മദ്യപാനിയായ മുത്തച്ഛനോടൊപ്പം വുർനോസ് വളർന്നു. പതിനൊന്ന് വയസ് എത്തിയപ്പോഴേക്കും അവൾ ഒരു സ്ത്രീയുടെ രൂപഭാവത്തിലേക്കു വളർന്നിരുന്നു.
അവളുടെ ആകാര സൗന്ദര്യത്തിൽ മദ്യപാനിയായ ആ മനുഷ്യന്റെ കണ്ണുടക്കി. തന്റെ സംരക്ഷണയിൽ കഴിയുന്ന വുർനോസിനെ തനിക്ക് തോന്നുംപടി ഉപയോഗിക്കാമെന്ന ചിന്ത അയാളെ മൃഗമാക്കി മാറ്റി.
അവളെ എങ്ങനെയെങ്കിലും തന്റെ ഇംഗിതങ്ങൾക്ക് ഉപയോഗിക്കണമെന്ന പൈശാചിക ചിന്ത അയാളിൽ ശക്തിപ്പെട്ടു. അങ്ങനെയൊരു ദിവസം ലോകത്തൊരു മുത്തച്ഛനും ചെയ്യാൻ പാടില്ലാത്ത ആ കൊടുംക്രൂരത അയാൾ ചെയ്തു.
വുർനോസ് അതിക്രൂരമായി കടന്നാക്രമിക്കപ്പെട്ടു. എന്നു മാത്രമല്ല, ഇതൊന്നും പാപമല്ലെന്നും സാധാരണ കാര്യമാണെന്നും അവളെ പറഞ്ഞു പഠിപ്പിച്ചു.
തനിക്കു വഴങ്ങിയില്ലെങ്കിൽ അയാൾ അവളെ ഉപദ്രവിച്ചു തുടങ്ങി. വേറെ വഴിയില്ലാത്തതിനാൽ അവൾ പല ക്രൂരതകൾക്കും ഇരയായി മാറി. അവളുടെ മനസും മറ്റൊരു രീതിയിലേക്കു പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു.
അയാളുടെ കൂട്ടാളികളും
എന്നാൽ, കാര്യങ്ങൾ ആ മദ്യപാനിയിൽ ഒതുങ്ങിയില്ല. അയാളുടെ മദ്യപാന സംഘത്തിലെ കൂട്ടാളികളും വുർനോസിനെ ലക്ഷ്യമിട്ടെത്തി. കേവലം 14 വയസ് മാത്രമുള്ള പെൺകുട്ടി അവരുടെ ക്രൂരതകൾക്ക് ഇരയായി മാറി.
പല ദിവസങ്ങളിലും അവർ മാറി മാറി ആക്രമിച്ചു. ഈ ബന്ധത്തിൽ അവൾ ഗർഭിണിയായി. ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ വളർത്താനുള്ള ശേഷിയും സാഹചര്യങ്ങളും ഇല്ലാത്തതിനാൽ ഈ കുഞ്ഞിനെ പിന്നീടവൾ ദത്തു നൽകി.
അവൾക്ക് 15 വയസ്സുള്ളപ്പോൾ മുത്തച്ഛനുമായി അവൾ ഉടക്കി. അയാളെ എതിർത്തതിന്റെ പേരിൽ അവളെ വീട്ടിൽനിന്നു പുറത്താക്കി. പിന്നീട് എങ്ങനെയെക്കെയോ ആയി ജീവിതം. 21 വയസുള്ളപ്പോൾ അവളുടെ സഹോദരൻ മരിച്ചു. വൈകാതെ അവളുടെ മുത്തച്ഛനും ജീവനൊടുക്കി.
തെറ്റായ വഴികളിൽ
15-ാം വയസിൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ട വുർനോസ് വുർനോസിന്റെ മുന്നിൽ തികഞ്ഞ ശൂന്യതയും അനിശ്ചിതത്വവുമായിരുന്നു. എങ്ങോട്ടുപോകുമെന്ന ചോദ്യം അവളെ എത്തിച്ചതു നഗരത്തിന്റെ ഇരുണ്ട തെരുവുകളിലാണ്.
തെറ്റുകളിലേക്കു വഴുതി വീണ അവളെ തേടി പലരുമെത്തി. പണം വാങ്ങി അവർക്കൊക്കെ തന്നെ ശരീരം അവൾ നൽകി. വേശ്യാവൃത്തി മാത്രമല്ല മോഷണവും അടിപിടിയുമെല്ലാം പതിവായി.
വൈകാതെ അവളുടെ ചെയ്തികൾ പോലീസിനും തലവേദന സൃഷ്ടിച്ചുതുടങ്ങി.
ധൂർത്തടിച്ച് ജീവിതം
അവളുടെ സഹോദരൻ കീത്ത് അന്നനാളത്തിലെ കാൻസർ മൂലമായിരുന്നു മരിച്ചത്. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടു വുർനോസിന് 10,000 ഡോളർ ലൈഫ് ഇൻഷ്വറൻസിൽനിന്നു ലഭിച്ചു.
പക്ഷേ, ഈ തുക വുർനോസ് ആഡംബര ജീവിതത്തിനായി ധൂർത്തടിക്കുകയാണ് അവൾ ചെയ്തത്.
അക്കാലത്തെ ഏറ്റവും മോഡൽകൂടിയ ഒരു കാർ അവൾ സ്വന്തമാക്കി. ആ കാറിൽ മദ്യപിച്ചു ഡ്രൈവ് ചെയ്തപ്പോൾ ഒരിക്കൽ അവൾ പിടിക്കപ്പെട്ടു.
ആ ഇനത്തിൽ അവൾക്ക് 105 ഡോളർ പിഴ കിട്ടി. സഹോദന്റെ പണത്തിൽനിന്ന് അവൾ പിഴ അടച്ചു. അങ്ങനെ അധ്വാനിക്കാതെ കൈയിൽവന്ന പണമെല്ലാം ധൂർത്തടിച്ചു നശിപ്പിച്ചു. ഇതിനിടയ്ക്ക് ഒരു വിവാഹത്തിനും അവൾ തുനിഞ്ഞു. (തുടരും)