കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പണം തട്ടിയ കേസില്‍ കുഴങ്ങി പോലീസ്. കേസിൽ അറസ്റ്റിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ ഡല്‍ഹിയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
കേസിൽ നേരത്തേ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയെകുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പ്രതികള്‍ നല്‍കുന്നത്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. മുഖ്യ ആസൂത്രകന്റെ പേര് പർവീൻ എന്നാണോ അതോ പ്രശാന്ത് എന്നാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
പർവീൻ എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവര്‍ പോലീസിനോട് പറയുന്നത്.
എന്നാൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ അറസ്റ്റിലായി ഡൽഹിയിലെ രോഹിണി ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷാ പറയുന്നത് പ്രശാന്ത് എന്ന പേരാണ്. മൂന്ന് പ്രതികളും പറയുന്ന വ്യക്തി ഒരാൾ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ തിരിച്ചറിയാനായി സൈബർ ക്രൈം പോലീസിലെ ഒരു സംഘം ഉടൻ ഗോവയിലേക്ക് അന്വേഷണത്തിനായി പോകുമെന്നാണ് വിവരം.
ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽനിന്ന് മുഖ്യ ആസൂത്രകനായ യുവാവിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റുപ്രതികൾ നൽകിയ മൊഴിക്ക് പലപ്പോഴും വിരുദ്ധമായ മറുപടികളാണ് കൗശൽ ഷായിൽ നിന്ന് ലഭിച്ചത്. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് ജൂലൈയിൽ സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്. നഷ്ടമായ തുക പരാതിക്കാരന് പോലീസ് ഇതിനകം വീണ്ടെടുത്ത് നൽകിയിരുന്നു.
സ്വന്തം ലേഖകന്‍