ആലപ്പുഴ: കേരളത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 2018 സെപ്റ്റംബർ വരെ കേരളത്തിൽ 886 എച്ച്ഐവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം 1299 എച്ച്ഐവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2005ൽ 2627 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 6,69,622 പേർ സംസ്ഥാനത്ത് എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായി. എങ്കിലും എച്ച്ഐവി വാഹകരാണ് എന്നറിയാതെയും ആവശ്യമായ പരിശോധനയ്ക്ക് വിധേയരാകാതെയും ജീവിക്കുന്ന ഒട്ടേറെപ്പേർ ഉണ്ടെന്നാണ് കണ്ടെത്തൽ.
ആഗോളതലത്തിൽ 2030 ഓടെ എച്ഐവി അണുബാധ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുക എന്നതാണ് യുഎൻ ലക്ഷ്യമിടുന്നത്. കേരളത്തിൽ എച്ഐവി ബാധിതരായ 30,305 പേർ ഉണ്ടെന്നാണ് കണക്ക്. ആലപ്പുഴ ജില്ലയിൽ 2002 മുതൽ 2018വരെ 4,40,454 പേർ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 1400പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്ഐവി അണുബാധ സ്ഥിരീകരിക്കാനും തുടച്ചു നീക്കാനുമായി കേരളത്തിൽ 530 ജ്യോതിസ് കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ രണ്ടു മൊബൈൽ ഐസിടിസികളും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ഉണ്ട്.
ഇവിടങ്ങളിലെല്ലാം എച്ച്ഐ വി പരിശോധനയും കൗണ്‍സലിംഗും സൗജന്യമായി നൽകുകയും പരിശോധനാവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജിലും ഉഷസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. സ്ത്രീ ലൈംഗിക തൊഴിലാളികൾ, സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, ഭിന്നലിംഗക്കാർ എന്നിവർക്കിടയിലെ അണുബാധ ഭീഷണി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ സുരക്ഷാപദ്ധതിയിലൂടെ സർക്കാർ നടപ്പിലാക്കി വരികയാണ്.
ആലപ്പുഴ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജ് എൻസിസി 11 (കെ) ബിഎൻ ബറ്റാലിയൻ കേഡറ്റുകൾക്കായി എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി. റെഡ്ക്രോസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ഇക്ബാൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഷീന ജോർജ് ഉദ്ഘാടനം നിർവഹിച്ചു. റെഡ്ക്രോസ് ഒഫീഷ്യൽസ് എ.ആർ. ബാഷ, ബാബു ഗുരുദയാൽ, എൻസിസി യൂണിറ്റ് എഎൻഒ ഹെലെൻസി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരള എയ്ഡ്സ് കണ്ട്രോൾസ് സൊസൈറ്റി ആലപ്പുഴ ജില്ല പ്രൊജക്ട് മാനേജർ എബിൻ ടി. തോമസ്, പ്രവീണ്‍ കൊച്ചീക്കാരൻ എന്നിവർ ക്ലാസ് നയിച്ചു.ചേർത്തല: സെന്റ് മൈക്കിൾസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മാരാരി ബീച്ചിൽ എയ്ഡ്സ് ദിനാചരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
മാരാരിക്കുളം ഗ്രാമപഞ്ചായത്തംഗം വി. രാജു നിർവഹിച്ചു. കോളജ് വിദ്യാർഥികളുടെ റെഡ്റിബണ്‍ ഫോർമേഷൻ, പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഉൾപ്പെടുത്തി റെഡ് ബലൂണ്‍ പറപ്പിക്കൽ, ബോധവത്കരണ പ്രഭാഷണം, എയ്ഡ്സ്ദിന പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. പ്രോഗ്രാം ഓഫീസർമാരായ പ്രഫ. പി. പ്രതീഷ്, ഡോ. ടെനി ഡേവിഡ്, വോളന്റിയർ സെക്രട്ടറിമാരായ പി.ജെ. ജോജി, ശീതൾ ബ്രിട്ടോ, അമീർ ആഷിക്, അൻസണ് സൈറസ്, യദുകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബോധവത്കരണവുമായി നവദന്പതിമാർ
പറവൂർ: വിവാഹവേദിയിൽ എയ്ഡ്സ് ബോധവത്കരണവുമായി നവദന്പതിമാർ. എയ്ഡ്സ് ബോധവത്കരണത്തിനായി ചുവന്ന ബാഡ്ജ് അണിഞ്ഞുകൊണ്ടു വിവാഹിതരായിരിക്കുകയാണ് ആലപ്പുഴക്കാരായ അശ്വതി -ജിഷ്ണു ദന്പതിമാർ. പറവൂർ ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹ ചടങ്ങിലാണ് ദന്പതിമാർ ബാഡ്ജ് അണിഞ്ഞെത്തിയത്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തും പുന്നപ്ര വടക്ക് പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്നു സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായാണ് നവദന്പതിമാർ ബാഡ്ജണിഞ്ഞത്.
ഇവിടെ നടന്ന എയ്ഡ്സ് ദിനാചരണ ഉദ്ഘാടനം പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ നിർവഹിച്ചു. എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യം പുതു തലമുറയിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടത്തിയതെന്ന് അവർ പറഞ്ഞു. മെഡിക്കൽ ഓഫീസർ സുലേഖ റാണി എയ്ഡ്സ് ദിന ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ. റഫീക്ക്, വൈസ്പ്രസിഡന്റ് വി.കെ. വിശ്വനാഥൻ, ആശ വർക്കേഴ്സ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.