നിയാസ് മുസ്തഫ
എയ്ഡ്സ് രോഗിയും കൗണ്‍സലിംഗും തമ്മിൽ വലിയ ബന്ധമുണ്ട്. കൗണ്‍സലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗിയും ഉപദേശകനും തമ്മിലുള്ള ചർച്ചയാണ്. ഈ ചർച്ച ദീർഘകാലത്തേക്കോ ചുരുങ്ങിയ കാലത്തേക്കോ ആകാം. രണ്ട് ഉദ്ദേശ്യങ്ങളാണ് പ്രധാനമായും കൗണ്സലിംഗിനുള്ളത്. ഒന്ന് എച്ച്ഐവി വൈറസിന്റെ പകർച്ച തടയുക. മറ്റൊന്ന് എച്ച്ഐവി ബാധിതകർക്ക് ആശ്വാസം പകരുക.
വൈറസ് ബാധിതനായ ഒരാൾക്ക് നൽകുന്ന സഹായക കൗണ്‍സലിംഗ് കൊണ്ട് അയാളുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കും ക്ലേശങ്ങൾക്കും ഒരു ചെറിയ പരിഹാരം ഉണ്ടാക്കാൻ കഴിയും. എയ്ഡ്സ് രോഗ ചികിത്സയിൽ ഇത്തരം കൗണ്സലിംഗുകൾ ഉൾപ്പെടുത്താതിരുന്നാൽ ഗുരുതരമായ മാനസികാഘാതം രോഗിക്കും രോഗിയുടെ ബന്ധുക്കൾക്കും ഉണ്ടാകും.
വൈറസ് ബാധിതനാണെന്ന് അറിഞ്ഞാലുടൻ ചിലരെങ്കിലും ജീവനൊടുക്കാൻ ശ്രമിക്കാറു ണ്ട്. ഇതു തടയാൻ ഇത്തരം കൗൺസലിംഗ് ഏറെ സഹായമാകും. വൈറസ് ബാധിതർക്ക് കൗണ്സലിംഗുകൾ വഴി ലഭിക്കുന്ന മനോബലം വളരെ വലുതാണ്. സാമൂഹികമായ ഒറ്റപ്പെടലും രോഗത്തിന്റെ ഭീകരതയും അവരിൽ വലിയ ആഘാതമുണ്ടാക്കും. ഇത് ലഘൂകരിക്കാനും കൗണ്‍സലിംഗ് ഉത്തമമാണ്. ഓരോ വ്യക്തിയുടെയും വിവരങ്ങൾ പൂർണമായും രഹസ്യമായിട്ടാണ് കൗണ്‍സലർ കൈകാര്യം ചെയ്യുന്നത്. ഒരാളുടെയും വിവരങ്ങൾ അവർ ആരോടും വെളിപ്പെടുത്താറില്ല. കോടതികളിൽ മാത്രമേ രോഗികളുടെ വിവരം വെളിപ്പെടുത്താൻ അനുവാദമുള്ളൂ.
ജീവിതത്തിന് പ്രതീക്ഷ നൽകി, രോഗത്തിന്റെ കാഠിന്യത്തെ ലഘൂകരിച്ച് രോഗികളിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നതിൽ കൗണ്‍സലിംഗ് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്.
നാടുവിട്ടുള്ള സഞ്ചാരം
മലയാളികളെ സംബന്ധിച്ചിടത്തോളം നാടുവിട്ടുള്ള സഞ്ചാരം സർവസാധാരണമാണ്. തൊഴിൽതേടിയും സ്ഥലങ്ങൾ കാണാനുമൊക്കെ നാടുവിട്ടു യാത്ര ചെയ്യുന്നവർ വൈറസ് ബാധയേൽക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നുവച്ച് രോഗത്തെ ഭയന്ന് നാട്ടിൽനിന്ന് മാറി നിൽക്കേണ്ട ആവശ്യവുമില്ല. രോഗം പകരാതിരിക്കാനുള്ള സാഹചര്യങ്ങളിൽ ഉൾപ്പെടാതിരിക്കുക എന്നതാണ് പ്രധാനം.
രോഗിയെ പരിചരിക്കുന്പോൾ
എയ്ഡ്സ് രോഗിക്കു നമുക്ക് നൽകാവുന്നത് നല്ല പരിചരണം മാത്രമാണ്. സുഖപ്പെടുത്തുക എന്നതിനേക്കാൾ ഉപരി ശുശ്രൂഷിക്കുക എന്നതിനാണ് പ്രാമുഖ്യം. രോഗിയേയും രോഗിയുടെ ബന്ധുക്കളേയും രോഗത്തെക്കുറിച്ചു ബോധവത്കരിക്കുക എന്നത് പ്രധാനമാണ്. രോഗിക്ക് പല തരത്തിലുള്ള പ്രയാസങ്ങൾ ഓരോ ഘട്ടത്തിലും അനുഭവപ്പെടും. അപ്പോഴൊക്കെ രോഗിയോട് ദയയോടെയും സ്നേഹത്തോടെയും ആത്മവിശ്വാസം നൽകുന്ന തരത്തിലും വേണം പരിചരിക്കുന്നവർ പെരുമാറാൻ. രോഗിയെ ഒറ്റയായി വേർതിരിച്ച് പാർപ്പിക്കേണ്ട ആവശ്യമില്ല.
അതേസമയം ക്ഷയരോഗം, സന്നിപാത ജ്വരം ഇവയൊക്കെ ഉണ്ടെങ്കിൽ വേർതിരിച്ചു പാർപ്പിക്കണം. രോഗത്തെക്കുറിച്ച് രോഗി രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചുകാണാറുണ്ട്. എയ്ഡ്സ് രോഗം പോലെയുള്ളവയുടെ കാര്യത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കാൻ ആശുപത്രിക്കാർക്കു നിയമപരമായും സദാചാരപരമായുമുള്ള കടമയുണ്ട്. രോഗിയുടെ അറിവോ സമ്മതമോ ഇല്ലാതെ രോഗിയുടെ മേൽവിലാസം മറ്റുള്ളവർ അറിയരുത്.
രോഗപ്രതിരോധ തന്ത്രങ്ങൾ
ജനങ്ങൾക്ക് മികച്ച ആരോഗ്യവിദ്യാഭ്യാസം നൽകുക എന്നതുമാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. ആരോഗ്യവിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ എയ്ഡ്സിനെ നന്നായി പ്രതിരോധിക്കാനാവും.
കാലങ്ങളായി ആരോഗ്യപ്രവർത്തകർ അവലംബിച്ചിരിക്കുന്നതും ഈ മാർഗമാണ്. ഇതിന്റെ ഫലമായി രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയാനായിട്ടുണ്ട്. ഇതിനുപിന്നിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ വലിയൊരു ശ്രമം തന്നെയുണ്ടായിട്ടുണ്ട്. പൊതുവേ കേരളീയർ രോഗത്തെക്കുറിച്ച് കൂടുതലായി മനസിലാക്കിയവരാണ്. മികച്ച രീതിയിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നവരുമാണ്. നമ്മുടെ സന്നദ്ധസംഘടനകൾക്കും ആരോഗ്യപ്രവർത്തകർക്കും ജാഗ്രതയോടെ പ്രവർത്തിക്കാനാവുന്നത് വലിയൊരു നേട്ടമാണ്.
ഇവയിലൂടെ രോഗം പകരില്ല
കൊതുകു കടി, പാത്രങ്ങൾ സഹകരിച്ച് ഉപയോഗിക്കുക, രോഗിയോടൊത്ത് താമസിക്കുക, രോഗിക്കു കൈ കൊടുക്കുക, തൊടുക, കടകളിൽ മുടി വെട്ടുക, രോഗി പാകം ചെയ്തതു ഭക്ഷിക്കുക, ഒരാളുടെ വസ്ത്രങ്ങൾ മറ്റൊരാൾ മാറി ധരിക്കുക, രോഗിയുടെ വീട്ടിലെ മൃഗങ്ങളെ മേയ്ക്കുക, രോഗബാധയുള്ള വ്യകതിയുടെ അടുത്തിരിക്കുക, പൊതു കക്കൂസ് ഉപയോഗിക്കുക, രോഗിയുമൊത്തു കളിക്കുക, ചുമയ്ക്കുക, തുമ്മുക, സംസാരിക്കുക, നീന്തൽക്കുളത്തിലോ പുഴയിലോ നീന്തുക, പുതിയതും വൃത്തിയുള്ളതുമായ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തിവയ്ക്കുക എന്നീ കാര്യങ്ങളിലൂടെയൊന്നും രോഗം പകരില്ല.
കിംവദന്തികളും പ്രചരിക്കുന്നുണ്ട്
എയ്ഡ്സ് രോഗം മറ്റുള്ളവരിലേക്ക് പകർത്താൻ ആളുകൾ കൂടുന്നിടത്ത് സിറിഞ്ചുമായി രോഗമുള്ളയാൾ എത്തുന്നുവെന്നൊക്കെ പറഞ്ഞ് അടുത്തിടെ ധാരാളം കിംവദന്തികൾ പരന്നിട്ടുണ്ട്. ഇതിലൊന്നും യാതൊരു സത്യവുമില്ലെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ വ്യക്തമാക്കുന്നത്. എച്ച് ഐ വി വൈറസ് ബാധിതനായ ഏതൊരാൾക്കും മികച്ച കൗൺസലിംഗും മറ്റും നൽകുന്നതുകൊണ്ട് സമൂഹത്തിലേക്ക് തങ്ങളുടെ രോഗം പകർത്താൻ ആരും തുനിയാറില്ലെന്നും ഇത്തരം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
ജയിലുകളിൽ എച്ച്ഐവി ബാധിതർ ഉണ്ടെങ്കിലും മികച്ച കൗൺസലിംഗും ചികിത്സയും നൽകുന്നതുകൊണ്ട് ജയി ലുകളിൽ രോഗം മറ്റൊരാളിലേക്ക് പകരുന്നില്ല. ഇതു കൂടാ തെ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കും ഡോക്ടർ മാർക്കുമൊക്കെ വൈറസ് പകരാതിരിക്കാനുള്ള മുൻകരുത ലെന്ന നിലയ്ക്ക് 28ദിവസം നീളുന്ന പിഇപി ചികിത്സയും നൽകാറുണ്ട്.
തുടരും…