കാസർഗോഡ്: ജില്ലയില്‍ നിലവില്‍ 857 എച്ച്ഐവി രോഗബാധിതരാണുള്ളത്. ഇതില്‍ 430 പേര് സ്ത്രീകളും 397 പേര് പുരുഷന്മാരും 14 പേര് ആണ്‍കുട്ടികളും 16 പേര് പെണ്‍കുട്ടികളുമാണ്.
ജില്ലയില്‍ 59 എച്ച്ഐവി കേസുകളിലും അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് അണുബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് ജ്യോതിസ് കേന്ദ്രങ്ങളും 19 ഫെസിലിറ്റേറ്റഡ് ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് പരിശോധനാ കേന്ദ്രങ്ങള്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലൈംഗികരോഗ ചികിത്സാ കേന്ദ്രമായ പുലരി, എച്ച്ഐവി ബാധിതരുടെ ചികിത്സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഉഷസ്,
സ്വവര്‍ഗാനുരാഗികള്‍, സ്ത്രീ ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍സ്, അന്യസംസ്ഥാന തൊഴിലാളികള്‍, ട്രക്കേര്സ് എന്നീ ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അഞ്ച് സുരക്ഷാ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
എച്ച്ഐവി പരിശോധന, എആര്‍ടി ചികിത്സ എന്നിവ സൗജന്യമാണ്. എച്ച്ഐവി ബാധിതനായി ഒരു കുട്ടിപോലും ജനിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികളും അവരുടെ ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസക്കാലയളവിനിടയില്‍ എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാകണം.
എച്ച്ഐവി പോസിറ്റീവ് ആകുകയാണെങ്കില്‍ എആര്‍ടി ചികിത്സയ്ക്ക് വിധേയമായി എച്ച്ഐവി അണുബാധയില്‍നിന്നും ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാം.
ഇതിനായി ജില്ലയുടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ എച്ച്ഐവി പരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ്.