കോട്ടയം: ലഹരി ലഭ്യതയും വില്‍പ്പനയും ഉപയോഗവും അനിയന്ത്രിതമായിരിക്കെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളിലും യുവജനങ്ങളിലും എച്ച്ഐവി അതിവ്യാപന സാധ്യതയെന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി വ്യക്തമാക്കി.
പുതുതായി എച്ച്ഐവി നിര്‍ണയിക്കപ്പെടുന്നവരുടെ പ്രായനിരക്ക് 18-25 വയസ് ആണെന്നും ആകെ എച്ച്ഐവി പോസിറ്റിവില് 15 ശതമാനം ഈ പ്രായക്കാരാണെന്നുമാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്ക്.
ഇവരേറെയും മയക്കുമരുന്ന നിറച്ച സിറിഞ്ച് കൈമാറി ഉപയോഗിച്ചവരാണെന്നും സ്ഥിരീകരിച്ചു. പത്തു വര്‍ഷം മുമ്പ് സംസ്ഥാനത്തെ എച്ചഐവി ബാധിതരുടെ ശരാശരി പ്രായം നാല്പതിനു മുകളിലായിരുന്നു. നിലവില്‍ സംസ്ഥാനത്തെ എച്ച്ഐവി ബാധിതര്‍ പതിനേഴായിരമാണ്.
മലപ്പുറം വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ച് ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തു പേര് എച്ച്ഐവി ബാധിതരായ സാഹചര്യത്തില്‍ ലഹരിയുടെ അതിവ്യാപനം ഏറെപ്പേരില്‍ വൈറസിനു കാരണമായിട്ടുണ്ടാകാം. സംസ്ഥാനത്തെ ഭയാനകമായ മയക്കുമരുന്ന് വ്യാപനത്തിന്റെ ദുരന്തമുഖമായി മാറുകയാണ് യുവജനങ്ങളിലെ എച്ച്ഐവി.
വ്യക്തിയുടെ സമ്മതംകൂടാതെ എച്ച്ഐവി നിര്‍ണയ പരിശോധന പാടില്ലെന്ന നിബന്ധന വ്യാപനത്തിന് ആക്കം കൂട്ടുന്നു. എയ്ഡ്സ് മറച്ചുവയ്ക്കുന്നവരും തിരിച്ചറിയാത്തവരും ഏറെപ്പേരാണ്. ഇവരില്‍നിന്ന് അനേകരിലേക്ക് വൈറസ് പടരാനും സാഹചര്യമുണ്ട്.
ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജന്‍ഡേഴ്സ്, സ്വവര്‍ഗാനുരാഗികള്‍ എന്നിവരിലെ വ്യാപനത്തേക്കാള്‍ ഏറെ ഉയര്‍ന്ന തോതിലാണ് ഇതരസംസ്ഥാന തൊഴിലാളികളിലെയും യുവജനങ്ങളിലെയും വ്യാപനം.
എച്ച്ഐവി ബാധിതര്‍ ലേബര്‍ ക്യാമ്പുകളില്‍ മറ്റുള്ളവര്‍ക്കൊപ്പം കഴിയുന്നതും സുരക്ഷിതമല്ല. വൈറസ് സ്ഥിരീകരിച്ചാല്‍ ഇവരുടെ ജീവിത പങ്കാളിയെയും പരിശോധനയ്ക്ക് വിയേയമാക്കണമെന്നതും പ്രായോഗികമല്ല. പങ്കാളികള്‍ സ്വന്തം സംസ്ഥാനത്തു കഴിയുന്നതിനാല്‍ അവര്‍ക്ക് ചികിത്സയോ ബോധവത്കരണമോ നല്കാന് സാഹചര്യമില്ല.
- റെജി ജോസഫ്