രവചിക്കുക എന്നതിന് പുറമേ ആയുസ് കൂട്ടാൻ എന്തെല്ലാം ചെയ്യാമെന്നാണ് തങ്ങൾ ഇപ്പോൾ ആലോചിക്കുന്നതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.