തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതെ സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിക്കാൻ രമേശ് ചെന്നിത്തല. അതേസമയം ഇക്കാര്യത്തിൽ പരസ്യപ്രസ്താവന നടത്തിയേക്കില്ല.
ദേശീയ രാഷ്ട്രീയത്തിൽ തനിക്കുള്ള പരിചയസമ്പത്ത് അവഗണിച്ചെന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. ഇക്കാര്യത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പ്രതിഷേധമറിയിച്ചു കത്തയയ്ക്കും.
കൂടാതെ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടേക്കും.
കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയ്ക്കു ശേഷം മറ്റു സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളും പരാതിയുമായി രംഗത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്.
39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് മൂന്നു നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ.സി. വേണുഗോപാല്‍, എ.കെ.ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തിട്ടുണ്ട്.