തിരുവനന്തപുരം: എല്ലാ അധ്യാപകർക്കും ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും പോക്സോ നിയമങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് ക്ലാസുകളുടെ പ്രവർത്തനം സജീവമാക്കും. എല്ലാ രക്ഷിതാക്കളും പിടിഎ അംഗത്വം നിർബന്ധമായും ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സ്കൂൾ പിടിഎയ്ക്കെതിരേയും മന്ത്രി പ്രതികരിച്ചു. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ ഫണ്ട് എന്ന പേരിൽ ഭീമമായ തുക പിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികളിൽ നിന്ന് പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധപൂർവം വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് പാടില്ല.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.