മുക്കം: കഴിഞ്ഞ രണ്ടു വർഷക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി പരിപൂർണ സ്വാതന്ത്ര്യത്തോടെ ലാലുവെന്ന ലാലുപ്രസാദ് ജന്മനാട്ടിലെത്തി.
ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യവേയാണ് തൊഴിലുടമയുടെ ചതിയിൽപ്പെട്ട് നാടുകടത്തലിനും ആറു മാസം ജയിൽശിക്ഷയ്ക്കും കൂടെ വലിയൊരു തുക പിഴയൊടുക്കാനും വിധിക്കപ്പെട്ടത്.
കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, കുറുവാടങ്ങല്‍ കേലത്ത് വീട്ടില്‍ രാമചന്ദ്രന്റേയും, ദേവകിയുടേയും മകനായ ലാലു പ്രസാദ് (29) ഇതോടെ തളര്‍ന്നു.
പിന്നീട് ലാലുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശ്രമത്തിലായി ചെറുവാടിയിലേയും പരിസരങ്ങളിലെയും ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൂട്ടായ്മ.
മാസങ്ങളായുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക് മടങ്ങാനായത്.
വ്യാജരേഖ ചമച്ച സ്ഥാപന ഉടമ അതിന്റെ ഉത്തരവാദിത്വം ജീവനക്കാരനായ ലാലുവില്‍ കെട്ടിവച്ചതാണ് കേസില്‍ ഉള്പ്പെടാനിടയാക്കിയത്.
സ്ഥാപനത്തിന്റെ ഉടമയുടെ മകള്‍ ലാലുവിന് ഒരു ഇ-മെയില്‍ അയക്കുകയും, അത് പ്രിന്റെടുത്ത് ഒരു വിലാസത്തില്‍ കൊറിയര്‍ ചെയ്യാന്‍ സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീ നിര്‍ദേശിക്കുകയും ചെയ്തു.
ജോലിക്കാരനെന്ന നിലയില്‍ ഉടമയുടെ നിര്ദേശമനുസരിക്കുകയായിരുന്നു ലാലു. അയച്ചത് വ്യാജ രേഖകളായിരുന്നു.
കൊറിയര്‍ ലഭിച്ച വ്യക്തി നല്കിയ പരാതിയില്‍ ദുബൈ പോലീസ് കേസെടുത്തുവെങ്കിലും സ്ഥാപന ഉടമ ലാലുവില്‍ നിന്നും ഇത് മറച്ചുവച്ചു.
സാങ്കേതികമായി കൊറിയര്‍ അയച്ച വ്യക്തിയെന്ന നിലയില്‍ ലാലുവിനെതിരെയാണ് പോലീസ് കേസെടുത്തത്.
ലാലുവിന്റെ മേല്‍ കുറ്റം ചുമത്താനായി വിസ ആവശ്യത്തിനെന്ന പേരില്‍ അറബിയില്‍ തയാറാക്കിയ ഡോക്യുമെന്റിലും സ്ഥാപന ഉടമ ലാലുവിനെക്കൊണ്ട് ഇതിനകം ഒപ്പുവെപ്പിച്ചിരുന്നു.
വൈകിയാണ് തനിക്കെതിരെ കേസെടുത്തകാര്യം ലാലു അറിയുന്നത്. കേസ് കോടതിയിലെത്തിയതോടെയാണ് നിയമപരമായി രക്ഷപ്പെടാന്‍ സ്ഥാപന ഉടമ മനപൂര്‍വ്വം ലാലുവിനെ ഇതില്‍ നേരിട്ട് ബന്ധപ്പെടുത്തുകയായിരുന്നു എന്ന് മനസിലായത്.
ഇരുപതിനായിരം ദിര്‍ഹം പിഴത്തുകയായി നല്‍കാനും ആറുമാസം ജയില്‍ ശിക്ഷയും തുടര്‍ന്ന് നാടുകടത്താനുമാണ് കോടതി വിധിച്ചത്.
ഇതോടെ നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ ലാലുപ്രസാദിന്റെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളുടെ നേതൃത്തിലുള്ള കൂട്ടായ്മ ലാലുവിന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമ പോരാട്ടം തുടരാന്‍ തിരുമാനിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ദുബൈ മര്‍കസ് സെക്രട്ടറി അബ്ദു സലാം സഖാഫി എരഞ്ഞിമാവ്, നാട്ടുകാരായ നസിം പാലിയിൽ, സി.ടി. അജ്മൽ ഹാദി, മുഹമ്മദ് മോൻ, ഹിഷാഫ് കാരിമ്പിനിക്കാട്, ഹുസൈൻ കക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമ നടപടികളും സഹായങ്ങളും പൂര്‍ത്തീകരിച്ചത്.
ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുമായി മണലാരുണ്യത്തിലെത്തിയ ലാലുവിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും തന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വീട്ടുകാർക്കുള്ള സമ്മാനപ്പൊതികളുമായാണ് അവർ യാത്രയാക്കിയത്.
താൻ ആഗ്രഹിച്ച പുതിയ ജീവിതത്തിലേക്ക് ലാലുവിനെ കൈപിടിച്ച് ഉയർത്തിയ ആ നല്ല മനസിന്റെ ഉടമകളായ പ്രവാസി സുഹൃത്തുക്കളോടും നാട്ടുകാരോടും കൈ കൂപ്പി നന്ദി പറയുകയാണ് ലാലു ഇപ്പോൾ.