നിയാസ് മുസ്തഫ
എയ്ഡ്സ് രോഗിയെ നിരവധി പകർച്ചവ്യാധികൾ പിടികൂടും. ഒന്നിനു പിറകേ മറ്റൊന്നായി കൂട്ടത്തോടെ രോഗങ്ങളെത്തും. ഒരു രോഗത്തെ ഒതുക്കുന്പോൾ മറ്റൊരു രോഗം കലശലാകും. വളരെ വേദനാജനകവും ഭീകരവുമായിരിക്കും എയ്ഡ്സ് രോഗിയുടെ അന്ത്യം. കേന്ദ്ര നാഡീവ്യൂഹത്തെയും എയ്ഡ്സ് രോഗം ബാധിക്കുന്നു. മറവി മുതൽ ഒരുതരം ഭ്രാന്തുവരെ വരുന്നു. തളർച്ചയാവട്ടെ, തളർവാതം പോലെ കഠിനമാണ്.
1. ക്ഷയരോഗം-എയ്ഡ്സ് രോഗിക്ക് ആദ്യമായി പിടിപെടുന്ന രോഗം ക്ഷയരോഗമാണ്.
2. കാൻഡിഡ ആൽബിക്കാൻസ്- ഇതൊരുതരം പൂപ്പലാണ്. വായ്, നാവ്, അന്നനാളം എന്നിവയിലെല്ലാം പൂപ്പൽ ആക്രമിക്കുന്നു. ഭക്ഷണം കഴിക്കൽ വേദനാജകമാകും.
3.ന്യൂമോസിസ്റ്റിസ് കാരിനി ന്യുമോണിയ- ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. ഇതുമൂലമുള്ള മരണനിരക്ക് കൂടുതലാണ്. ന്യുമോണിയയുടേതുപോലുള്ള രോഗലക്ഷണങ്ങൾ.
4. സൈറ്റോമെഗാലോ – ഈ വൈറസ് അന്ധത, ന്യുമോണിയ, വയറിളക്കം എന്നിവയുണ്ടാക്കും.
5. ക്രിപ്റ്റോസ് പൊറീഡിയോസിസ്- ഈ വൈറസ് മാരകമായ വയറിളക്കമുണ്ടാക്കുന്നു.
6. ക്രിപ്റ്റോ കോക്കോസിസ്- നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗം. പനി, തലവേദന, ഓക്കാനം, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങൾ.
7.ടോക്സോ പ്ലാസ്മോസിസ്- ഈ രോഗാണു തലച്ചോറിൽ പഴുപ്പുണ്ടാക്കുന്നു.
8. മൈക്കോബാക്ടീരിയം ആവിയം ഇൻട്രാസെല്ലുലാരെ- ഈ രോഗാണു ശ്വാസകോശത്തെയും തലച്ചോറിനെയും ആക്രമിക്കുന്നു.
9. ഹെർപ്പിസ് സിംപ്ലക്സ് വൈറസ്- ചുണ്ട്, ജനനേന്ദ്രിയം, മലദ്വാരം എന്നിവിടങ്ങളിൽ ചെറിയ കുമിളകൾ ഉണ്ടാക്കും.
10. കപ്പോസി സാർക്കോമ- ചർമ അർബുദം. രോഗിയെ വിരൂപനാക്കുന്നു.
11. മതിഭ്രമം ഉണ്ടാകുന്നു. ശരീരം മെലിയുന്നു.
രോഗ പ്രതിരോധം
എയ്ഡ്സ് രോഗപ്രതിരോധത്തിന് സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതാണ് ആദ്യ പ്രതിരോധം. രോഗ ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് . ഒരു പരിധിവരെ നമ്മുടെ താല്പര്യം, പ്രവൃത്തി എന്നിവ മൂലം നമ്മൾ തന്നെ സന്പാദിക്കുന്ന രോഗമാണ് എയ്ഡ്സ് എന്നു പറയാം. അറിവില്ലായ്മയാണ് എയ്ഡ്സ് ബാധയ്ക്കു പ്രധാന കാരണം. രോഗത്തിന്റെ ഭീകരതയും പരിതാപകരമായ അവസ്ഥയും എല്ലാവരും മനസിലാക്കണം.
രക്തദാതാക്കളുടെ രക്തം എയ്ഡ്സ് വൈറസ് വിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് രോഗപ്രതിരോധത്തിൽ പ്രധാനമാണ്.
ഒരു പ്രാവശ്യം മാത്രം കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചികൾ ഉപയോഗിക്കുക. ചില രാജ്യങ്ങളിൽ ഒരു പ്രാവശ്യം ഉപയോഗിക്കാവുന്ന സൂചികൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഗർഭനിരോധന ഉറകൾ സൗജന്യമായി വിതരണം ചെയ്യുകയെന്നതാണ് മറ്റൊന്ന്. ഇതു പ്രധാനമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. മനുഷ്യന്റെ ലൈംഗിക പെരുമാറ്റത്തിൽ മാറ്റം വരുത്തുക, കൃത്രിമ ബീജ സംയോജനം അപകട രഹിതമാക്കുക, മയക്കുമരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കുക, രതിജന്യ വ്രണരോഗങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയും രോഗ പ്രതിരോധത്തിന്റെ ഭാഗമാണ്.
മയക്കുമരുന്നും എയ്ഡ്സും
മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ എയ്ഡ്സ് രോഗം വ്യാപകമായി കണ്ടുവരാറുണ്ട്. രോഗമുള്ളയാൾ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിച്ച് മറ്റൊരാൾ കുത്തിവയ്ക്കുന്നതിനെത്തുടർന്നാണ് ഇവർക്കിടയിൽ രോഗം വ്യാപകമാകുന്നത്. ലഹരിയോടുള്ള അടങ്ങാത്ത ആവേശംമൂലം അണുവിമുക്തമാക്കപ്പെട്ട സിറിഞ്ചാണോ ഉപയോഗിക്കുന്നതെന്നു പോലും ആരും നോക്കാറില്ല.
നിരവധി രാജ്യങ്ങളിൽ മയക്കുമരുന്നു കുത്തിവയ്പ് ഇപ്പോൾ നിയമവിരുദ്ധമാണ്. എങ്കിലും കുത്തിവയ്പ് തടയുക അത്ര എളുപ്പമല്ല. മയക്കുമരുന്ന് ഉപയോഗിക്കുന്ന രോഗികളെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാനും ചികിത്സ ലഭ്യമാക്കാനുമൊക്കെ ഏറെ പ്രയാസമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ലഹരിയുടെ അടിമകളായതിനാൽ ഇത്തരക്കാർ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കില്ലായെന്നതാണ് പ്രശ്നം. കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്നുകൾ ശരീരത്തിലെ എച്ച്ഐവി വൈറസിന്റെ പ്രവർത്തനത്തെ സജീവമാക്കും. മയക്കുമരുന്നു കുത്തിവയ്പിലേർപ്പെടുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശക്തമായ പ്രവർത്തനം ആവശ്യമാണ്.
രോഗം കുട്ടികളിൽ
1982ലാണ് കുട്ടികളിൽ എയ്ഡ്സ് രോഗം തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അമ്മയിൽനിന്നോ, അല്ലെങ്കിൽ രക്തദാനം വഴിയോ ആണ്. അമ്മയിൽനിന്ന് പകരുന്നതാണ് കൂടുതലും. സ്ത്രീകളിൽ രോഗം കൂടുന്നതനുസരിച്ച് കുട്ടികളിലും കൂടിക്കൊണ്ടിരിക്കും.
ആദ്യ മൂന്നുമാസക്കാലത്ത് ഗർഭസ്ഥശിശുവിന് രോഗാണുബാധയുണ്ടായാൽ, ജനനസമയത്ത് ഭാരം വളരെ കുറവായിരിക്കും. കാഴ്ചയിൽ വളരെ വികൃതവും ദയനീയവുമായിരിക്കും. അധികം കുട്ടികളെയും രോഗാണുബാധിക്കുക കുറച്ചുകൂടി വൈകിയ ഗർഭാശയ ജീവിതകാലത്തായിരിക്കും. ഇതിനാൽ ജനനസമയത്ത് കുട്ടിക്ക് യാതൊരു പ്രത്യേകതയും കാണില്ല. കുട്ടിക്കു രോഗാണുബാധയുണ്ടോ എന്നറിയാൻ ആറാം മാസത്തിലും ഒരു വർഷമാകുന്പോഴും രക്തപരിശോധന നടത്തണം. എയ്ഡ്സ് രോഗികളായ കുട്ടികൾ സാധാരണ ഉറക്കം തൂങ്ങികളായിരിക്കും. മാനസിക വളർച്ച കുറഞ്ഞവരായിരിക്കും. രോഗങ്ങൾ അവരെ അലട്ടിക്കൊണ്ടിരിക്കും. വയറിളക്കവും ന്യുമോണിയയും പിടിപെടും. ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ രണ്ടു വർഷത്തിൽ കൂടുതൽ കുട്ടികൾ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്.
സമൂഹത്തിന്റെ ഇടപെടൽ
എയ്ഡ്സ് രോഗിയോട് നമ്മുടെ സമൂഹം ക്രൂരമായി പെരുമാറിയ സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. രോഗബാധിതനാണെന്ന് ഒരാൾ മനസിലാക്കുന്ന നിമിഷം ആ രോഗിയുടെ മനസിനേൽക്കുന്ന ആഘാതം ആലോചിക്കാവുന്നതേയുള്ളൂ. അത്തരം സന്ദർഭങ്ങളിലെല്ലാം ഒരു കൈ കൊടുക്കൽ, നല്ലൊരു വാക്ക് ഇതെല്ലാം ആ രോഗിയെ സമാധാനിപ്പിക്കും. രോഗിയോട് അൽപ്പം സംസാരിക്കാനും അവരോട് സഹവസിക്കാനും അല്പം സമയം കണ്ടെത്തണം. ഇത്തരം കാര്യങ്ങൾ ആ രോഗിക്ക് കൂടുതൽ ആശ്വാസമാകും. രോഗിക്കു നല്ല പുസ്തകങ്ങൾ, സിഡികൾ, പൂക്കൾ , പഴങ്ങൾ ഇവയെല്ലാം നൽകണം. രോഗിയുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുക, രോഗിയോട് അഭിപ്രായങ്ങൾ ചോദിക്കുക, രോഗിയുമായി നടക്കാൻ പോകുക, ഭക്ഷണം കഴിക്കാൻ പുറത്തുപോകുക തുടങ്ങിയവയെല്ലാം രോഗിയുടെ ആത്മവീര്യം കൂട്ടും.
രോഗിയെ അറിഞ്ഞോ അറിയാതെയോ പരിചരിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയുമെല്ലാം മാനസികാവസ്ഥയും പഠനവിധേയമാക്കേണ്ടതുണ്ട്. എത്രതന്നെ മുൻകരുതലെടുത്താലും തങ്ങൾക്കും രോഗം പകരുമോയെന്ന ആശങ്ക അവരെ ശുശ്രൂഷിക്കുന്ന ചുരുക്കം ചിലർക്കെങ്കിലുമുണ്ട്. രോഗിയോടല്ല, രോഗത്തോടാണ് നമ്മുടെ യുദ്ധം എന്നതോർക്കണം.
തുടരും…