ഉത്തര്‍പ്രദേശില്‍ ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെയ്പ് നല്‍കിയതിനെത്തുടര്‍ന്ന് 46 പേര്‍ക്ക് എയ്ഡ്സ് ബാധ. ഉത്തര്‍പ്രദേശിലെ ബംഗര്‍മാവു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് എച്ച്.ഐ.വി ബാധിക്കാന്‍ കാരണമായത്. സംഭവത്തില്‍ കുത്തിവെയ്പ് നടത്തിയ രാജേന്ദ്ര യാദവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് ബംഗര്‍മാവു പോലീസ് അറിയിച്ചു. ചെറിയ പട്ടണമായ ബംഗാര്‍മാവുവില്‍ വ്യാജ ചികിത്സ നടത്തിയ രാജേന്ദ്രയാദവ് സംഭവം പുറത്തുവന്നതോടെ ഒളിവില്‍പ്പോയി.
പ്രദേശത്ത് എച്ച്.ഐ.വി പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യവിഭാഗം രണ്ടു പേരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി പ്രദേശത്തേക്കയച്ചത്. ഇവരുടെ അന്വേഷണത്തിലാണ് രാജേന്ദ്ര യാദവിന്റെ ചികിത്സയില്‍നിന്നാണ് എച്ച്.ഐ.വി പടരുന്നതെന്ന് കണ്ടെത്തിയത്. രോഗികളെ കുത്തിവയ്ക്കുന്നതിന് രാജേന്ദ്ര യാദവ് ഒരേ സിറിഞ്ചും സൂചിയുമാണ് ഉപയോഗിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സൈക്കിളില്‍ വീടുകളിലെത്തിയും രാജേന്ദ്ര യാദവ് ചികിത്സ നടത്തിയിരുന്നു. ചെറിയ തുകയ്ക്ക് എല്ലാ രോഗങ്ങള്‍ക്കും രാജേന്ദ്ര യാദവ് കുത്തിവയ്പ് നല്‍കിയിരുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുശീല്‍ ചൗധരി പറഞ്ഞു.
ബംഗാര്‍മാവുവില്‍ കഴിഞ്ഞവര്‍ഷമാണ് എച്ച്ഐവി പടരുന്നതായി കണ്ടെത്തിയത്. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 12 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. നവംബറില്‍ 13 പേര്‍ക്കുകൂടി എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ എച്ച്.ഐ.വി ബാധിച്ച എല്ലാവരും ഒരേ ആളില്‍നിന്ന് കുത്തിവയ്പ് എടുത്തതായി കണ്ടെത്തി. ഇതോടെ ബംഗാര്‍മാവുവിലെ പ്രേംഗഞ്ച്, ചക്മിര്‍പുര്‍ മേഖലകളില്‍ മെഡിക്കല്‍ക്യാമ്പ് നടത്തി 566 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍നിന്നാണ് 21 പേര്‍ക്കുകൂടി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്. എച്ച്ഐവി ബാധിച്ചവരെ കാണ്‍പുരിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് സുശീല്‍ ചൗധരി പറഞ്ഞു. വിഷയത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.