ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികൾ. അണുബാധയുള്ള സിറിഞ്ചുകൾ ഇഞ്ചക്ഷന് ഉപയോഗിച്ചതാണ് രോഗം പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഡോ. മുസാഫർ ഘാംഗ്രോയെ പോലീസ് അറസ്റ്റ് ചെയതു. അതേസമയം, താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുറ്റാരോപിതനായ ഡോ.മുസാഫർ ഘാംഗ്രോ.
ഇയാൾക്കും എയ്ഡ്സ് ഉണ്ടെന്നാണ് റിപ്പോർട്ട്. ഒരു കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. 410 കുട്ടികൾക്കും 100 മുതിർന്നവരിലുമാണ് എയ്ഡ്സ് ഇതുവരെ സ്ഥരീകരിച്ചത്.
സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ് എയ്ഡ്സ് പകർച്ചവ്യാധി പോലെ പടർന്നിരിക്കുന്നത്. ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ. ഇയാൾക്ക് പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട.്
എച്ച്ഐവി ബാധ പടർന്നതായി വാർത്തകൾ പുറത്തുവന്നതോടെ പരിശോധനയ്ക്കായി ദിനംപ്രതി നൂറുകണക്കിന് മാതാപിതാക്കളാണ് കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക് എത്തുന്നത്. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ രോഗബാധിതരായതായും റിപ്പോർട്ടുകളുണ്ട്.
പാക്കിസ്ഥാനിൽ 60,0000 വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് പ്രോഗ്രാം ഓണ് എയ്ഡ്സ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽത്തന്നെ 27,000 പേർ സിന്ധ് പ്രവിശ്യയിലാണുള്ളത്. പണം ലാഭിക്കാൻ വേണ്ടി ഒരേ സിറിഞ്ച് നിരവധി രോഗികളിൽ ഉപയോഗിക്കുന്നതാണ് എച്ച്ഐവി ബാധ ഇതുപോലെ വർധിക്കാൻ കാരണമെന്ന് സിന്ധ് എയ്ഡ്സ് കണ്ട്രോൾ പ്രോഗ്രാം മാനേജർ സിക്കന്ദർ മേമൻ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗവും ലൈംഗികവ്യാപാരവും വൻതോതിൽ വർധിച്ചതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ പാകിസ്താനിൽ എയ്ഡ്സ് രോഗം വ്യാപകമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ മാത്രം 20,000 പേർ രോഗബാധിതരായതായാണ് റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ സർക്കാർ നിരവധി മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.