ആലപ്പുഴ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ എഐഡിഎസ്ഒ സ്ഥാനാർഥി വി.പി. വിദ്യയുടെ നോമിനേഷൻ തള്ളിയ നടപടി പിൻവലിക്കുവാൻ സർവകലാശാല ഉത്തരവായി. എസ്എഫ്ഐയുടെ എതിരില്ലാത്ത വിജയം ഉറപ്പാക്കാൻ ബാലിശമായ കാരണങ്ങൾ നിരത്തി തന്റെ നോമിനേഷൻ തളളുകയായിരുന്നുവെന്നു കാണിച്ചു വിദ്യ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.
ഈ പരാതി പരിശോധിച്ചുകൊണ്ടാണ് വിദ്യയുടെ നോമിനേഷൻ സ്വീകരിക്കാൻ യൂണിവേഴ്സിറ്റി നിർദേശിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് വിദ്യ പത്രിക സമർപിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ എസ്എഫ്ഐ ഉന്നയിച്ച എല്ലാ വാദങ്ങളും റിട്ടേണിംഗ് ഓഫീസർ ഏകപക്ഷീയമായി അംഗീകരിച്ചുകൊണ്ടാണ് വിദ്യയുടെ നോമിനേഷൻ തള്ളിയത്.
തുടർന്ന് റിട്ടേണിംഗ് ഓഫീസർക്ക് റിവ്യൂ പെറ്റിഷൻ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അതിനാൽ സർവകലാശാല വൈസ് ചാൻസലറെ സമീപിക്കുകയുമായിരുന്നുവെന്നും വിദ്യ പറഞ്ഞു. വ്യാഴാഴ്ച സൂക്ഷ്മപരിശോധന കഴിഞ്ഞയുടൻ എതിരില്ലാത്ത വിജയം ആഘോഷിച്ച് എസ്എഫ്ഐ പ്രകടനം നടത്തിയിരുന്നു.
കാന്പസ് ജനാധിപത്യത്തിനായുളള പോരാട്ടത്തിലെ നിർണായകമായ വിജയമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാല തീരുമാനമെന്ന് എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് അഭിപ്രായപ്പെട്ടു.